ADVERTISEMENT

ഇക്വാഡോറിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് സാൻ റാഫേൽ വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം ഇപ്പോൾ ഇല്ലാതായിരിക്കുകയാണ് .നദിയിൽ രൂപപ്പെട്ട ഒരു നിഗൂഢ ഗർത്തമാണ് ഒഴുക്കുനിലച്ച് വെള്ളച്ചാട്ടം ഇല്ലാതാക്കാൻ കാരണമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

ഇക്വഡേറിയൻ ആമസോണിന്റെ ഭാഗമായ കൊളംബിയയുടെ അതിരിനോട് ചേർന്നുള്ള കയാമ്പേ കൊക പാർക്കിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 500 അടിയിലേറെ ഉയരമുള്ള വെള്ളച്ചാട്ടമാണിത്. വെള്ളച്ചാട്ടം അപ്രത്യക്ഷമായതിനെ തുടർന്ന് ഇവിടേക്കുളള സഞ്ചാരികളുടെ വരവ് സർക്കാർ നിയന്ത്രിച്ചിരുന്നു. വെള്ളച്ചാട്ടവും പരിസരപ്രദേശങ്ങളും ഗവേഷകരുടെ പഠനത്തിനായി വിട്ടുകൊടുത്തിരിക്കുകയായിരുന്നു. നദിയിൽ എങ്ങനെയാണ് ഈ നിഗൂഢ ഗർത്തം രൂപപ്പെട്ടതെന്ന് കണ്ടെത്തുകയായിരുന്നു പഠന ലക്ഷ്യം.

പ്രദേശത്തു നിന്നു 12 മൈൽ അകലെയായി നിർമിച്ച ജലവൈദ്യുത നിലയത്തിന്റെ പ്രവർത്തനങ്ങളാകാം ഗർത്തം രൂപപ്പെടാൻ കാരണമെന്നാണ് ഒരു വിഭാഗം ഗവേഷകരുടെ കണ്ടെത്തൽ. ആയിരക്കണക്കിന് വർഷങ്ങളായി ഒഴുകിയിരുന്ന വെള്ളച്ചാട്ടം ഇല്ലാതായത് ഈ ജലവൈദ്യുത പദ്ധതി ആരംഭിച്ച് ചുരുങ്ങിയ വർഷങ്ങൾക്കുള്ളിലാണ്. 2016 ലാണ് ഇവിടെ ജലവൈദ്യുത പദ്ധതി ആരംഭിച്ചത്. ചൈനയിലെ സിനോ ഹൈഡ്രോ കമ്പനിയാണ് ഈ പദ്ധതിയുടെ നിർമാണ ചുമതല വഹിച്ചത്. പദ്ധതിയുടെ ഭാഗമായി നദിയിൽ നിന്നും 90 ശതമാനത്തിലധികം എക്കൽ നീക്കം ചെയ്തിരുന്നു.

നദീതടങ്ങളെ ബലപ്പെടുത്തിയിരുന്നത് ഈ എക്കലായിരുന്നു. എക്കൽ ഇല്ലാതായതോടെ  ഒഴുകിയെത്തുന്ന വെള്ളം നദീതീരങ്ങളെയും വിഴുങ്ങിക്കളഞ്ഞു. നദിയുടെ അടിത്തട്ടിൽ വലിയ ഗർത്തം രൂപപ്പെട്ടു. മേഖലയിൽ തുടർച്ചയായുണ്ടായ ചെറു ഭൂചലനങ്ങളും ഗർത്തം രൂപപ്പെടാൻ അനുകൂല ഘടകമായി. ജലവൈദ്യുത പദ്ധതി ആരംഭിച്ചതോടെ ഭൂചലനങ്ങളുടെ എണ്ണത്തിലും വർധനവുണ്ടായെന്ന് മുൻ പരിസ്ഥിതി സെക്രട്ടറിയും ജിയോളജിസ്റ്റുമായ ആൽഫ്രഡോ കരാസ്‌കോ വ്യക്തമാക്കി.

 

കാരണം എന്തുതന്നെയായാലും നദിയുടെ അടിത്തട്ടിൽ രൂപപ്പെട്ട ഗർത്തം നദിയുടെ ഒഴുക്കിനെ സാരമായി ബാധിച്ചു കഴിഞ്ഞു. ശക്മായി ഒഴുകിയിരുന്ന നദി ഇപ്പോൾ മൂന്ന് കൈവഴികളായി പിരിഞ്ഞാണ് ഒഴുകുന്നത്. അങ്ങനെയാണ് വെള്ളച്ചാട്ടം പതിയെ മെലിഞ്ഞത്. ഇത് നദിയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെ തകർക്കുമെന്നും ഇതിലെ ജീവജാലങ്ങളുടെ നിലനിൽപിനെ ബാധിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com