ADVERTISEMENT

മനുഷ്യര്‍ക്കിടയില്‍ സ്ത്രീകള്‍ക്കാണ് പുരുഷന്‍മാരേക്കാള്‍ ആയുസ്സ് കൂടുതലെന്ന് തെളിയിക്കുന്ന പല പഠനങ്ങളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ദശാബ്ദങ്ങള്‍ക്ക് മുന്‍പ് തന്നെ ഇത്തരം പഠനങ്ങള്‍ നടന്നിട്ടുമുണ്ട്. ഉദാഹരണത്തിന് മനുഷ്യര്‍ക്കിടയില്‍ 100 വയസ്സിന് മുകളില്‍ ആയുസ്സുള്ളവരില്‍ 90 ശതമാനം പേരും സ്ത്രീകളാണ്. എന്നാല്‍ മനുഷ്യരില്‍ മാത്രമല്ല വന്യജീവികള്‍ക്കിടയിലും പെണ്‍ജീവികള്‍ക്ക് തന്നെയാണ് ആയുസ്സിന്‍റെ കാര്യത്തില്‍ മുന്‍തൂക്കമെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയത്.

വന്യമൃഗങ്ങളെന്നാല്‍, വനത്തില്‍ തന്നെ ജീവിക്കുന്ന വന്യജീവികളിലാണ് പഠനം ഗവേഷകര്‍ നടത്തിയത്. 101 തരം ജീവികളിലായിരുന്നു പഠനം. പഠനം നടത്തിയ ജീവികളില്‍ ഓര്‍ക്കകളും (തിമിംഗല സ്രാവുകള്‍), കംഗാരുക്കളും മുതല്‍ സിംഹങ്ങളും അണ്ണാന്‍ വര്‍ഗ്ഗങ്ങളും വരെ ഉള്‍പ്പെടുന്നു. പഠനത്തില്‍ ഉള്‍പ്പെടുത്തിയ ജീവികളെല്ലാം സസ്തനി വിഭാഗത്തില്‍ പെട്ടവയാണ്.

പെണ്‍ജീവികളുടെ ആയുസ്സ്

പഠനത്തിന് വിധേയമാക്കിയ 60 ശതമാനത്തിലേറെ ജീവികളിലും സ്ത്രീവര്‍ഗ്ഗത്തില്‍ പെട്ടവയ്ക്ക് താരതമ്യേന 18 ശതമാനത്തിലേറെ കൂടുതല്‍ ആയുസ്സ് കൂടുതലുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. മനുഷ്യരുടേതാകട്ടെ പുരുഷന്‍മാരേക്കാള്‍ ശരാശരി 8 ശതമാനം മാത്രം ആയുര്‍ദൈര്‍ഘ്യമാണ് സ്ത്രീകളില്‍ ഉള്ളത്. അതായത് മനുഷ്യരിലെ സ്ത്രീപുരുഷ ആയുര്‍ദൈര്‍ഘ്യത്തിലെ അനുപാതത്തിലുള്ള വ്യത്യസത്തിന്‍റെ ഇരട്ടിയോളമാണ് വന്യജീവികളിലുള്ളത് എന്ന് വ്യക്തം. 

വരയാടുകള്‍, സിംഹങ്ങള്‍, തിമിംഗലങ്ങള്‍, വെള്ളയെലികള്‍, വവ്വാലുകള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ പെണ്‍വര്‍ഗ്ഗങ്ങള്‍ക്ക് ആയുസ്സ് കൂടുതലുള്ള ജീവികള്‍ക്ക് ഉദാഹരണമാണ്. അതേസമയം യൂറോപ്യന്‍ മുയലുകള്‍, ലമൂറുകള്‍, ആഫ്രിക്കന്‍ പോത്തുകള്‍, കാട്ടുപന്നികള്‍ തുടങ്ങിയവയിലെല്ലാം പെണ്‍ജീവികളെ ആയുസ്സിന്‍റെ കാര്യത്തില്‍ ആണ്‍ ജീവികള്‍ മറികടക്കുന്നുണ്ട്.

വന്യജീവികളിലെ ആയുസ്സ് മനുഷ്യരിലെ ആണ്‍ - പെണ്‍ ആയുസ്സിന്‍റെ വ്യത്യസത്തേക്കാള്‍ അധികമാണ് എന്നത് അദ്ഭുതകരമായ കണ്ടെത്തലാണെന്ന് പഠനം നടത്തിയ ഗവേഷകരില്‍ ഒരാളായ യീന്‍-ഫ്രാങ്കോയിസ് ലെമത്രെ പറയുന്നു. അതേസമയം ശരാശരി എടുക്കുമ്പോഴാണ് 18 ശതമാനത്തിലേറെ എന്ന വലിയ വിടവ് ജീവിവര്‍ഗ്ഗങ്ങളില്‍ കാണപ്പെടുന്നതെന്നും ഫ്രാങ്കോയിസ് വിശദീകരിയ്ക്കുന്നു. ചില ജീവികളില്‍ ആണ്‍ പെണ്‍ ആയുസ്സിലെ വ്യത്യാസം 1 ശതമാനത്തില്‍ താഴയാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ആണ്‍ജീവികളുടെ ആയുസ്സ് കുറവായതിന് കാരണം

എന്തുകൊണ്ട് വന്യമൃഗങ്ങളിലെ ആണ്‍ ജീവികളുടെ ആയുസ്സ് കുറഞ്ഞിരിക്കുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇതുവരെ ഗവേഷകര്‍ക്ക് കണ്ടെത്താനായിട്ടില്ല. എന്നാല്‍ ചില സാധ്യതകള്‍ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്. ഇതില്‍ പ്രധാനമായി പറയുന്നത് അതിര്‍ത്തിയ്ക്കും, ലൈംഗികതയ്ക്കും മറ്റും വേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ആണ്‍വര്‍ഗ്ഗത്തില്‍ പെട്ട ജീവികള്‍ കൂടുതല്‍ ഊര്‍ജം ചിലവഴിക്കുന്നത് എന്നതാണ്. ഇത്തരം സാഹചര്യങ്ങള്‍ ഇവയുടെ ആരോഗ്യം ക്രമേണ വേഗത്തില്‍ ക്ഷയിക്കുന്നതിന് ഇടയാക്കുന്നു എന്നാണ് ഗവേഷകര്‍ കണക്ക് കൂട്ടുന്നത്. അതേസമയം ഇതിന് ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചിട്ടില്ല എന്നും ഗവേഷക സംഘം ഓര്‍മിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com