ADVERTISEMENT

'ഒരു മനുഷ്യന് എത്ര ഭൂമി വേണം'? എന്നു ലിയോ ടോൾസ്‌റ്റോയി ചോദിച്ചതുപോലെ കൊറോണക്കാലത്ത് നമ്മൾ സ്വയം ചോദിക്കേണ്ടതാണ് നമ്മുടെ ജല ഉപയോഗത്തിന്റെ കണക്കെത്രയെന്ന്? കോവിഡ്- 19 - നെ പ്രതിരോധിക്കാനുള്ള പ്രധാന ആയുധങ്ങളാണ് കൃത്യമായ സാമൂഹിക അകലം പാലിക്കലും കൈകൾ സോപ്പും വെള്ളവുമപയോഗിച്ച് കൃത്യമായ ഇടവേളകളിൽ ഉചിതമായ രീതിയിൽ കഴുകുകയും ചെയ്യുക എന്നത്. എന്നാൽ ശുദ്ധജലം എന്നത് ലോകത്തിലെ വലിയൊരു വിഭാഗത്തിന്  കിട്ടാക്കനിയായ വിഭവമായതിനാൽ, വിവേകത്തോടെയുള്ള ജല ഉപയോഗം കൊറോണക്കാലം ആവശ്യപ്പെടുന്നു.

കൈ കഴുകാൻ എത്ര വെള്ളം വേണം?

കൈ നനച്ചതിനു ശേഷം, സോപ്പു പതപ്പിച്ച് കൈകളുടെ ഇരുവശവും ഉരച്ചതിനു ശേഷം വീണ്ടും വെള്ളമുപയോഗിച്ച് കഴുകിക്കളയുന്ന ചുരുങ്ങിയത് 20 സെക്കൻഡ് നീളുന്ന കൈ കഴുകൽ രീതിയാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്. എങ്ങനെ കൈകഴുകണമെന്നതിന്റെ വിഡിയോയും സംഘടനയുടെ വെബ്സൈറ്റിൽ കാണാം. ഇങ്ങനെ 30 മുതൽ 40 സെക്കൻഡ് നീളുന്ന കൈകഴുകൽ ഒരു പ്രാവശ്യം ചെയ്യുമ്പോൾ എത്രമാത്രം ശുദ്ധജലം ഉപയോഗിക്കപ്പെടുന്നു? ഈ ചോദ്യത്തിന് 'ഡൗൺ ടു എർത്ത് ' മാഗസിൻ നൽകുന്ന ഉത്തരമിതാണ്. കൈ കഴുകുന്ന മുഴുവൻ സമയവും ടാപ് തുറന്നിരുന്നാൽ ചുരുങ്ങിയത് 4 ലിറ്ററും ടാപ് കൈകൾ ഉരയ്ക്കുന്ന സമയത്ത് അടയ്ക്കാൻ മനസു വെച്ചാൽ 2 ലിറ്ററും. അങ്ങനെ നോക്കുമ്പോൾ ഒരു ദിവസം ഒരു വീട്ടിൽ കൈ കഴുകാൻ മാത്രം എത്ര വെള്ളം വേണ്ടിവരും? സാധാരണ രീതിയിൽ ഒരു ദിവസം 5 തവണ കൈ കഴുകുന്ന ഒരു വ്യക്തി കൊറോണക്കാലത്ത് ചുരുങ്ങിയത് 10 തവണയെങ്കിലും കൈ കഴുകിയിരിക്കും. അങ്ങനെയെങ്കിൽ അഞ്ചംഗങ്ങളുള്ള ഒരു വീട്ടിൽ പ്രതിദിനം  100 - 200 ലിറ്റർ വെള്ളം കൈകഴുകാൻ മാത്രം അധികമായി ആവശ്യം വരുന്നു. അനന്തരഫലമായി ആ വീട്ടിൽ നിന്ന് 200 ലിറ്ററോളം മലിനജലം കൂടുതലായുണ്ടാകുന്നു. അതായത് വെള്ളത്തിന്റെ ആവശ്യത്തിലും മലിനജല ഉത്പാദനത്തിലും 20-25 ശതമാനം വർദ്ധനവാണ് കണക്കാക്കാവുന്നത്. ഇതു പറയുന്നത് കോവിഡ് കാലത്ത് കൈ കഴുകൽ ഒഴിവാക്കണം എന്നു പറയാനല്ല എന്നോർക്കുക.

hand-wash

എന്താണ് ഇന്ത്യയുടെ സ്ഥിതി

130 കോടിയിൽ 16 കോടിയോളം ജനങ്ങൾക്ക് ശുദ്ധജല ലഭ്യതയില്ലാത്ത അവസ്ഥയിലാണ് ഇന്ത്യയെന്ന് പഠനങ്ങൾ പറയുന്നു. ബാക്കിയുള്ളവർ അവരുടെ ആവശ്യത്തിനുള്ള വെള്ളം കിട്ടാൻ പാടുപെടുന്നവരുമാണ്. വീടില്ലാത്ത അനേകർക്ക്, ചേരികളിൽ താമസിക്കുന്നവർക്ക് ഈ കൊറോണക്കാലത്തും വെള്ളം ഉപയോഗിച്ചുള്ള വൃത്തിയും വെടിപ്പും അന്യം തന്നെയായിരിക്കും. പൈപ്പ് കണക്ഷനില്ലാത്ത വീടുകളിൽ വെള്ളം നൂക്ഷിക്കുന്ന പാത്രങ്ങൾ എപ്പോഴും നിറച്ചു വയ്ക്കുന്നതും സോപ്പും മറ്റും ലഭ്യമാക്കുന്നതും അധിക ബാധ്യതയാകാനേ വഴിയുള്ളൂ. ഇന്ത്യൻ നഗരങ്ങളിലെ പ്രതിശീർഷ പ്രതിദിന ജലലഭ്യത, ലോകാരോഗ്യ സംഘടനയോ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സോ പറയുന്നതിന്റെ അടുത്തെങ്ങും എന്നല്ലായെന്ന് ഓർക്കുക. മാത്രമല്ല ജലലഭ്യതയുടെ കാര്യത്തിൽ പ്രദേശങ്ങൾ തമ്മിലും ജനങ്ങൾ തമ്മിലും വലിയ അന്തരവുമുണ്ട്. ഉദാഹരണത്തിന് പ്രതിശീർഷ വരുമാനം കുറഞ്ഞ വീടുകൾക്ക് ജലലഭ്യതയും കുറവാണെന്ന് കണ്ടിരിക്കുന്നു. വൃത്തിയായി ജീവിക്കാൻ ചുരുങ്ങിയത് ഒരാൾക്ക് ഒരു ദിവസം 90 - 100 ലിറ്റർ വെള്ളം വേണമെന്ന് നിഷ്കർഷിക്കുന്ന റിപ്പോർട്ടുകളുണ്ട് അതായത് 100 ലിറ്ററെങ്കിലും വെള്ളം ഒരാൾക്ക് ഒരു ദിവസം കിട്ടിയാലാണ് അയാൾക്ക് ശുചിത്വവും ആരോഗ്യവും ഉറപ്പാക്കാൻ കഴിയുകയുള്ളൂ. ഇന്ത്യയിലെ പ്രധാനപ്പെട്ട 7 നഗരങ്ങളിൽ നടത്തിയ പഠനത്തിൽ ശരാശരി പ്രതിദിന പ്രതിശീർഷ ലഭ്യത 92 ലിറ്റർ മാത്രമാണ്. അതായത് കേവലം മൂന്നിലൊന്നോളം വീടുകളിലാണ് 100 ലിറ്ററെങ്കിലും കിട്ടാൻ സാധ്യതയുള്ളത്. ഒരു കാര്യം കൂടി ഓർക്കുക. 2017-ൽ 78 രാജ്യങ്ങളിലായി നടന്ന ഒരു പഠനമനുസരിച്ച് വളരെ കുറച്ചാളുകൾ മാത്രമാണ് സോപ്പുപയോഗിച്ച് കൈ കഴുകുന്ന ശീലം കാണിച്ചത്.

എന്തുകൊണ്ട് ശുദ്ധജല ലഭ്യത കുറയുന്നു?

വല്ലാത്തൊരു വിഷമവൃത്തത്തിലാണ് കൊറോണക്കാലം ശുദ്ധജല ലഭ്യതയെ കൊണ്ടെത്തിക്കുന്നത്. കൈകഴുകൽ മൂലം അധികജലം കണ്ടെത്തണം. ഇത് ജലവിതരണ സംവിധാനങ്ങളെ വലിയ സമ്മർദ്ദത്തിലാക്കും. ചെന്നൈ, ഷിംല പോലെയുള്ള നഗരങ്ങൾ ഇതിനകം സേ സീറോയിൽ എത്തിക്കൊണ്ടിരിക്കുന്നവയാണ്. ഇന്ത്യയുടെ പ്രധാനപ്പെട്ട ശുദ്ധജല സ്രോതസ്സ് ഭൂഗർഭ ജലമാണ്. അതായത് കിണറുകളും കുഴൽക്കിണറുകളും. നമുക്കുള്ള കുടിവെള്ളത്തിന്റെ 70 ശതമാനവും ഭൂനിരപ്പിനടിയിൽ നിന്നാണ്. ലോകത്തിലെ ഒന്നാമതായും ഏറ്റവും വേഗത്തിലും ഭൂഗർഭ ജലം ഊറ്റുന്നത് നമ്മളാണ്. തടാകങ്ങളും അരുവികളും, നദികളും പോലെയുള്ള ഉപരിതല ജലസ്രോതസ്സുകൾ വറ്റിത്തുടങ്ങാനും അമിത ഭൂഗർഭ ജല ചൂഷണം കാരണമാകുന്നു. ഒപ്പം ആർസനിക്, ഫ്ളൂറൈഡ്. ലവണ ജലമലിനീകരണവും വരുന്നു.

നമ്മൾ ഓർക്കേണ്ടത് 

ശുദ്ധവും സുരക്ഷിതവുമായ ജലം എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് സുസ്ഥിര വികസനത്തിലേക്കുള്ള മുഖ്യ ലക്ഷ്യങ്ങളിലൊന്ന്. നമ്മുടെ തെറ്റായ ഉപയോഗം മൂലം നാൽപതു ശതമാനത്തോളം ശുദ്ധജലം പാഴാകുന്നുണ്ട്. അതിനാൽ നമ്മൾ വലിയ ഒരു ജല പ്രതിസന്ധിയെ നേരിടുന്നുണ്ട്. ലോക ജനസംഖ്യയിൽ ബഹു ഭൂരിപക്ഷത്തിനും ശുദ്ധജലം ലഭിക്കാൻ ബുദ്ധിമുട്ടുണ്ട്. ഒന്നു കൂടി പറയാം. കുടിവെള്ള ലദ്യതയില്ലാത്ത ലോകജനതയിൽ പത്തിൽ എട്ടും ഗ്രാമീണരാണ്.

കൊറോണക്കാലത്ത് ശ്രദ്ധയോടെ

സോപ്പുപയോഗിച്ച് കൈ കഴുകുക എന്നതാണ് കോവിഡ് പ്രതിരോധത്തിനുള്ള മുഖ്യമാർഗം. നമ്മൾ കൈ കഴുകുന്ന സമയത്ത്, കൈ നനച്ച ശേഷം സോപ്പിട്ട് ഉരയ്ക്കുന്ന സമയത്ത് ടാപ് അടയ്ക്കുക എന്നത് ജലസംരക്ഷണത്തിൽ പ്രധാനമാണ്. ഒരു മിനിറ്റിൽ ടാപ്പിൽ നിന്നും വരുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കുന്നതിലാകണം ശ്രദ്ധ വേണ്ടത്. കഴിയുന്ന സ്ഥലങ്ങളിൽ ഓട്ടോമാറ്റിക് സെൻസറുകൾ ഘടിപ്പിച്ച ടാപ്പുകൾ ഉപയോഗിക്കാം. നമ്മുടെ കൈകൾ ടാപ്പിനടിയിൽ വരുമ്പോൾ മാത്രമേ അവ പ്രവർത്തിക്കുകയുള്ളൂ. ശുചിത്വവും ,ജല ഉപയോഗത്തിലെ മിതത്വവും ചേരുന്ന ഒരു കൊറോണക്കാലമല്ല കടന്നു പോകുന്നതെങ്കിൽ വരും കാലങ്ങൾ ജലദൗർലഭ്യത്തിന്റേതു കൂടിയായിരിക്കും.

Email: drsabingeorge10@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com