ADVERTISEMENT

ഇരുണ്ട ആകാശത്തുനിന്ന് മിന്നൽ കണക്കെ ഭൂമിയിലേക്ക് പായുന്ന തീഗോളത്തിന്റെ ദൃശ്യങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ്  സമൂഹമാധ്യമങ്ങൾ. മലേഷ്യയിലെ ജോഹർ ബഹ്റു എന്ന സ്ഥലത്താണ് പച്ചനിറത്തിൽ  മിന്നൽ വെളിച്ചം പ്രത്യക്ഷപ്പെട്ടത്. ഒരു വാഹനത്തിൻറെ ഡാഷ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ജോഹർ ബഹ്റുവിൽ ഫെബ്രുവരി 12 ആം തീയതി വെളുപ്പിന് 5 മണിക്കാണ് ഈ പ്രതിഭാസം കാണപ്പെട്ടത്. ഏതാണ്ട് അതേ സമയത്ത് തന്നെ സിംഗപ്പൂരിലും ഇതേ വെളിച്ചം കണ്ടതായി റിപ്പോർട്ടുകളുണ്ട്. ഇരുണ്ട ആകാശത്ത് പൊടുന്നനെ പ്രത്യക്ഷപ്പെട്ട വെളിച്ചം  ഏതാനും സെക്കൻഡുകൾ മാത്രം നീണ്ടു നിൽക്കുന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. 

അതേസമയം മലേഷ്യയിലും സിംഗപ്പൂരിലും ഫെബ്രുവരി 12 ന് രാവിലെ 5 മണിക്കും 5:02നു മിടയിൽ  നാല് അഗ്നി ഗോളങ്ങൾ ദൃശ്യമായതായി ഉൽക്കകളെ കുറിച്ച് പഠനം നടത്തുന്ന രാജ്യാന്തര സംഘടനയും സ്ഥിരീകരിച്ചിട്ടുണ്ട്.  സംഘടനയുടെ വെബ്സൈറ്റിലെ വിവരങ്ങളനുസരിച്ച്  മലേഷ്യയിൽ കണ്ട വെളിച്ചം 3.5 സെക്കൻഡും സിംഗപ്പൂരിൽ ഏത് 1.5 സെക്കൻഡുമാണ് നീണ്ടുനിന്നത്.

അതേസമയം ഹോളിവുഡ് സിനിമകളിൽ കാണുന്നതുപോലെ അന്യഗ്രഹജീവികൾ ഭൂമിയെ ആക്രമിക്കാൻ എത്തിയതാണിതെന്നും, അതല്ല ഏതെങ്കിലും റോക്കറ്റുകളുടെ ഭാഗം തിരികെ ഭൂമിയിലേക്കു പതിച്ചതാകാമെന്നും ദൃശ്യങ്ങൾ കണ്ടവർ അഭിപ്രായപ്പെടുന്നു. എന്നാൽ രാവിലെയും വൈകുന്നേരവും ശുക്ര ഗ്രഹത്തെക്കാൾ അധികം പ്രകാശിക്കുന്ന ഉൽക്കകൾ ഭൂമിയിലേക്കു പതിച്ചതാകാമെന്ന് അമേരിക്കൻ മെറ്റിയർ സൊസൈറ്റിയും പ്രസ്താവിക്കുന്നു. ഇത്തരത്തിൽ ഭൂമിയിലേക്ക് പതിക്കുന്ന ഉൽക്കകൾ ഭൗമാന്തരീക്ഷം കടക്കുന്നതോടെ സ്വയം എരിഞ്ഞ് അഗ്നി ഗോളങ്ങളായി മാറുകയാണ് ചെയ്യുന്നത്.

ഓൾ സിംഗപ്പൂർ സ്റ്റഫ് എന്ന ഫേസ്ബുക്ക് പേജിലാണ്  മിന്നൽ പ്രകാശത്തിൻറെ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം നാലു ലക്ഷത്തിൽപരം ആളുകൾ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Green Light Flashing across Skies of Malaysia and Singapore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com