ADVERTISEMENT

കോവിഡ് മഹാമാരിയുടെ കെട്ട കാലത്തും നാം ജീവിക്കുന്ന ഭൂമിയേക്കുറിച്ച് പ്രതീക്ഷ നൽകുന്ന വാർത്തകളും പുറത്തു വരുന്നു.മാർച്ച് 25 ന് പുറത്തിറങ്ങിയ നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച പഠനമാണ് ഓസോൺ പാളിയിലെ മുറിവുണങ്ങുന്നതിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ നൽകുന്നത്. പുതിയ മാറ്റങ്ങൾക്ക് നന്ദി പറയേണ്ടത്, ഓസോൺ പാളിയെ സംരക്ഷിക്കാനായി ലോകരാജ്യങ്ങൾ ഒപ്പിട്ട മോൺട്രിയൽ പ്രോട്ടോകോളിനാണ്. ഓസോൺ പാളിയിലെ വിള്ളൽ കാരണം തെക്കോട്ടു ഗതി മാറേണ്ടി വന്ന ജെറ്റ് സ്ട്രീമുകളുടെ ഗതി തിരിക്കാൻ മോൺട്രിയൽ കരാർ പ്രകാരമുള്ള പ്രവർത്തനങ്ങൾക്ക് കഴിഞ്ഞവത്രേ. ലോകത്തിൻ്റെ പല ഭാഗത്തും പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് ഇത് കാരണമായിരുന്നു.

സൂര്യനില്‍ നിന്ന് പുറപ്പെടുന്ന മാരകമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ഭൂമിയേയും അതിലെ ജീവജാലങ്ങളേയും സംരക്ഷിക്കുന്ന കുടയാണ് ഭൗമാന്തരീക്ഷത്തിലെ ഓസോണ്‍ പാളി. ഓസോണിനെ നശിപ്പിക്കുന്ന വാതകങ്ങള്‍ ആഗോളതാപനത്തിനു കാരണമാകുന്ന ഹരിത ഗൃഹവാതകങ്ങള്‍ കൂടിയായതിനാല്‍ ഓസോണ്‍ സംരക്ഷണം, കാലാവസ്ഥ സംരക്ഷണം തന്നെയെന്ന ആശയമാണ് ഇപ്പോൾ ശാസ്ത ലോകം മുന്നോട്ടു വയ്ക്കുന്നത്.  

എന്താണ് ഓസോണ്‍ കവചം

ഭൂമിയുടെ അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയറിലാണ് ഭൗമാന്തരീക്ഷത്തിലെ 90 ശതമാനം ഓസോണുമുള്ളത്. അതിനാല്‍ ഈ ഭാഗം ഓസോണോസ്ഫിയര്‍ എന്നറിയപ്പെടുന്നു. അന്തരീക്ഷത്തില്‍  വളരെ കുറഞ്ഞ അളവില്‍ കാണപ്പെടുന്ന വാതകമാണ് ഓസോണ്‍. മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്ന ഘടന. ഓക്‌സിജനില്‍ രണ്ട് ഓക്‌സിജന്‍ ആറ്റങ്ങളാണുള്ളതെന്ന് ഓര്‍ക്കുക. ഓസോണുകള്‍ ചേര്‍ന്ന് സൃഷ്ടിക്കുന്ന അന്തരീക്ഷ കവചം സൂര്യനില്‍ നിന്ന് വരുന്ന വിനാശകാരികളായ അള്‍ട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിര്‍ത്തി ഭൂമിയുടെ താപനിലയേയും ജീവജാലങ്ങളേയും സംരക്ഷിക്കുന്നു. അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് കണക്കാക്കാന്‍ ഡോബ്‌സണ്‍ യൂണിറ്റ് ഉപയോഗിക്കപ്പെടുന്നു. ഈ ഓസോണ്‍ പാളിക്ക് സംഭവിക്കുന്ന ശോഷണത്തെ നമ്മള്‍ ഓസോണ്‍ സുഷിരമെന്ന് വിളിക്കുന്നു. ഈ ഓസോണ്‍ പാളിയില്‍ സുഷിരങ്ങളുണ്ടായാല്‍ ഭൂമിയില്‍ അധികമായി എത്തുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ സ്‌കിന്‍ ക്യാന്‍സര്‍, നേത്രരോഗങ്ങള്‍, രോഗപ്രതിരോധശേഷിക്കുറവ്, സസ്യ വളര്‍ച്ച, ആവാസവ്യവസ്ഥയുടെ  തകര്‍ച്ച, ഭക്ഷ്യശൃംഖലകളുടെ നാശം എന്നിവ തുടങ്ങി കാലാവസ്ഥയേയും താപനിലയേയും ബാധിക്കുന്നു.

ഓസോണ്‍ കുടയിലെ വിള്ളല്‍

അന്റാര്‍ട്ടിക്കിനു മുകളില്‍  ഓസോണ്‍ പാളിക്ക് ശോഷണം സംഭവിക്കുന്നുവെന്ന വിവരം ആദ്യം ലോകത്തെ അറിയിച്ചത് 1980 കളുടെ മധ്യത്തില്‍ ജോയ് ഫോര്‍മാന്‍, ജോനാതന്‍ ഷാങ്ക്‌ളിന്‍, ബ്രയന്‍ ഗാര്‍ഡിനര്‍ എന്നീ ശാസ്ത്രജ്ഞരാണ്. കാരണമായി കണ്ടെത്തിയത്, ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍ (CFC) എന്ന മനുഷ്യന്‍ ഏറെ ഉപയോഗിക്കുന്ന രാസവാതകവും. ഓസോണ്‍ പാളിയെ സംരക്ഷിക്കാന്‍ 1985-ല്‍ വിയന്നയില്‍ വച്ച് ലോകരാഷ്ട്രങ്ങള്‍ ഒരു സമ്മേളനം നടത്തി. 1987 സെപ്റ്റംബര്‍ 16-ന് മോണ്‍ട്രിയലില്‍ വച്ച് ഓസോണ്‍ പാളിയെ രക്ഷിക്കാനുള്ള ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടു. ആ ദിനത്തിന്റെ ഓര്‍മ്മയ്ക്ക് 1994-മുതല്‍ ഐക്യരാഷ്ട്രസഭ സെപ്റ്റംബര്‍ 16 ഓസോണ്‍ ദിനമായി  ആചരിക്കുന്നു.  ഓസോണ്‍ ശോഷണത്തില്‍ ഏറെ കുറവുണ്ടായി എന്നതാണ് ഈ ഉടമ്പടിയുടെ വിജയം.

ഓസോണിന്റെ ശത്രുക്കള്‍

മോണ്‍ട്രിയല്‍ ഉടമ്പടി (Montreal Protocol) പ്രകാരം ഓസോണിനെ നശിപ്പിക്കുന്ന വസ്തുക്കളെ രണ്ടു ക്ലാസ്സുകളാക്കിയിട്ടുണ്ട്.  ഒന്നാമത്തെ ക്ലാസ്സില്‍ ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകളും (CFC), രണ്ടാമത്തെ ക്ലാസ്സില്‍ ഹൈഡ്രോ ക്ലോറോ ഫ്ലൂറോ കാര്‍ബണുകളും (HCFC). ഇവ അന്തരീക്ഷത്തിലെത്തി പുറപ്പെടുവിക്കുന്ന ക്ലോറിന്‍ ഓസോണ്‍ തന്മാത്രകളെ വിഘടിപ്പിച്ച്  ഓസോണ്‍ പാളിയെ നശിപ്പിക്കുന്നു. ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍ക്ക് പകരം ഉപയോഗിക്കപ്പെട്ട ഹൈഡ്രോ ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍ ഹരിതഗൃഹ വാതകങ്ങളായതിനാല്‍ അന്തരീക്ഷതാപം വര്‍ദ്ധിപ്പിക്കുമെന്നതാണ് പുതിയ വെല്ലുവിളി. കൂടാതെ മോണ്‍ട്രിയല്‍ ഉടമ്പടി  നിരോധിക്കാത്ത നിരവധി രാസവസ്തുക്കള്‍ ഓസോണ്‍ ശത്രുക്കളാണ്.

ഓസോണ്‍ നാശക വസ്തുക്കള്‍ - ഉപയോഗങ്ങള്‍

ഓസോണ്‍ നശിപ്പിക്കുന്ന ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകള്‍ ഏറെ ഉപയോഗമുള്ള രാസവസ്തുക്കളായിരുന്നു. റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷണറുകള്‍ ഇവയിലെ ശീതികാരി, അഗ്നിശമനത്തിന് ഉപയോഗിക്കുന്ന ഹാലോണുകള്‍, ചില പ്ലാസ്റ്റിക്കുകള്‍, പെയിന്റുകള്‍ എന്നിവയിലെ എയ്‌റോസോള്‍ തുടങ്ങി നിരവധി ഉപയോഗങ്ങള്‍. എന്നാല്‍ ഇവയുടെ ഉപയോഗം കുറച്ചും, പകരക്കാരെ കണ്ടെത്തിയും ഉടമ്പടി നടപ്പിലാക്കിയതിനാല്‍  ഈ നൂറ്റാണ്ടിന്റെ  പകുതിയോടെ പഴയ സ്ഥിതിയിലേക്ക് ഓസോണ്‍പാളിയെത്തുമെന്നായിരുന്നു ശാസ്ത്രലോകത്തിൻ്റെ പ്രതീക്ഷ.

Email: drsabingeorge10@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com