ADVERTISEMENT

ഫ്രാൻസിന്റെ പടിഞ്ഞാറൻ പ്രദേശമാണ് ബ്രിട്ടനി. അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കിറങ്ങി നിൽക്കുന്ന പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഈ പ്രദേശത്തിന് പിന്നെയും പ്രത്യേകതകളേറെ. ഒട്ടേറെ ബീച്ച് റിസോർട്ടുകളുമായി പ്രശസ്ത ടൂറിസം കേന്ദ്രം കൂടിയാണിത്. ചരിത്രകാരന്മാരെ സംബന്ധിച്ച് പ്രാചീന കാലത്തെ പ്രത്യേക ശിലാസ്തംഭങ്ങളും ഇവിടെ പലയിടത്തായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ 1970കളിൽ ബ്രിട്ടനിയിലെ പാറക്കൂട്ടങ്ങൾക്കിടയിൽ ഒരു പ്രത്യേക ശിലാഫലകം നാട്ടുകാരില്‍ ചിലരുടെ കണ്ണിൽപ്പെട്ടു. വേലിയിറക്ക സമയത്ത് കടലിറങ്ങുമ്പോൾ മാത്രമേ ആ പാറ കാണാനാകുമായിരുന്നുള്ളൂ. ഏകദേശം ഒരു മീറ്റർ ഉയരമുള്ള ആ പാറയിൽ കോറിയിട്ട ചില വരികളാണ് പിന്നീട് ലോകശ്രദ്ധയാകർഷിച്ചത്. 

 Mysterious, centuries-old rock inscription finally deciphered
വിജയികൾ ശിലാഫലകത്തിനു സമീപം

ഏകദേശം 20 വരികളുണ്ടായിരുന്നു പാറയിൽ. പക്ഷേ എന്താണ് എഴുതിയിരിക്കുന്നതെന്നു മാത്രം ആർക്കും പിടികിട്ടിയില്ല. വല്ലാത്തൊരു ഭാഷ. അതു പ്രാചീന കാലത്ത് ഉപയോഗിച്ചിരുന്നതാണെന്നു ഗവേഷകർ കണ്ടെത്തി. മാത്രവുമല്ല ചില അക്ഷരങ്ങൾ തലകീഴായും തിരിച്ചുമെല്ലാം ഉപയോഗിച്ചിട്ടുണ്ട്. പലതരം ഭാഷകളാണ് അതിൽ ഉപയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തി. എഴുതിയതിന്റെ അർഥം മാത്രം ആർക്കും മനസ്സിലായില്ല. വർഷങ്ങളോളം പലരും പരിശ്രമിച്ചു, തോൽവിയായിരുന്നു ഫലം. ഒടുവിൽ പ്രാദേശിക സർക്കാരിന്റെ നേതൃത്വത്തിൽ ഒരു മത്സരം നടത്താൻ തീരുമാനിച്ചു. പാറയിലെ വരികളുടെ യഥാർഥ അർഥം കണ്ടെത്തുന്നവർക്ക് 2000 യൂറോ (ഏകദേശം 1.67 ലക്ഷം രൂപ)യായിരുന്നു സമ്മാനം പ്രഖ്യാപിച്ചത്. 

നാളുകൾക്കു ശേഷം 61 എന്‍ട്രികളെത്തി. ചരിത്രകാരന്മാരുടെ സമിതി അതു പരിശോധിച്ചു. അത്രയും കാലം ആ ശിലാഫലകത്തിലെ വരികളിൽ ഒളിച്ചിരുന്നത് ഒരു മരണത്തിന്റെ രഹസ്യമായിരുന്നു. രണ്ടു പേർ ഇക്കാര്യം കണ്ടെത്തി, അവർക്കു സമ്മാനത്തുക വീതിച്ചു നൽകും. ഏകദേശം 230 വർഷത്തെ പഴക്കമുണ്ടായിരുന്നു ആ എഴുത്തിന്. 1786, 1787 എന്നീ വർഷങ്ങൾ അതിൽ വ്യക്തമായിരുന്നു. കെൽറ്റിക് ഭാഷാ വിദഗ്ധനും അധ്യാപകവുമായ നോയൽ റെനെ ടൂഡിക് ആയിരുന്നു വരികൾക്കു പിന്നിലെ അർഥം കണ്ടെത്തിയ ഒരാൾ– പട്ടാളക്കാരനായ  ഒരാളുടെ വഞ്ചി കൊടുങ്കാറ്റിൽപ്പെട്ടു മറിഞ്ഞതിന്റെ ഓർമയ്ക്ക് അദ്ദേഹത്തിന്റെ സുഹൃത്ത് രേഖപ്പെടുത്തിയതാണ് ശിലാഫലകത്തിലെ വരികളെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. 

 Mysterious, centuries-old rock inscription finally deciphered

പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടനിയിൽ നിലനിന്നിരുന്ന ബ്രെട്ടോൺ ഭാഷ അറിയാവുന്ന ഒരാളാണ് അതെഴുതിയത്, പക്ഷേ പൂർണ സാക്ഷരത നേടിയ ഒരാളായിരുന്നില്ല. അതിന്റേതായ പ്രശ്നങ്ങളാണ് വരികളിൽ കണ്ടത്. ശരിക്കു തുഴയാനറിയാത്ത വ്യക്തി കൊടുങ്കാറ്റിനിടെ കടലിലേക്കിറങ്ങിയപ്പോൾ വഞ്ചി മറിയുകയായിരുന്നുവെന്നും ആ വരികൾ പറയുന്നു. ചരിത്രകാരനായ റോജർ ഫാലിഗോയായിരുന്നു രണ്ടാം വിജയി. അദ്ദേഹത്തിന്റെ കണ്ടെത്തിയതിന് അൽപം വ്യത്യാസമുണ്ട്. 

ബ്രെട്ടോൺ ഭാഷയിലാണ് എഴുത്തെങ്കിലും ചിലയിടത്ത് വെൽഷ് ഭാഷ ഉപയോഗിച്ചിട്ടുണ്ട്. ബ്രിട്ടനിയിൽ ഗോത്രവിഭാഗക്കാർക്കിടയിൽ പ്രാദേശികമായി പ്രയോഗിച്ചിരുന്നതാണ് വെൽഷ് ഭാഷ. ധൈര്യവാനായിരുന്ന ഒരു വ്യക്തിയെപ്പറ്റിയാണ് ശിലാഫലകത്തിൽ പറയുന്നത്. ദ്വീപിൽ എങ്ങനെയോ കുടുങ്ങിപ്പോയ അദ്ദേഹം പ്രതികൂല അവസ്ഥയിൽപ്പെട്ട് മരിച്ചു എന്നാണ് വരികൾ വ‍്യക്തമാക്കുന്നതെന്നും അവർ പറയുന്നു. ഫ്രഞ്ചും സ്കാൻഡിനേവിയൻ ഭാഷയുമൊക്കെ ചേർന്ന വരികളിൽ പൊതുവായി രണ്ടു പേരും കണ്ടെത്തിയത് മരണം, ദ്വീപ്, കടൽ, പ്രതികൂലമായ അവസ്ഥ തുടങ്ങിയ കാര്യങ്ങളായിരുന്നു. 

ഫ്രഞ്ച് വിപ്ലവത്തിനും ഏതാനും വർഷം മാത്രമുള്ള ആ ശിലാഫലകത്തിലെ വരികൾക്കൊപ്പം കപ്പലിന്റെയും കുരിശിന്റെയും ഹൃദയത്തിന്റെയും ചിത്രങ്ങളുമുണ്ടായിരുന്നു. ഫ്രാൻസിൽനിന്നു മാത്രമല്ല യുഎസ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നും പാറക്കെട്ടിലെ വരികൾക്കു വിശദീകരണവുമായി മത്സരാർഥികളുണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ആ ഫലകത്തിലെ വരികൾക്കു പിന്നിലെ രഹസ്യം ഇതൊന്നുമല്ലാതിരിക്കാനും സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു. ഇപ്പോഴത്തേത് ഏറ്റവും വിശ്വസനീയമായ നിഗമനം മാത്രമാണ്. അതിനെ മറികടക്കുന്ന ഉത്തരം ലഭിക്കുംവരെ പാറക്കെട്ടിലെ ‘മരണവരികൾ’ ഇനിയും രഹസ്യമായിത്തുടരും.

English Summary: Mysterious, centuries-old rock inscription finally deciphered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com