ADVERTISEMENT

കാട്ടാനകളുടെയും കുരങ്ങുകളുടെയുമൊക്കെ നിരന്തര ശല്യം കാരണം വലയുന്ന ഒട്ടേറെ പ്രദേശവാസികളുടെ ദുരിതങ്ങൾ നമുക്കറിയാം. എന്നാൽ ഫ്ലോറിഡയിലെ മിയാമിയിൽ ജീവിക്കുന്നവർക്ക് ശല്യം സൃഷ്ടിക്കുന്നത് സാധാരണ എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു ജീവിയാണ്. നൂറുകണക്കിന് മയിലുകളാണ് ഇവരുടെ സ്വൈര്യ ജീവിതത്തിന് തടസ്സമാകുന്നത്.

മിയാമി നഗരത്തിനു സമീപമുള്ള കോക്കനട്ട് ഗ്രോവ് എന്ന മനോഹരമായ പ്രദേശത്ത്  നൂറുകണക്കിന് മയിലുകളാണുള്ളത്. ഇവയെ കാണുന്നതിനു വേണ്ടി മാത്രം നിരവധി സഞ്ചാരികളും ഇങ്ങോട്ടേക്കെത്താറുണ്ട്. എണ്ണം പെരുകിയതോടെ ഇവ നിരത്തിലിറങ്ങി തുടങ്ങിയതാണ് ഇപ്പോൾ പ്രദേശവാസികളെ വലയ്ക്കുന്നത്. വീട്ടുമുറ്റത്തും പറമ്പിലുമൊക്കെയായി കൃഷി ചെയ്തിരിക്കുന്ന ചെറിയ വിളകൾ മയിലുകൾ കൂട്ടമായെത്തി നശിപ്പിക്കുന്നത് പതിവുകാഴ്ചയാണ്. ഇക്കാരണം കൊണ്ട് ചെടികളും പച്ചക്കറികളുമൊന്നും കൃഷി ചെയ്യാൻ സാധിക്കുന്നില്ലെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു.

നിരത്തിലൂടെ കൂട്ടമായി നടന്നു നീങ്ങുന്ന മയിലുകൾ വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കും കേടുപാടുകളുണ്ടാക്കുന്നുണ്ട്. കാറുകളിൽ തങ്ങളുടെ പ്രതിഫലനം കണ്ട് ശത്രുവാണെന്നു കരുതി കൊക്കുകൾ കൊണ്ട് ഉരച്ചും കാൽനഖങ്ങൾ കൊണ്ടു മാന്തിയുമെല്ലാം അവ വാഹനങ്ങൾ നശിപ്പിക്കുന്നതായും പരാതിയുണ്ട്. ഇണചേരുന്ന കാലമായതിനാൽ കൂട്ടമായെത്തി വലിയ രീതിയിൽ ശബ്ദമുണ്ടാക്കുന്നതും മിയാമിയിലെ ജനങ്ങളെ കുഴയ്‌ക്കുന്നു. ഇതിനെല്ലാം പുറമേ മയിലുകളുടെ വിസർജ്യങ്ങൾ നിരത്തുകളിലും വീട്ടുമുറ്റങ്ങളിലുമെല്ലാം നിറയുന്നതും പതിവു കാഴ്ചയാണ്. ഇരുപതും നാല്പതും മയിലുകൾ അടങ്ങുന്ന വലിയ കൂട്ടങ്ങളായാണ് ഇവ കാണപ്പെടുന്നത്.

മയിലുകളുടെ ശല്യം നാൾക്കുനാൾ വർധിച്ചതോടെ പ്രദേശവാസികളുടെ പരാതികൾ പരിഗണിച്ച് അവയെ കൂട്ടമായി സ്ഥലം മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് അധികൃതർ. ഇതുസംബന്ധിച്ച പ്രമേയത്തിൽ അധികൃതർ ഒപ്പുവച്ചു കഴിഞ്ഞു. എന്നാൽ ഇണചേരുന്ന കാലമായതിനാൽ അവയുടെ സമീപത്തേക്കു  പോകുന്നതും അപകടകരമാണ്. മയിലുകളെ കുടുക്കിലാക്കി അവർക്ക് സ്വൈരവിഹാരം നടത്താനാകുന്ന പക്ഷി സംരക്ഷണ കേന്ദ്രങ്ങളിലേക്കോ വനത്തിലേക്കോ അയയ്ക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും നോക്കുകയാണ് അധികാരികളിപ്പോൾ.

English Summary: Aggressive Peacocks To Be Relocated After Residents Complain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com