ADVERTISEMENT

കൊറോണാ വൈറസിന്റെ പിടിയിലകപ്പെട്ട എല്ലാ ലോക രാജ്യങ്ങളും പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. എന്നാൽ പ്രതിസന്ധികൾ എത്ര വലുതാണെങ്കിലും അവയെല്ലാം കടന്നു പോകും എന്ന് ഓർമപ്പെടുത്തി തരികയാണ് 187കാരനായ ഒരു ആമ. ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും റഷ്യൻ വിപ്ലവവും എല്ലാം കണ്ട ഇൗ ആമ മുത്തശ്ശൻ ഒരു പ്രതീക്ഷയാണ്. ഏതു വിഷമഘട്ടം മറികടക്കാനാവും എന്ന പ്രതീക്ഷ.

1832 ലാണ് ജോനാഥൻ എന്ന  ആമ ജനിച്ചത്. ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ജീവിയാണ് ജോനാഥൻ. 39 അമേരിക്കൻ പ്രസിഡണ്ടുമാരുടെ കാലഘട്ടവും ജോനാഥൻ ഇതിനോടകം കടന്നു കഴിഞ്ഞു. ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ എന്ന സംഘടനയിലെ അംഗമായ പർവീൺ കാസ്വാനാണ് ജൊനാഥന്റെ 2 ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചിരുന്നത്. 1886 ലും  2019 ലും പകർത്തിയ ചിത്രങ്ങളാണ് കൊറോണ കാലവും കടന്നുപോകുമെന്ന അടിക്കുറിപ്പോടെ അദ്ദേഹം പങ്കുവച്ചത്.

മറ്റു ജീവികളെ അപേക്ഷിച്ച് ആമകൾക്ക് പൊതുവേ ആയുർദൈർഘ്യം കൂടുതലാണ്. ഏറ്റവും കൂടുതൽ കാലം ജീവിച്ച ആമ എന്ന ലോക റെക്കോർഡ് ടുയി മലില എന്ന ആമയുടെ പേരിലാണ്. 189 വയസ്സുവരെ ജീവിച്ച ശേഷം 1965ലാണ്‌ ടുയി മലില മരണപ്പെട്ടത്. കൽക്കത്തയിലെ അലിപോർ സുവോളജിക്കൽ ഗാർഡൻസിൽ ഉണ്ടായിരുന്ന അദ്വൈത എന്ന ആമ 255 വർഷം ജീവിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. 2006 ലാണ് ഇത് മരണപ്പെട്ടത്. എന്നാൽ അദ്വൈതയുടെ ജീവിത കാലയളവ് സംബന്ധിച്ച് സ്ഥിരീകരണം ലഭിക്കാത്തതിനാലാണ് ലോകറെക്കോർഡ് നൽകപ്പെടാത്തത്.

തെക്കൻ അറ്റ്ലാൻറിക് സമുദ്രത്തിലെ സെയിൻറ് ഹെലന എന്ന ദ്വീപിലാണ് ജോനാഥൻ വസിക്കുന്നത്.187 വയസിനിടെ മൂന്നു നൂറ്റാണ്ടുകൾ കണ്ടുവന്ന ആമ മുത്തശ്ശന്റെ ചിത്രങ്ങൾ തീർച്ചയായും ഈ കാലവും കടന്നു പോകും എന്ന ശുഭപ്രതീക്ഷ തന്നെയാണ് നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com