sections
MORE

‘നമ്മുടെ പരിഹാരങ്ങൾ പ്രകൃതിയിലുണ്ട്’; ഇന്ന്  രാജ്യാന്തര ജൈവവൈവിധ്യ ദിനം

International Day For Biodiversity
SHARE

നമ്മൾ അകത്ത് അടച്ചിടപ്പെട്ടപ്പോൾ അവർ പുറത്ത് ആഘോഷിക്കുകയായിരുന്നു; പ്രകൃതിയും മനുഷ്യനൊഴികെയുള്ള ജീവികളും. അവർക്കിടയിലേക്കു കടന്നു കയറുന്ന ഒരേ ഒരു വർഗ്ഗം മനുഷ്യനായിപ്പോയി. 

ഇന്ന്  രാജ്യാന്തര ജൈവവൈവിധ്യ ദിനം. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയിൽ നമ്മൾ കാണാതെ പോവുന്ന പലതിന്റെയും സൗന്ദര്യം ഈ അടച്ചിരിപ്പുകാലത്ത് തുറന്നു കാണിക്കുകയാണ് രണ്ടു പേർ–  നിക്കും ഇഷയും. എവിടെ വേണമെങ്കിലും എത്തിപ്പെടാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന യാത്രകളുടെ ലോകത്തിൽ സന്തോഷം കണ്ടെത്തുന്നവർ, പ്രകൃതിയെ സ്നേഹിക്കുന്നവർ. ജനലഴികൾ തുറന്നു കൊടുത്തതും ഇത്തിരി മുറ്റം നിറഞ്ഞു നൽകിയതുമായ കാഴ്ചകളിൽ നിന്നു പകർത്തിയെടുത്ത പ്രകൃതിയിലെ ജീവവൈവിധ്യത്തെ ഒരു കുഞ്ഞുസിനിമയായി ഒരുക്കിയിരിക്കുന്നു. യാത്രാവഴികളുടെ നോട്ടങ്ങളൊഴികെ ബാക്കിയെല്ലാം ഈ ലോക്ഡൗൺ കാലത്തെ വീട്ടുകാഴ്ചകൾ ആണ്.

ഏല്ലാ വർഷവും മേയ് 22 ആണ് രാജ്യാന്തര ജൈവവൈവിധ്യ ദിനം. ഈ വർഷത്തെ ചിന്താവിഷയം ‘നമ്മുടെ പരിഹാരങ്ങൾ പ്രകൃതിയിലുണ്ട്’ (Our Solutions are in Nature) എന്നാണ്. പ്രകൃതിയിലേക്ക് മടങ്ങാനും നമ്മുടെ പ്രശ്നങ്ങളുടെ പരിഹാരങ്ങൾ പ്രകൃതിയിൽനിന്ന് കണ്ടെത്താനും ഉള്ള ഒരു നിർദ്ദേശം കൂടിയാണ് ഈ ദിനം നമുക്ക് നൽകുന്നത്.   

പക്ഷികളും മൃഗങ്ങളും വൃക്ഷലതാദികളും എന്നൊക്കെ ജൈവവൈവിധ്യത്തെ ഒതുക്കിപറയാമെങ്കിലും ഓരോ ജീവിക്കും ചെടിക്കും കുഞ്ഞുകുഞ്ഞു വ്യത്യാസങ്ങളോടെ വൈവിധ്യമാർന്ന ജനുസ്സുകൾ പിന്നെയുമുണ്ടല്ലോ. ഒരു മാവിൽ കായ്കാവുന്ന മാങ്ങകളോളം തന്നെ മാവിനങ്ങൾ ഉണ്ടായിരുന്ന ഒരു നാടായിരുന്നില്ലേ നമ്മുടേത്. ഇന്ന് കുറ്റിയറ്റുപോയ നാടൻ മാവുകൾ ഓർമകളിൽ പോലും അവശേഷിക്കാത്ത ഒരു തലമുറയാണ് നമുക്കുള്ളത്. ജന്തുമൃഗാദികളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. വംശനാശം സംഭവിച്ചവയുടെ കണക്കുകൾ ‘ചുവന്നപുസ്തക’ത്തിൽ നാൾക്കുനാൾ പെരുകുകയാണ്. ഇതൊക്കെ ഇല്ലെങ്കിലും മനുഷ്യനു ജീവിക്കാമല്ലോ എന്നു ചിന്തിക്കുന്നവരോട് എന്തു പറയാൻ!

പ്രകൃതി നൽകുന്ന ശാന്തത അറിയാൻ ഒരു അടച്ചിരിപ്പ് വേണമായിരുന്നോ എന്നു ചോദിക്കരുത്. എന്നും കണ്ടിരുന്നതിനെ മറ്റൊരു വീക്ഷണകോണിൽ കാണാനുള്ള കൺതുറക്കൽ ആയിരുന്നില്ലേ ചിലർക്കെങ്കിലും ഈ ലോക്ഡൗൺ. മനുഷ്യൻ ഉൾവലിഞ്ഞപ്പോൾ പ്രകൃതി കൂടുതൽ സുന്ദരിയായതും ആകാശം കൂടുതൽ തെളിഞ്ഞതും നഗരങ്ങളിൽനിന്നു ദൂരെ ദൂരെ മലനിരകൾ പോലും ദൃശ്യമാവാൻ തുടങ്ങിയതും നമ്മൾ വാർത്തകളിലൂടെ അറിഞ്ഞിരുന്നു.  പ്രകൃതിയൊരുക്കുന്ന, നമ്മൾ കാണാതെ പോവുന്ന, നമുക്ക് ചുറ്റുമുള്ള ഇത്രയെങ്കിലും ഒന്നു കാണൂ എന്നൊരു അപേക്ഷകൂടിയാണിത്. തിരക്കുകളുടെ ഇടയിൽ ഒരു ധ്യാനം പോലെ സ്വയം അറിയാനും അനുഭവിക്കാനും പറ്റുന്ന ഒരു അവസ്ഥയിലേക്ക് പ്രകൃതി നമ്മളെ എത്തിക്കുമെന്ന വിശ്വാസം. ഈ ദിവസത്തിനായി ഒരുക്കിയതൊന്നുമല്ല ഈ ചിത്രം എന്ന് ഇതിനുപുറകിലുള്ളവർ പറയുന്നു.

പസാദിയിലേക്കൊരു ജാലകം ( A Window to Passaddhi) എന്ന് പേരിട്ടിരിക്കുന്ന  ഡോക്യുമെന്ററി ഇവരുടെ രണ്ടാമത്തെ ശ്രമമാണ്. പസാദിയെന്നാൽ പാലിഭാഷയിൽ ശാന്തത എന്നാണ് അർഥം. സ്വസ്ഥത നഷ്ടപ്പെട്ടെന്ന് പരിതപിക്കുന്ന ഒരു അവസ്ഥയിൽ പ്രകൃതിയിലേക്ക് ഒന്ന് നോക്കു എന്നൊരു സൂചന കൂടിയാണിത്. നമുക്ക് ചുറ്റും നമ്മൾ കാണാതെ പോവുന്ന ജൈവവൈവിധ്യത്തിലേക്ക് ഒരു ജാലകക്കാഴ്ച. ഇത്രയേറെ പക്ഷികൾ നമ്മുടെ വീടിനുചുറ്റും ഉണ്ടാകുമ്പോഴും എത്രപേർ അതിനെ കാണാറുണ്ട്, നോക്കാറുണ്ട്? കാണുന്നവയിൽ എത്രയെണ്ണത്തിന്റെ പേരറിയാം? പേരുകൾ നഷ്ടപ്പെടുന്നവ ഭൂമുഖത്തിൽനിന്നു നഷ്ടമാവുമ്പോഴും ആരും അറിയാതെ പോവുന്നു. നമുക്ക് ചുറ്റുമുള്ളവയെങ്കിലും നമുക്കൊന്നു കണ്ടറിഞ്ഞു കൂടെ. രാജ്യാന്തര ജൈവവൈവിധ്യദിനത്തിൽ ഈ ചിത്രം ഒന്നും കണ്ടു നോക്കൂ.

English Summary: International Day For Biodiversity Theme This Year: "Our Solutions Are In Nature"

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA