ADVERTISEMENT

അഞ്ച് പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം മഴവിൽ നിറങ്ങളിൽ മനോഹരമായ പാമ്പിനെ ഫ്ലോറിഡയിൽ കണ്ടെത്തി. ഒക്കാല വനത്തിൽ നിന്നാണ് പാമ്പിന്റെ ചിത്രം പകർത്തിയതെന്ന് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. വനത്തിനുള്ളിലൂടെ നടന്നുനീങ്ങുന്നതിനിടെ ട്രേസി കയ്തെൻ എന്ന വ്യക്തിയാണ് നാലടി നീളമുള്ള പാമ്പിനെ യാദൃശ്ചികമായി കണ്ടത്. ഫാരൻസിയ എറിട്രോഗ്രമ്മ ( Farancia erytrogramma,) എന്ന ഇനത്തിൽപ്പെട്ടതാണ് ഫ്ലോറിഡയിൽ കണ്ടെത്തിയ  മഴവിൽ പാമ്പ്. കൂടുതൽ സമയവും വെള്ളത്തിൽ ചിലവഴിക്കുന്നവരാണ് മഴവിൽ പാമ്പുകൾ. അതിനാൽ ഇവയെ കണ്ടെത്തുക പ്രയാസകരവുമാണ്.

ഒക്കാല വനത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന റോഡ്മാൻ ജലസംഭരണി വരണ്ടതോടെ വനത്തിലേക്ക് പാമ്പ് കുടിയേറിയതാകാമെന്നാണ് കരുതുന്നത്. 1969 ന് ശേഷം മരിയൻ കൗണ്ടിയിൽ ആദ്യമായാണ് മഴവിൽ പാമ്പിനെ  കണ്ടെത്തുന്നതെന്ന് ഫ്ലോറിഡ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററി സ്ഥിരീകരിച്ചു. അരുവികളിലും ചതുപ്പുനിലങ്ങളും തടാകങ്ങളിലും ഒക്കെ മറഞ്ഞിരിക്കുന്ന പ്രകൃതക്കാരാണ് ഈ ഇനത്തിൽ പെട്ട പാമ്പുകൾ. ആരൽ മീനുകളെയാണ് പ്രധാനമായും ഇവ ഭക്ഷണമാക്കുന്നത്. 

ചുവന്ന നിറത്തിലെ വരകളാണ് ഇവയുടെ ശരീരത്തിൽ എടുത്തു കാണുന്നത്. കണ്ടാൽ ഉഗ്രവിഷമുള്ളവയെന്ന് തോന്നുമെങ്കിലും ഇവയെ വിഷമില്ലാത്ത പാമ്പുകളുടെ വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. വേഗത്തിൽ ഇണങ്ങുന്ന പ്രകൃതമാണ് മഴവിൽ പാമ്പുകൾക്കുള്ളത്. മരപ്പട്ടികളും വലിയ ഇനത്തിൽപ്പെട്ട പാമ്പുകളും ചിലയിനം പക്ഷികളുമൊക്കെ ഇവയെ വേട്ടയാടി ഭക്ഷണമാക്കാറുണ്ട്. 

വെർജീനിയ മുതൽ ലൂസിയാന വരെ നീണ്ടു കിടക്കുന്ന തീരപ്രദേശങ്ങളിലാണ്  മഴവിൽ പാമ്പുകളെ കൂടുതലായി കാണാറുള്ളത്. ഒന്നര മീറ്റർ വരെ നീളമുണ്ടാകാറുള്ള ഇവയെ നിറം കൊണ്ട് തന്നെ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും. നീലകലർന്ന കറുപ്പുനിറവും കടും ചുവപ്പു നിറത്തിലുള്ള വരകളും വയറിന്റെ ഭാഗത്ത് കറുത്ത പുള്ളികളോടു കൂടിയ പിങ്ക് നിറവും തലയിലും ശരീരത്തിൻറെ വശങ്ങളിലും ഇടകലർന്ന മഞ്ഞ നിറവുമാണ് ഇവയ്ക്കുള്ളത്. ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ കണക്കുകളനുസരിച്ച് പതിനായിരത്തിന് മുകളിൽ മഴവിൽ പാമ്പുകളാണുള്ളത്. എന്നാൽ ഇവയുടെ എണ്ണത്തിൽ കാര്യമായ കുറവ് സംഭവിക്കുന്നുണ്ട്. 

 2007ന് ശേഷം ഇവയുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കെടുപ്പുകൾ നടന്നിട്ടില്ല. ആരൽ മത്സ്യങ്ങളുടെ എണ്ണത്തിൽ കുറവ് വന്നതിനെ തുടർന്ന് ഭക്ഷണം ലഭിക്കാതെ വരുന്നതും ഇവയുടെ നിലനിൽപ്പിനു ഭീഷണിയാണ്.

English Summary: Elusive rainbow snake spotted in Florida national forest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com