ADVERTISEMENT

കോവിഡ്19 പടർന്നു പിടിക്കുന്ന വര്‍ത്തമാന കാലത്ത് നാം ഏറ്റവുമധികം നിയന്ത്രിക്കുന്നത് യാത്രകളെയാണ്. രാജ്യാന്തര യാത്രകള്‍ക്കുള്ള നിയന്ത്രണവും കര്‍ശനമായ പരിേശാധനയും രോഗനിയന്ത്രണത്തില്‍ ഏറെ പ്രധാനമാണ്. എന്നാല്‍ സസ്യങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കുക. ‘സസ്യകീടങ്ങൾക്കോ രോഗങ്ങൾക്കോ പാസ്‌പോര്‍ട്ടുകളില്ല. ഇമിഗ്രേഷന്‍ നിബന്ധനകള്‍ പാലിക്കുകയുമില്ല. ആയതിനാല്‍ സസ്യരോഗങ്ങളുടെ വ്യാപനം തടയാൻ രാജ്യാന്തര സഹകരണം ആവശ്യമാണെന്നു മാത്രമല്ല, അതൊരു രാജ്യാന്തര പ്രശനം കൂടിയാണ്’. – ഈ വാചകം രാജ്യാന്തര സസ്യാരോഗ്യ വര്‍ഷാചരണത്തിനായി ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യകാര്‍ഷിക സംഘടന (FAO) പാസാക്കിയ പ്രമേയത്തിലുള്ളതാണ്. ഫിന്‍ലന്‍ഡ് എന്ന രാജ്യത്തുനിന്നാണ് ഇത്തരമൊരു ആചരണത്തിനുള്ള നിര്‍ദ്ദേശം ആദ്യം വന്നത് .2015-ല്‍ നടന്ന രാജ്യാന്തര സസ്യസംരക്ഷണ കണ്‍വന്‍ഷനിലായിരുന്നു അത്. 2017 ജൂലൈയില്‍ വര്‍ഷാചരണ തീരുമാനവും വന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടനയും രാജ്യാന്തര സസ്യസംരക്ഷണ കരാറിന്റെ സെക്രട്ടറിയേറ്റും ചേര്‍ന്ന് 2018 ഡിസംബര്‍ 20-ന് വര്‍ഷാചരണ പ്രമേയം അംഗീകരിച്ചു.

വര്‍ഷാചരണത്തിന്റെ പ്രാധാന്യം

ഒരു രാജ്യത്തിന്റെ സാമ്പത്തികാഭിവൃദ്ധിയില്‍ സസ്യാരോഗ്യത്തിന് നിർണായക പങ്കുണ്ടെന്ന ആശയം ഉയര്‍ത്തിക്കാട്ടുകയാണ് രാജ്യാന്തര സസ്യാരോഗ്യ വര്‍ഷാചരണത്തിന്റെ ലക്ഷ്യം. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (SDG-Sustainable Development Goals) കൈവരിക്കുന്നതില്‍ സസ്യങ്ങളുടെ സംരക്ഷണവും ആരോഗ്യവും പ്രധാനമാണെന്ന അവബോധം പൊതുജനങ്ങളിലും ആസൂത്രകരിലും സൃഷ്ടിക്കുക ഏറെ പ്രധാനമാണ്. എല്ലാതലത്തിലും സസ്യാരോഗ്യം സംരക്ഷിക്കുന്ന നയങ്ങള്‍ക്ക് ഈ വര്‍ഷാചരണം പ്രചോദനമാകുമെന്ന് ഐക്യരാഷ്ട്ര സംഘടന കരുതുന്നു.

ഭക്ഷ്യ സുരക്ഷ, ജൈവവൈവിധ്യം പ്രധാനം

സകല ജീവജാലങ്ങളുടെയും ആവാസ വ്യവസ്ഥയുടെയും സംരക്ഷണത്തിനും ഭക്ഷ്യസുരക്ഷയ്ക്കും ആരോഗ്യമുള്ള സസ്യങ്ങള്‍ വേണം. രോഗങ്ങള്‍ ബാധിച്ച വിളകള്‍ ഭക്ഷണലഭ്യതയെ ബാധിക്കുന്നു. ഭക്ഷ്യവിളകളുടെ വിളവു കുറഞ്ഞാല്‍ അത് ഭക്ഷ്യലഭ്യതയെ ബാധിക്കുകയും ഭക്ഷണസാധനങ്ങളുടെ വില കൂടാന്‍ കാരണമാവുകയും ചെയ്യും. വനം, പരിസ്ഥിതി, ജൈവവൈവിധ്യം എന്നിവയുടെ സംരക്ഷണവും സസ്യാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകം നേരിടുന്ന മുഖ്യ ഭീഷണിയായ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കപ്പെടാനും ആരോഗ്യമുള്ള സസ്യജാലം സഹായിക്കും. ദാരിദ്ര്യത്തിനും പോഷകാഹാരക്കമ്മിക്കുമെതിരായ പോരാട്ടത്തിനും കര്‍ഷകരുടെ അതിജീവനത്തിനും കരുത്തുറ്റ സസ്യസമ്പത്ത് നമ്മെ സഹായിക്കും.

ഞെട്ടിക്കുന്ന കണക്കുകള്‍

ഓരോ വര്‍ഷവും ആഗോളതലത്തില്‍ ഭക്ഷ്യവിളകളുടെ 40 ശതമാനത്തോളം കീടബാധമൂലം നശിച്ചുപോകുന്നു. ഇതുമൂലം 220 ബില്യൻ ഡോളറിന്റെ നഷ്ടമാണത്രേ സമ്പദ്‌വ്യവസ്ഥയിലുണ്ടാവുന്നത്. ആഗോളതാപനവും കാലാവസ്ഥാ മാറ്റവും വരുംവര്‍ഷങ്ങളില്‍ ഈ ചെലവില്‍ വർധനവുണ്ടാക്കുമെന്നും കരുതപ്പെടുന്നു. ഇതിനൊപ്പം പുതിയ മേഖലകളിലേക്ക് കടന്നെത്തുന്ന കീടങ്ങള്‍ (Invasive pests) ജൈവവൈവിധ്യത്തെ ബാധിക്കുന്നു.

രാജ്യാന്തര സസ്യ സംരക്ഷണ കരാര്‍

ഭൂലോകത്തുള്ള സസ്യങ്ങളെ കീടങ്ങളില്‍നിന്നു രക്ഷിക്കുന്നതിനായി രൂപം കൊടുത്ത കരാറാണ് രാജ്യാന്തര സസ്യ സംരക്ഷണക്കരാര്‍ (IPCC-International Plant Protection Convention). 1952 ഏപ്രില്‍ 2 ന് നിലവില്‍ വന്ന ഈ കരാറില്‍ 183 രാജ്യങ്ങള്‍ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യ 1952 ഏപ്രില്‍ 30 ന് ഇതില്‍ അംഗമായി.

ചരിത്രം പറയുന്ന ക്ഷാമകഥകൾ

ഭക്ഷ്യവിളകളെ ബാധിക്കുന്ന കീടങ്ങള്‍ ഭക്ഷ്യപ്രതിസന്ധിക്കു വഴിതെളിയിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ലോകചരിത്രത്തില്‍നിന്ന് കണ്ടെടുക്കാം. 1845-ല്‍ അയര്‍ലൻഡില്‍ ഉരുളക്കിഴങ്ങുകളെ ഉപയോഗശൂന്യമാക്കുന്ന ഫൈറ്റോപ്‌തോറ ഇന്‍ഫസ്റ്റന്‍സ് എന്ന ഫംഗസ് രോഗാണു മൂലം ഭക്ഷ്യക്ഷാമമുണ്ടായി. 1942-43 കാലത്ത് ഇന്ത്യയിലുണ്ടായ ബംഗാള്‍ക്ഷാമത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ നെല്ലിനെ ബാധിക്കുന്ന ബ്രൗണ്‍ സ്‌പോട്ട് രോഗത്തെ കണ്ടെത്താം . കോക്ലിയോബോളസ് മിയാബീനസ് എന്ന കുമിളുകളാണ് ഇവയ്ക്കു കാരണമായത്. ഇങ്ങനെ ഒരു രാജ്യത്തിന്റെ പ്രധാന ഭക്ഷ്യവിളയെ ബാധിക്കുന്ന രോഗം ജനങ്ങളെ പട്ടിണിയിലാഴ്ത്തി കൊല്ലാൻ ശേഷിയുള്ളതാണെന്ന ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

drsabingeorge10 @gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com