ADVERTISEMENT

വ്യത്യസ്തമായ രീതിയിൽ തങ്ങളുടെ രാജാവിന്റെ പിറന്നാൾ ആഘോഷിക്കാനൊരുങ്ങുകയാണ് ഭൂട്ടാൻ. ഫെബ്രുവരി 21ാം തീയതി ആയിരുന്നു ഭൂട്ടാൻ രാജാവായ ജിഗ്മേ ഖേസർ നംഗ്യാൽ വാങ്ചുക് നാൽപതാം പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി  രാജാവിനുള്ള സമ്മാനമെന്നോണം  രാജ്യത്തെ എല്ലാ പൗരന്മാരും  തെരുവുനായ്ക്കളെ ദത്തെടുത്ത് വളർത്താനും മരങ്ങൾ നടാനും ആഹ്വാനം ചെയ്തിരിക്കുന്നത് ഭൂട്ടാൻ പ്രധാനമന്ത്രിയായ ഡോക്ടർ ലോട്ടേ ഷെറിങ് ആണ്.

പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം ഭൂട്ടാനിൽ തെരുവുനായ്ക്കളുടെ എണ്ണം പെരുകുന്നത് മൂലം നിരവധി പ്രശ്നങ്ങളാണ് നിലനിൽക്കുന്നത്. പൊതുജനങ്ങളെ  തെരുവുനായ്ക്കൾ കടിക്കുന്നതടക്കമുള്ള സംഭവങ്ങൾക്ക്  ഒരുപരിധിവരെ തടയിടാൻ ഇത്തരം നീക്കത്തിലൂടെ സാധിക്കുമെന്നാണു കണക്കുകൂട്ടൽ. പല രാജ്യങ്ങളിലും ഇത്തരം സാഹചര്യങ്ങളിൽ തെരുവുനായ്ക്കളെ കൊന്നൊടുക്കുന്ന പ്രവണതയാണ് നിലനിൽക്കുന്നത്. എന്നാൽ മനുഷ്യത്വപരമായ രീതിയിൽ പ്രശ്നത്തിന് പരിഹാരം കാണാനാണ് ഭൂട്ടാന്റെ ശ്രമം. 

ആഭ്യന്തര വളർച്ചാനിരക്കുകളുടെ കണക്കുകളെടുക്കുന്നതിനേക്കാൾ ഉപരി രാജ്യത്തെ ജനങ്ങളുടെ സന്തോഷത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് പ്രഖ്യാപിച്ച രാജാവാണ് ജിഗ്മേ ഖേസർ നംഗ്യാൽ വാങ്ചുക്. മനുഷ്യത്വത്തിന് പ്രാധാന്യം നൽകുന്ന അദ്ദേഹത്തിന് നൽകാൻ പറ്റുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണിതെന്ന് ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ പ്രസ്താവിച്ചു.

നായ്ക്കളെ ദത്തെടുക്കുന്നതിനും മരങ്ങൾ നടുന്നതിനും പുറമേ അടുത്ത 12 മാസകാലയളവിൽ മാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമാക്കാൻ  ജനങ്ങൾ  ശ്രമിക്കണമെന്നും പ്രധാനമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാജാവിനു നൽകാൻ കഴിയുന്ന ഏറ്റവും നല്ല പിറന്നാൾ സമ്മാനമായിരിക്കും ഇതെന്ന് പ്രധാനമന്ത്രി പറയുന്നു.

ലോകത്തിലെ ഏറ്റവും സന്തോഷം നിലനിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിൽ തന്നെ ഇടംപിടിച്ച രാജ്യമാണ് ഭൂട്ടാൻ. 72 ശതമാനവും വനങ്ങൾ നിറഞ്ഞ രാജ്യം കാർബൺ വികരണം തടയുന്നതിന് പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കയറ്റുമതിക്കായി മരങ്ങൾ മുറിക്കുന്നത് മുൻപുതന്നെ രാജ്യം നിരോധിച്ചിരുന്നു. ഈ വർഷം കൊണ്ട് എല്ലാ മേഖലയിലും നൂറുശതമാനവും ജൈവ രീതികൾ പിന്തുടരണമെന്ന ലക്ഷ്യവും ഭൂട്ടാൻ മുന്നോട്ടുവെക്കുന്നുണ്ട്.

English Summary: Citizens Of The Kingdom Of Bhutan Are Urged To Adopt Stray Dogs & Plant Trees In Honor Of The King’s Birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com