ADVERTISEMENT

ഇരുട്ടെന്നത് കൃത്രിമ പ്രകാശം നിറഞ്ഞു നില്‍ക്കുന്ന ഈ കാലഘട്ടത്തിലും പേടിപ്പെടുത്തുന്ന ഒരു അനുഭവമാണ്. അല്‍പ നേരത്തേക്കെങ്കിലും ഇരുട്ടായി പോയാല്‍ പരിഭ്രമിക്കുന്നവരാണ് ഭൂമിയിലെ ഒട്ടനവധി പേരും. എന്നാല്‍ ഇരുട്ടെന്നാല്‍ ഭയക്കേണ്ട ഒന്നല്ല മറിച്ച് ഇരുട്ടിനെ സ്നേഹിക്കണം എന്നു വാദിക്കുന്ന ചിലരുമുണ്ട്. പറഞ്ഞു വരുന്നത് കവികളെക്കുറിച്ചല്ല മറിച്ച് ഇന്‍റര്‍നാഷണല്‍ ഡാര്‍ക്ക് സ്കൈ അസോസിയേഷനെക്കുറിച്ചാണ്. ഭൂമിയുടെ സ്വാഭാവികത നിലനിര്‍ത്തുന്നതില്‍ ഇരുട്ടിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും കഴിയുന്ന സ്ഥലങ്ങളിലെല്ലാം രാത്രി സമയങ്ങളില്‍ ഇരുട്ടുറപ്പാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് ഇന്‍റര്‍നാഷണല്‍ ഡാര്‍ക്ക് സ്കൈ അസോസിയേഷന്‍.

പ്രകാശ മലിനീകരണം

പ്രകാശ മലിനീകരണം അഥവാ ലൈറ്റ് പൊല്യൂഷന്‍ ഇന്ന് ലോകം ഏറെ ചര്‍ച്ച ചെയ്യാന്‍ തുടങ്ങുന്ന വാക്കുകളിലൊന്നാണ്. പ്രകാശത്തിന്‍റെ അതിപ്രസരം മനുഷ്യരുള്‍പ്പടെയുള്ള ജീവികളിലും ഭൂമിയുടെ ജൈവവ്യവസ്ഥയിലും വരുത്തുന്ന അപകടകരമായ മാറ്റങ്ങളുണ്ട്. ഈ മാറ്റങ്ങള്‍ തന്നെയാണ് പ്രകാശത്തിന്‍റെ അതിപ്രസരത്തെ പ്രകാശ മലിനീകരണം എന്നു പേരിട്ട് വിളിക്കാന്‍ പ്രേരിപ്പിക്കുന്നതും. രാത്രികാലങ്ങളില്‍ തെളിയുന്ന നിയോണ്‍ വിളക്കുകള്‍ ഭൂമിയുടെയും പ്രകൃതിയുടെയും അതിലെ അന്തേവാസികളുടേയും സ്വാഭാവത്തിനു തന്നെ മാറ്റം വരുത്താന്‍ തുടങ്ങിയിരിക്കുന്നുവെന്ന് ഇന്‍റര്‍നാഷണല്‍ ഡാര്‍ക്ക് അസേസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

ഇങ്ങനെ പറ്റുന്ന സ്ഥലങ്ങളില്‍ രാത്രിയില്‍ ഇരുട്ട് ഉറപ്പുവരുത്തുന്നതിനായുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇന്‍റര്‍നാഷണല്‍ ഡാര്‍ക്ക് സ്കൈ അസോസിയേഷന്‍ ഒരു ചെറു ദ്വീപിനെ ലോകത്തെ ആദ്യ ഇരുണ്ട ആകാശമുള്ള രാജ്യമായി പ്രഖ്യപിച്ചിരിക്കുന്നത് .തെക്കന്‍ പസിഫിക്കിലുള്ള ദ്വീപസമൂഹ രാജ്യമായ ന്യുവെയിലെ ദ്വീപുകളിലൊന്നിനാണ് ഈ വിശേഷണം നല്‍കിയിരിക്കുന്നത്. രാത്രിയില്‍ പൂര്‍ണമായും കൃത്രിമ വിളക്കുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചാണ് ന്യുഎയിലെ ഈ കുഞ്ഞന്‍ ദ്വീപ് ചരിത്രത്തിലേക്ക് ഇടംപിടിച്ചത്. ദ്വീപിലെ നിവാസികളും ഈ നീക്കത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഏതാണ്ട് 1600 ആണ് നിയു ദ്വീപ് രാജ്യത്തിലെ ജനസംഖ്യ. ഇപ്പോള്‍ ഇരുണ്ട ആകാശമുള്ള രാജ്യമായി പ്രഖ്യാപിച്ചിരിക്കുന്ന ദ്വീപിലെ ജനസംഖ്യ 100 ല്‍ താഴെയാണ്. അതുകൊണ്ട് തന്നെ ഇവിടെ ഈ ദൗത്യം നടപ്പാക്കുകയെന്നത് താരതമ്യേന എളുപ്പമായിരുന്നു. എന്നാല്‍ ഈ ലക്ഷ്യത്തിലേക്കെത്താന്‍ വെല്ലുവിളികളും ഏറെയായിരുന്നു. ദ്വീപ് രാജ്യത്തിലെ ഭരണാധികാരികളുടേയും ജനങ്ങളുടെയും പൂര്‍ണ സഹകരണം കൊണ്ടാണ് ഇത് സാധ്യമായതെന്ന് ന്യുഎയിലെ ടൂറിസം സിഇഒ പറയുന്നു. ഈ നേട്ടം ന്യുഎയെ ലോകരാജ്യങ്ങളുടെ ശ്രദ്ധ കൂടുതല്‍ നേടാന്‍ സഹായിക്കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. 

രാജ്യാന്തര ഡാര്‍ക്ക് സ്കൈ മേഖലകള്‍

ഭൂമിയിലെ ആദ്യ ഇരുണ്ട ആകാശമുള്ള രാജ്യമായി പ്രഖ്യാപിച്ചത് ന്യുഎയിലെ ഈ ദ്വീപിനെയാണെങ്കിലും ഇരുണ്ട ആകാശമുള്ള മേഖലകള്‍ നൂറിലധികമുണ്ട്. രാജ്യമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് നിയുവും ഇരുണ്ട ആകാശമുള്ള മേഖലകളിലൊന്നായിരുന്നു. ജനവാസ കേന്ദ്രങ്ങളും ദേശീയ പാര്‍ക്കുകളും റിസേര്‍വുകളുമെല്ലാം ഈ മേഖലകളില്‍ പെടുന്നു. രാത്രിയില്‍ കൃത്രിമ വെളിച്ചത്തിന്‍റെ മലിനീകരണമില്ലാതെ ആകാശം കാണാന്‍ കഴിയുന്നതാണ് ഈ മേഖലകളെല്ലാം.

മലിനീകരണം പല തരത്തിലാണ് ഭൂമിയിലെ മനുഷ്യരെയും മറ്റ് ജീവജാലങ്ങളെയും ബാധിക്കുന്നതെന്ന് ഇന്‍റര്‍നാഷണല്‍ ഡാര്‍ക്ക് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. ജീവജാലങ്ങളില്‍ ഈ കൃത്രിമ വെളിച്ചമുണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ പലതും ഇപ്പോഴും കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. മനുഷ്യരുടെ കാര്യത്തിലാകട്ടെ ഭൂമിയിലെ ജനസംഖ്യയുടെ മൂന്നിലൊന്നിനും ഇപ്പോള്‍ ആകാശത്തെ നക്ഷത്രങ്ങള്‍ പോലും പൂര്‍ണമായി കാണാന്‍ സാധിക്കാത്ത വിധത്തിലാണ് പ്രകാശ മലിനീകരണമെന്ന് ഡാര്‍ക്ക് സ്കൈ അസോസിയേഷന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. 

English Summary: Niue declared world's first Dark Sky nation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com