ADVERTISEMENT

ഒരുപക്ഷേ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കിടയില്‍ തന്നെ നടന്ന ജീവികളുടെ ഏറ്റവും വലിയ കൂട്ടത്തോടെയുള്ള മരണമായിരിക്കും ഇക്കുറി ഓസ്ട്രേലിയയില്‍ സംഭവിച്ചത്. ഇതുവരെയുള്ള കണക്കുകള്‍ വച്ച് ഏതാണ്ട് 50 കോടിക്ക് മുകളില്‍ ജീവികള്‍ കാട്ടുതീയില്‍ പെട്ടും, കാട്ടു തീയുമായി ബന്ധപ്പെട്ടുണ്ടായ മറ്റ് പ്രശ്നങ്ങളാലും കൊല്ലപ്പെട്ടിട്ടുണ്ട്. ഇപ്പോഴും കാട്ടുതീ പൂര്‍ണമായും അടങ്ങിയിട്ടില്ലെന്നതിനാല്‍ ജീവികളുടെ മരണ സംഖ്യ 100 കോടി കടന്നാലും അദ്ഭുതപ്പെടേണ്ടതില്ലെന്നാണ് ശാസ്ത്രലോകം കരുതുന്നത്.

അതേസമയം ഇത്തരത്തില്‍ ജീവികള്‍ കൂട്ടത്തോടെ മരിക്കുമ്പോള്‍ പ്രകൃതിയില്‍ എന്താണ് സംഭവിക്കുക ?. അവയുടെ ശരീരങ്ങള്‍ കൂട്ടത്തോടെ അഴുകുന്നത് പ്രകൃതിയില്‍ എങ്ങനെയാണ് മാറ്റങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയ ചോദ്യങ്ങള്‍ ഗവേഷകര്‍ക്കിടയില്‍ സജീവമാണ്. ഇതാദ്യമായല്ല ഗവേഷകര്‍ ഇത്തരം ഒരു ചോദ്യത്തിന് ഉത്തരമന്വേഷിക്കുന്നത്. ലോകത്തിന്‍റെ പല മേഖലകളിലായി പല കാരണങ്ങള്‍ കൊണ്ടും ഇത്തരം കൂട്ട മരണങ്ങള്‍ സംഭവിക്കാറുണ്ട്. പ്രത്യേകിച്ചു ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പ്രതിസന്ധികളും വർധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. 

2015 ല്‍ കസാക്കിസ്ഥാനില്‍ ഉയര്‍ന്ന ചൂട് മൂലം പെരുകിയ ബെയ്ന്‍ ബാക്ടീരിയ ഇരുപത്തിയയ്യായിരത്തിലധികം മാനുകളെ ആഴ്ചകള്‍ക്കുള്ളില്‍ കൊന്നൊടുക്കിയത് കാലാവസ്ഥാ മാറ്റം സൃഷ്ടിച്ച സമാനമായ പ്രതിസന്ധിക്ക് ഉദാഹരണമാണ്. കൂടാതെ 2016 ല്‍ ഏതാണ്ട് നാനൂറോളം റെയ്ന്‍ഡിയറുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്, ലക്ഷക്കണക്കിന് കടല്‍പക്ഷികള്‍ അലാസ്കയുടെ തീരത്ത് ചത്തടിയുന്ന പ്രതിസന്ധി ഇപ്പോഴും തുടരുന്നതുമെല്ലാം ജീവികളുടെ സമീപകാലത്തുള്ള കൂട്ട മരണങ്ങള്‍ക്ക് ഉദാഹരണമാണ്. 

മൃതദേഹങ്ങള്‍ അഴുകുമ്പോള്‍

ഇത്തരത്തില്‍ കൂട്ടമരണങ്ങള്‍ നടക്കുമ്പോള്‍ പ്രകൃതിയില്‍ അത് പല വിധത്തിലുള്ള ആഘാതമുണ്ടാക്കാറുണ്ട്. ഒരേ ഇനം ജീവികളുടെ മരണം ഭക്ഷ്യശൃംഖലയെ തന്നെ തകിടം മറിക്കും. ഉദാഹരണത്തിന് ഓസ്ട്രേലിയയിലെ കാട്ടുതീയില്‍ പെട്ട കോല വര്‍ഗത്തില്‍ പെട്ട ജീവികള്‍ കൂട്ടത്തോടെ മരിച്ചത് ആ മേഖലയില്‍ യൂക്കാലിപ്സ് മരങ്ങള്‍ വര്‍ധിക്കുന്നതിന് ഇടയാക്കും. കാരണം കോലകള്‍ അല്ലാതെ മറ്റൊരു ജീവി  വര്‍ഗവും യൂക്കാലിപ്സ് ദഹിപ്പിക്കാന്‍ കഴിവുള്ളവരല്ല. അതേപോലെ തന്നെയാണ് കാട്ടുതീയില്‍ പെട്ട കംഗാരുക്കളും, മുയലുകളും മറ്റും കൂട്ടത്തോടെ ചത്തൊടുങ്ങിയത് ആ മേഖലയിലെ വേട്ടമൃഗങ്ങളായ ഓസ്ട്രേലിയന്‍ കാട്ടുപട്ടികള്‍ അഥവാ ഡിംഗോകളുടെ ഭാവി തുലാസിലാക്കുന്നത്.

പ്രകൃതയിലെ ഭക്ഷ്യശൃംഖലെയ ഈ മരണങ്ങള്‍ ബാധിക്കുന്നതിനൊപ്പം തന്നെ ഈ ജീവികളുടെ മൃതദേഹങ്ങള്‍ അഴുകുന്നതും സാരമായ ചലനങ്ങള്‍ പരിസ്ഥിതിയില്‍ സൃഷ്ടിക്കുന്നുണ്ട്. ഇതേക്കുറിച്ച് പഠിക്കാനായി ഒരു സംഘം ഗവേഷകര്‍ നടത്തിയ ശ്രമം അല്‍പം കഠിനമായിരുന്നു. സാധാരണഗതിയില്‍ വനമേഖലയില്‍ ജീവികള്‍ കൂട്ടത്തോടെ ചത്താല്‍ അത് പുറത്തറിയാന്‍ താമസിക്കും. അതുകൊണ്ട് തന്നെ കേട്ടറിഞ്ഞ് പ്രദേശത്ത് ചെല്ലുമ്പോഴേക്കും മൃതദേഹത്തിന്‍റെ അഴുകല്‍ തുടക്കം മുതല്‍ തന്നെ നിരീക്ഷിക്കാന്‍ സാധിക്കില്ല.

ഈ സാഹചര്യത്തിലാണ് കൃത്രിമമായി ഒരു കൂട്ടഅഴുകലിന്‍റെ സാഹചര്യം ഒരു സംഘം ഗവേഷകര്‍ സൃഷ്ടിച്ചത്. ഇതിനായി ഗവേഷകര്‍ ഉപയോഗിച്ചത് നാല്‍പ്പതോളം കാട്ടു പന്നികളുടെ മൃതശരീരങ്ങളായിരുന്നു. ഫ്ലോറിഡ സര്‍വകലാശാലയിലെ മാര്‍ക്കസ് ലാഷ്‌ലി, ഡേവിഡ് മാന്‍സണ്‍ എന്നീ ഗവേഷകരാണ് ഈ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മാസ്സ് മോര്‍ട്ടാലിറ്റി ഇവന്‍റ് അഥവാ എംഎംഇ നടക്കുമ്പോള്‍ ശവശരീരങ്ങള്‍ കിടക്കുന്ന പ്രദേശത്തെ മാറ്റങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു പഠനത്തിന് പിന്നിലെ ലക്ഷ്യം.

കൃഷിയിടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്ന കാട്ടുപന്നികളെ കെണി വച്ച് കൊല്ലുന്നവരുടെ സഹായത്തോടെയാണ് ഗവേഷകര്‍ ഇതിനുള്ള സാഹച്യമൊരുക്കിയത്. ഇത്തരത്തില്‍ കൊല്ലപ്പെട്ട പന്നികളെ തുറസ്സായ സ്ഥലത്ത് പലയിടത്തായി വിതറിയിട്ടാണ് പഠനമാരംഭിച്ചത്. എല്ലാ പന്നികളെയും ഒരു പോലെ കിടത്തുകയല്ല ചെയ്തത്. ചില പന്നികളെ ഉള്‍ക്കാട്ടിലും ഗവേഷര്‍ നിക്ഷേപിച്ചിരുന്നു. തുറസ്സായ സ്ഥലത്തും, ഉള്‍ക്കാട്ടിലും കിടക്കുന്ന മൃതദേഹങ്ങളില്‍ വരുന്ന മാറ്റവും കൂടി നിരീക്ഷിക്കുകയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം.

മൃതദേഹങ്ങള്‍ എത്തിച്ച് അല്‍പസമയത്തിനകം തന്നെ ഇവയുടെ മണം പിടിച്ച് ഈച്ചകളെത്തി. ഈച്ചകള്‍ അരിച്ചു തുടങ്ങി ഏതാനും സമയം പിന്നിട്ടപ്പോഴേക്കും കഴുകന്‍മാര്‍ ആകാശത്ത് വട്ടമിടാന്‍ തുടങ്ങി. ഇങ്ങനെ ഏതാനും ദിവസം പിന്നിട്ടപ്പോഴേക്കും പല മൃതദേഹങ്ങളും ഗ്യാസ് നിറഞ്ഞ് പൊട്ടിത്തെറിച്ചു. ഇതോടെയാണ് ശരീരത്തിനുള്ളിലുണ്ടായിരുന്ന പുഴുക്കളെ കൊണ്ട് ആ പ്രദേശം മുഴുവന്‍ നിറഞ്ഞത്. ഇതോടെ കാഴ്ചയിലും മണത്തിലും ഉള്ള അസഹ്യത സഹിക്കാന്‍ വയ്യാതെ ഗവേഷകർ നിരീക്ഷണം ഏറെ ദൂരെ നിന്നാക്കി. ദിവസത്തില്‍ ന്നോ രണ്ടോ തവണ മാത്രം അടുത്തെത്തി നിരീക്ഷിച്ചു മടങ്ങും. ഏതാനും ദിവസങ്ങള്‍ കൂടി പിന്നിട്ടതോടെ പുഴുക്കളും, പ്രാണികളും മുതല്‍ കഴുകന്‍മാര്‍ ഉള്‍പ്പടെയുള്ള പക്ഷികള്‍ വരെ ഉത്സാഹിച്ച് പല ശവശരീരങ്ങലുടെയും സ്ഥാനത്ത് രോമങ്ങളും അസ്ഥികളും മാത്രം ബാക്കിയാക്കി.

അതേസമയം ചത്തു കിടന്ന ജീവികളുടെ എണ്ണം കൂടുതലായതിനാല്‍ പൂപ്പല്‍ ബാധിച്ച് അഴുകി തീരാതെ ചീഞ്ഞളിഞ്ഞ ശരീരങ്ങളും അവിടെ ബാക്കിയായി. ഇവയാകട്ടെ മാരകമായ തോതില്‍ അപകടകാരികളായ വൈറസുകളുടെയും, ബാക്ടീരിയകളുടെയും വാസസ്ഥാനമായി ഇതിനകം മാറിക്കഴിഞ്ഞിരുന്നു. ഇതുതന്നെയാണ് പഠനത്തിലൂടെ ഗവേഷകര്‍ മനസ്സിലാക്കാന്‍ ശ്രമിച്ചതും. പഠനത്തിനുപയോഗിച്ചത് അന്‍പതില്‍ താഴെ മാത്രം പന്നികളുടെ ശവശരീരങ്ങളായിരുന്നു. എന്നാല്‍ പ്രകൃതിയില്‍ കൂട്ടത്തടെ മരണപ്പെടുന്നത് ആയിരക്കണക്കിനും, ലക്ഷക്കണക്കിനും ജീവികളാണ്.

ആഗോളതാപനം വർധിക്കുന്നതോടെ ഇത്തരം കൂട്ടമരണങ്ങള്‍ വർധിക്കുന്നു എന്നത് തന്നെയാണ് ഗവേഷകരെ ആശങ്കപ്പെടുത്തുന്നതും. ഇത്തരം കൂട്ടമരണങ്ങള്‍ വർധിക്കുന്നു എന്നതിര്‍ത്ഥം ഇവ തിന്നു തീര്‍ക്കാന്‍ മറ്റ് ജീവികളില്ലാതെ അവയെല്ലാം അഴുകിയും ചീഞ്ഞളിഞ്ഞും മാരകമായ രോഗങ്ങളും മറ്റും പകരാന്‍ കാരണമാകുന്നു എന്നതാണ്. അതുകൊണ്ട് തന്നെ ഭാവിയില്‍ വർധിക്കാന്‍ സാധ്യതയുള്ള ഇത്തരം ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത് കൂടിയാണ് ഈ പഠനത്തിലെ കണ്ടെത്തലുകളും. 

English Summary: Tons of Rotting Pig Carcasses Are Teaching Us What Happens During Mass Animal Die-Offs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com