sections
MORE

ഉംപുൻ കേട്ടറിവിനേക്കാള്‍ ഭീകരം, ചുഴലിക്കാറ്റിൽ വിറങ്ങലിച്ച് ബംഗാൾ: വിഡിയോ

Cyclone Amphan:
SHARE

കേട്ടറിവിനേക്കാള്‍ ഭീകരമായിരുന്നു ഉംപുന്‍ ചുഴലിക്കാറ്റിന്റെ ബംഗാളിലെ താണ്ഡവമെന്നു വെളിപ്പെടുത്തുന്ന നിരവധി വിഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ബംഗാൾ, ഒഡീഷ തീരങ്ങളെ ചുഴറ്റിയെറിഞ്ഞ ഉംപുൻ ചുഴലിക്കാറ്റിൽ ബംഗാളിൽ 72 പേർ മരിച്ചു. ബംഗാളിലെ ഉത്തര, ദക്ഷിണ 24 പർഗാനാസ് ജില്ലകളിൽ കനത്ത നാശനഷ്ടം. ആയിരക്കണക്കിനു വീടുകൾ തകർന്നു. കൊൽക്കത്ത വിമാനത്താവളം വെള്ളത്തിൽ മുങ്ങി. കെട്ടിടങ്ങൾ തകർന്നു. വൈദ്യുതി, ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ നിശ്ചലമായി. ഗതാഗതം നിലച്ചു. 

കൊൽക്കത്തയുടെ വടക്ക് - വടക്ക് കിഴക്ക് ദിശയിൽ നീങ്ങി ബംഗ്ലദേശിലേക്ക് വീശാൻ തുടങ്ങിയ ഉംപുൻ തീവ്ര ന്യൂനമർദമായി മാറുകയായിരുന്നു. മണിക്കൂറിൽ 190 കിലോമീറ്റർ വേഗത്തിൽ ബുധനാഴ്ച കരയിലേക്കു കയറിയ ഉംപുന്റെ ശക്തി ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 30–40 കിലോമീറ്ററായി ശക്തികുറഞ്ഞ് ഉംപുൻ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കു പ്രവേശിക്കുമെന്നാണു പ്രവചനം.

kolkata-airport

കനത്തമഴയിലും കാറ്റിലും കെട്ടിടങ്ങൾ വ്യാപകമായി നശിച്ചു. ഒഡീഷയുടെ തീരമേഖലകളിലും വൻ നാശമുണ്ട്. ബംഗ്ലദേശിൽ 10 മരണം സ്ഥിരീകരിച്ചു. ജീവിതത്തിൽ ഇത്രയും ഭീകരമായ ചുഴലിക്കാറ്റ് കണ്ടിട്ടില്ലെന്നും 2 ജില്ലകൾ പൂർണമായി തകർന്നുവെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ദുരിതബാധിത മേഖലകളി‍ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വ്യോമനിരീക്ഷണം നടത്തും.

തീരങ്ങളെ തകർത്ത് ഉംപുൻ

നൂറു വർഷത്തിനിടെ സംസ്ഥാനത്തു വീശിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ ഉംപുനിൽ വിറങ്ങലിച്ച് ബംഗാൾ. 72 പേർ മരിച്ചുവെന്നാണു ബംഗാൾ സർക്കാരിന്റെ കണക്കെങ്കിലും കൂടിയേക്കുമെന്നാണു സൂചന. ഒഡീഷയിൽ ദുരിതം 45 ലക്ഷം പേരെ ബാധിച്ചു. മരണങ്ങളെക്കുറിച്ചു വ്യക്തതയില്ല.

രണ്ടു സംസ്ഥാനങ്ങളുടെയും തീരമേഖലകൾ തകർന്നടിഞ്ഞ നിലയിലാണ്. കോടിക്കണക്കിനു രൂപയുടെ നാശമുണ്ടായി. കൃഷിഭൂമിയിൽ വെള്ളം കയറി. വൈദ്യുതി, ടെലിഫോൺ പോസ്റ്റുകൾ, മൊബൈൽ ടവറുകൾ എന്നിവ തകർന്നുവീണു. ബംഗാളിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 2.5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.മരം വീണും പൊട്ടിവീണ വൈദ്യുതക്കമ്പികളിൽനിന്നു ഷോക്കേറ്റും വെള്ളത്തിൽവീണുമാണു കൂടുതൽ മരണങ്ങളും.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാൾ, ഒഡീഷ മുഖ്യമന്ത്രിമാരുമായി സംസാരിച്ച് സ്ഥിതി വിലയിരുത്തി.കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾ ആൾനാശം കുറച്ചുവെന്നു ഡൽഹിയിൽ നാഷനൽ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി (എൻസിഎംസി) യോഗം വിലയിരുത്തി. 

ദുരന്ത നിവാരണ സേനയെ നിയോഗിച്ചതും ബംഗാളിലും ഒഡീഷയിലുമായി 7 ലക്ഷം പേരെ മുൻകൂർ മാറ്റിപ്പാർപ്പിക്കാനായതും പ്രയോജനം ചെയ്തുവെന്ന് ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ പറഞ്ഞു.

ദക്ഷിണ കൊല്‍ക്കത്തയിലെ അന്‍വര്‍ ഷാ റോഡിൽ കനത്ത മഴയിലും കാറ്റിലും ട്രാന്‍സ്‌ഫോമറുകള്‍ പൊട്ടിത്തെറിച്ചു. വന്‍മരങ്ങള്‍ കടപുഴകി വീഴുന്നതും വീടുകള്‍ അപ്പാടെ കാറ്റില്‍ ചിതറിത്തെറിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. മിക്ക കെട്ടിടങ്ങളുടെയും ചില്ലുജനാലകള്‍ തകര്‍ന്നു. മണിക്കൂറില്‍ നൂറുകിലോമീറ്ററിലധികം വേഗത്തില്‍ കാറ്റ് ചീറിയെത്തിയപ്പോള്‍ കാറുകള്‍ പറന്നു പൊങ്ങി ഒന്നിനുമുകളില്‍ ഒന്നായി വീണു.

വലിയ ഹുങ്കാര ശബ്ദത്തോടെയാണ് ഉംപുന്‍ വീശിയടിച്ചതെന്ന് കൊല്‍ക്കത്ത നിവാസികള്‍ ട്വിറ്ററില്‍ കുറിച്ചു. വാതിലുകള്‍ വിറയ്ക്കുകയായിരുന്നു. ജനാലകളുടെ ഗ്ലാസ് പൊട്ടി. കാറ്റിനു പിന്നാലെ വലിയ മഴയെത്തിയെന്നും കൊല്‍ക്കത്ത സ്വദേശികൾ വ്യക്തമാക്കി. ബംഗാളിലും ഒഡീഷയിലുമായി ഏഴുലക്ഷത്തോളം പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചത്. ബംഗ്ലദേശിൽ 24 ലക്ഷം പേരെ ഒഴിപ്പിച്ചു. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ രൂപപ്പെടുന്ന രണ്ടാമത്തെ സൂപ്പര്‍ സൈക്ലോണ്‍ ആണ് ഉംപുന്‍. 1999-ല്‍ വീശിയടിച്ച സൂപ്പര്‍ സൈക്ലോണില്‍ ഒഡീഷയില്‍ പതിനായിരത്തോളം പേരാണു മരിച്ചത്.

English Summary: Cyclone Amphan: Scary videos from West Bengal and Odisha flood social media

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA