ADVERTISEMENT

വീട്ടിലെ ഉറുമ്പുകളുടെ എണ്ണം, മുറ്റത്തെ പൂക്കളിലെത്തുന്ന വണ്ടുകളിലെ വൈവിധ്യം, പിന്നാമ്പുറത്തെത്തുന്ന കാക്കകളുടെ എണ്ണം എന്നു വേണ്ട രസകരമായ നിരീക്ഷണങ്ങളുടെ പങ്കുവയ്ക്കലുകളോടെയായിരുന്നു സമൂഹമാധ്യമത്തിലെ ലോക്ഡൗൺ ദിനങ്ങൾ തുടങ്ങിയത്. വീട്ടിലിരുന്ന് ബോറടിച്ച് കണ്ണിൽ കണ്ടതെല്ലാം എണ്ണിതീർത്തെന്ന് ബഡായി അടിച്ചവരുടെ പോസ്റ്റുകൾ കണ്ടപ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർക്ക് തലയിൽ പുത്തനാശയത്തിന് ബൾബ് കത്തി. നമ്മുടെ മുറ്റത്തും തൊടിയിലുമുള്ള ജീവജാലങ്ങളുടെ ഒരു കണക്കെടുപ്പ് നടത്തിയാലോ?! അങ്ങനെയാണ് 'ലോക്ഡൗൺ ബാക്ക്യാർഡ് ബയോബ്ലിറ്റ്സ് കേരള' (Lockdown backyard bioblitz Kerala) എന്ന പ്രൊജക്ടിന്റെ തുടക്കം. നമ്മുടെ കൺവെട്ടത്തുണ്ടായിട്ടും നാം ശ്രദ്ധിക്കാതെ വിട്ട ജീവജന്തുജാലങ്ങളെ കണ്ടെത്താനുള്ള ശാസ്ത്രീയ ശ്രമം. 

വീട്ടിലെത്തിയ ഉറുമ്പു മുതൽ പറമ്പിൽ ചക്ക തേടിയെത്തിയ കാട്ടാന വരെയുള്ള അയ്യായിരത്തലിധികം നിരീക്ഷണങ്ങൾ ഈ പ്രൊജക്ടിന്റെ ഭാഗമായി രേഖപ്പെടുത്തി. ഐ നാച്വറലിസ്റ്റ് ഡോട്ട് ഓർഗിൽ രജിസ്റ്റർ ചെയ്ത 203 നിരീക്ഷകരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. കണ്ടെത്തിയ അയ്യായിരത്തിലധികം സ്പീഷീസുകളിൽ മൂവായിരത്തോളം കണ്ടെത്തലുകൾ ഇനിയും പൂർണമായ ഐഡിന്റിഫിക്കേഷനു കാത്തു കിടക്കുന്നു. ശാസ്ത്രീയ നാമം, സാധാരണ നാമം, ഫാമിലി, സ്പീഷീസ് എന്നിങ്ങനെ പൂർണ ഐഡന്റിഫിക്കേഷൻ പൂർത്തിയായത് ഇതിൽ രണ്ടായിരത്തോളം സ്പീഷീസുകളുടെയാണ്.  

ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവർ മുതൽ വീട്ടമ്മമാർ വരെയുള്ള വലിയൊരു സംഘത്തിന്റെ പ്രയത്നം ഇതിലുണ്ട്. ഷഡ്പദങ്ങളും ഇഴ‍ന്തുക്കളും പൂച്ചയും പല്ലിയും കാക്കയും മാത്രമല്ല നമുക്കു ചുറ്റും എത്രയധികം ജീവവസ്തുക്കളുണ്ടെന്ന് സ്വയം തിരിച്ചറിയുക കൂടിയായിരുന്നു ഇവർ. ഓരോ നിരീക്ഷണവും കണ്ടെത്തലും അമേരിക്ക 'കണ്ടുപിടിച്ച' കൊളംബസിനെപ്പോലെ അവർ ആഘോഷിച്ചു. പ്രകൃതി നിരീക്ഷണത്തിന്റെ രസമറിഞ്ഞാണ് ഈ ലോക്ഡൗൺ ദിനങ്ങൾ അവർ ചെലവഴിച്ചത്. കൗതുകം നിറഞ്ഞ കണ്ണുകളോടെ ചുറ്റുമുള്ള പ്രകൃതിയെ നോക്കിക്കാണാനും അറിയാനും സമയം കണ്ടെത്തിയ ആ പരിസ്ഥിതിസ്നേഹികൾ മനോരമ ഓൺലൈനിൽ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.  

ആശയത്തിന്റെ പിറവി

ചുറ്റുവട്ടത്തെ ജൈവവൈവിധ്യങ്ങളെ ഡോക്യുമെന്റ് ചെയ്യുക എന്ന ആശയം പിറന്ന വഴികളെക്കുറിച്ച് പക്ഷിനിരീക്ഷകനും പരിസ്ഥിതിപ്രവർത്തകനുമായ മനോജ് കരിങ്ങാമഠത്തിൽ പറയുന്നതിങ്ങനെ: ലോക്ഡൗൺ സമയത്ത് ഫീൽഡിൽ പോകാൻ നിവൃത്തിയില്ല. പക്ഷികളെയും പൂമ്പാറ്റകളെയും നിരീക്ഷിക്കുന്നവരാണെങ്കിൽ ഒഴിവുള്ള സമയം അടുത്തുള്ള ഹാബിറ്റാറ്റിൽ പോകവുകയും അവിടെ സമയം ചെലവഴിക്കുകയും ചെയ്യാറുണ്ടായിരുന്നു. ലോക്ഡൗൺ ആയപ്പോൾ ആർക്കും വീടിനു പുറത്തേക്കു പോകാൻ പറ്റാത്ത അവസ്ഥയായി. അതോടെ വീട്ടിലിരുന്നായി നിരീക്ഷണങ്ങളും പടമെടുക്കലുകളും. കുറച്ചുപേർ അതു ഫെയ്സ്ബുക്കിലിടുന്നുണ്ടായിരുന്നു. വീട്ടിലെ എല്ലാ പ്രാണികളെയും തിരഞ്ഞു പിടിച്ച് പടമെടുത്ത് ഇടുന്നവർ വരെയുണ്ടായിരുന്നു അക്കൂട്ടത്തിൽ. ഇതു കണ്ടപ്പോഴാണ് പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങൾ ഡോക്യുമെന്റ് ചെയ്യാമെന്ന ആലോചന വന്നത്. ഐ നാച്ചുറലിസ്റ്റ്.ഓർഗ് (inaturalist.org) എന്ന സൈറ്റിൽ ഒരു പ്രൊജക്ട് ആയി ചെയ്യാമെന്ന ആശയം വന്നു. 

എന്താണ് ഐ നാച്വറലിസ്റ്റ്?

നാച്ചുറലിസ്റ്റുകളുടെ സോഷ്യൽ മീഡിയ നെറ്റ്വർക്കാണ് ഐ നാച്ചുറലിസ്റ്റ്. ഇൻസ്റ്റഗ്രാം അല്ലെങ്കിൽ ഫെയ്സ്ബുക്ക് പോലെ ജീവജാലങ്ങളുടെ ചിത്രങ്ങളെടുത്ത് പോസ്റ്റ് ചെയ്യാം. കമന്റ് ചെയ്യാം. ലൈക്ക് ചെയ്യാം. അതിൽ ഓരോ ദിവസത്തെയും നമ്മുടെ ഒബ്സർവേഷൻസ് കൊടുക്കാൻ കഴിയും. ഏതു സ്പീഷീസ് ആണെന്ന് അറിയാമെങ്കിൽ അതിൽ കൊടുക്കാം. അല്ലെങ്കിൽ അതിനെക്കുറിച്ചുള്ള വിവരങ്ങൾ മറ്റുള്ളവരിലൂടെ അറിയാം. അങ്ങനെ തുടങ്ങിയ പ്രൊജക്ട് ലോക്ഡൗണിന്റെ രണ്ടു മാസങ്ങൾ പിന്നിടുമ്പോൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറിലധികം ആളുകൾ ഇതിൽ പങ്കാളികളായി. എല്ലാവരും പങ്കു വയ്ക്കുന്നത് സ്വന്തം വീട്ടിലെയും പറമ്പിലെയും ചിത്രങ്ങളാണ്. 3200ൽ പരം നിരീക്ഷണങ്ങൾ വന്നു. രണ്ടായിരത്തിൽപ്പരം സ്പീഷീസുകളെ അതിലൂടെ കണ്ടെത്താൻ കഴിഞ്ഞു. ഇനിയുമേറെ ഒബ്സർവേഷൻസ് തിരിച്ചറിയാനുണ്ട്. ഓരോ ദിവസവും നമ്മളിതു വരെ കാണാത്ത, അറിയാത്ത ജീവജാലങ്ങളുടെ ചിത്രങ്ങളും വിവരങ്ങളുമാണ് പങ്കുവയ്ക്കപ്പെട്ടതെന്ന് മനോജ് പറയുന്നു. 'എല്ലാവർക്കും വലിയ ആവേശമായിരുന്നു. ഓരോ ദിവസവും പുതിയ സ്പീഷീസുകളെ കണ്ടെത്തി അതിന്റെ ഫോട്ടോ എടുത്ത് പങ്കുവയ്ക്കപ്പെട്ടു. പിന്നെ അതു തിരിച്ചറിയാനുള്ള ശ്രമങ്ങളായിരുന്നു,' മനോജ് പറഞ്ഞു. 

ഇത്രയും ജീവികൾ നമ്മുടെ മുറ്റത്തോ?

ആവേശകരമായ അനുഭവങ്ങളാണ് ബാക്ക്യാർഡ് ബയോബ്ലിറ്റ്സ് പ്രകൃതിനിരീക്ഷകർക്കു സമ്മാനിച്ചത്. വീട്ടമ്മമാർ മുതൽ പ്രക‍ൃതി നിരീക്ഷകർ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള ഇരുന്നൂറിലധികം പേർ പ്രൊജക്ടിനുവേണ്ടി വിവരശേഖരണം നടത്തി. കോതമംഗലത്തെ വീട്ടിലിരുന്നായിരുന്നു രഞ്ജിത് മാത്യുവിന്റെ പ്രകൃതി നിരീക്ഷണം. വിദ്യാഭ്യാസവകുപ്പിൽ ഉദ്യോഗസ്ഥനായ രഞ്ജിത് ലോക്ഡൗണിൽ വീടിനടുത്തു നിന്നു കണ്ടെത്തിയത് അപൂർവ ഇനത്തിൽപ്പെട്ട മൂന്നു തുമ്പികളെയാണ്. "എന്റെ വീടിന്റെ ഒരു വശത്തോടു കൂടി ഭൂതത്താൻകെട്ട് ഡാമിൽ നിന്നുള്ള കനാൽ ഒഴുകുന്നുണ്ട്. വെള്ളത്തിന്റെ സാന്നിധ്യമുള്ളതിനാൽ നിരവധി തുമ്പികളുണ്ട് ഇവിടെ. ഈ ലോക്ഡൗൺ സമയത്ത് അപൂർവമായ മൂന്നു തുമ്പികളെ കാണാൻ കഴിഞ്ഞതാണ് എന്റെ വ്യക്തിപരമായ സന്തോഷം. അതുകൂടാതെ കുറെയധികം തുമ്പികളെ ഡോക്യുമെന്റ് ചെയ്യാൻ കഴിഞ്ഞു. കനാലിനു ചുറ്റുമുള്ള സ്ഥലങ്ങളിലെ ചെറിയ കുറ്റിച്ചെടികളും മരങ്ങളും കുറ്റിക്കാടുകളുമെല്ലാം ഇങ്ങനെയുള്ള ജീവികളുടെ ആവാസ വ്യവസ്ഥയാണ്. അതിനാൽ, പക്ഷികൾ, പൂമ്പാറ്റകൾ, പ്രാണികൾ, പല്ലികൾ, തവളകൾ, എട്ടുകാലികൾ തുടങ്ങി നിരവധി ജീവികളെ ഡോക്യുമെന്റ് ചെയ്യാൻ കഴിഞ്ഞു," രഞ്ജിത് പറഞ്ഞു. 

Jungle Babbler

പക്ഷിനിരീക്ഷണം നടത്തി പരിചയമുള്ള വ്യക്തിയാണ് വിദ്യാർത്ഥിയായ സിസി. പക്ഷേ, വീട്ടുവളപ്പിലേക്ക് ശ്രദ്ധ തിരിഞ്ഞത് ഈ ലോക്ഡൗൺ ദിവസങ്ങളിലാണെന്നു മാത്രം. വീട്ടിലെ ഇത്തിരിവട്ടത്തിൽ കണ്ടെത്തിയ ജീവജാലങ്ങൾ അദ്ഭുതപ്പെടുത്തുന്നതായിരുന്നെന്ന് സിസി പറയുന്നു. "ആകെ കുറച്ച് സ്ഥലമേയുള്വഊ. അതിലാണ് ഇത്രയും വൈവിധ്യമുള്ള ജീവജാലങ്ങൾ. അമ്പരപ്പിച്ചത് എട്ടുകാലികളായിരുന്നു. എത്ര തരത്തിലുള്ളവയാണ് നമ്മുടെ ചുറ്റുവട്ടത്തുള്ളത്!. പിന്നെ, തുമ്പികൾ, പ്രാണികൾ, ഉറുമ്പുകൾ... ഇതെല്ലാം നിരീക്ഷിക്കുന്നതും ഫോട്ടോ എടുക്കുന്നതും ത്രില്ലിങ് അനുഭവമായിരുന്നു. പുറത്തു പറന്നു നടക്കുന്ന കാക്ക മുതൽ ഇലയുടെ അടിയിലെ പുഴുവിനെ വരെ നിരീക്ഷിക്കാൻ കഴിഞ്ഞു. ആദ്യം ഇതെല്ലാം ഒറ്റയ്ക്കായിരുന്നു ചെയ്തത്. പിന്നീടായപ്പോൾ അമ്മയും അനിയത്തിമാരും അനിയനും കൂടെക്കൂടി," സിസി തന്റെ ലോക്ഡൗൺ നിരീക്ഷണ അനുഭവങ്ങൾ പങ്കുവച്ചു.

കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിലിരുന്നായിരുന്നു സണ്ണി ജോസഫിന്റെ നിരീക്ഷണവും ഡോക്യുമെന്റേഷനും. "അപ്പാർട്മെന്റിന്റെ എട്ടാം നിലയിലാണ് ഞാൻ താമസിക്കുന്നത്. അവിടെ നിന്നായിരുന്നു ലോക്ഡൗണിലെ എന്റെ നിരീക്ഷണങ്ങൾ. ഏകദേശമൊരു നൂറിനു മുകളിൽ ജീവികളെ ഈ ചുറ്റുവട്ടത്തു നിന്നു എനിക്ക് കണ്ടെത്താനായി. അത് ബാക്ക്യാർഡ് ബയോബ്ലിറ്റ്സുമായി പങ്കുവയ്ക്കാൻ കഴിഞ്ഞത് ലോക്ഡൗൺ കാലത്തെ എന്റെ ഒരു സന്തോഷമായി കണക്കാക്കുന്നു," സണ്ണി ജോസഫ് പറഞ്ഞു.   

വീട്ടമ്മയായ പ്രിയക്ക് ഈ പ്രോജക്ട് തുറന്നിട്ടത് അറിവിന്റെ പുതിയൊരു ലോകമായിരുന്നു. യാത്രകളൊന്നും പോകാൻ കഴിയാതെ വീട്ടിൽ ഇരിക്കേണ്ടി വന്നപ്പോൾ ക്യാമറയുമെടുത്ത് തൊടിയിലേക്കിറങ്ങിയ പ്രിയ 175ലധികം സ്പീഷീസുകളെ സ്വന്തം വീട്ടുമുറ്റത്തു നിന്നു കണ്ടെത്തി. പുനലൂർ സ്വദേശിയായ അനിലയുടെ അനുഭവവും സമാനമായിരുന്നു. "വീടിനു ചുറ്റും എത്ര തരം ചെടികളുണ്ട്. അവയിൽ ഔഷധഗുണമുള്ളവ എത്ര? ഭക്ഷ്യയോഗ്യമായവ ഏതൊക്കെ? എത്ര തരം പാമ്പുകളും തവളകളും മറ്റു ജീവജാലങ്ങളുമുണ്ട്... ഏതൊക്കെ പക്ഷികളുണ്ട്... ഇതെല്ലാം ഞാൻ അന്വേഷിച്ചത് ഈ ലോക്ഡൗൺ കാലത്താണ്. ഐ നാച്വറലിസ്റ്റ് പ്ലാറ്റ്ഫോമിൽ പല മേഖലയിലെ വിദഗ്ദരുണ്ട്. ഒരു ഫോട്ടോ എടുത്ത് ഷെയർ ചെയ്താൽ, അതിനെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ഇവർ പറഞ്ഞു തരും," അനില പറയുന്നു. 

ജോലി ചെയ്യുന്നത് നഴ്സ് ആയിട്ടാണെങ്കിലും പ്രകൃതി നിരീക്ഷണത്തിൽ താൽപര്യമുള്ള വ്യക്തിയാണ് ഏഴുപുന്ന സ്വദേശിയായ രഞ്ജു. കോവിഡ് കാലത്തെ തിരക്കിനിടയിലും  ഇരുന്നൂറിലധികം സ്പീഷീസുകളുടെ നാനൂറിലധികം ചിത്രങ്ങളും വിഡിയോകളുമാണ് രഞ്ജു പങ്കുവച്ചത്. അതോടൊപ്പം നിരവധി സുഹൃത്തുക്കളെ ഈ പ്രൊജക്ടിലേക്ക് കൊണ്ടുവരാനും രഞ്ജുവിന് കഴിഞ്ഞു. 

കാട് മുതൽ കടൽ വരെ

കാടും വയലും കായലും കടലുമെല്ലാം ഉൾപ്പെടുന്ന കേരളത്തിലെ പുരയിടങ്ങളിലെ ജീവജന്തുസസ്യജാലങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ ഈ പ്രോജക്ടിന്റെ ഭാഗമായി കഴിഞ്ഞു. എഴുപതിലധികം ദിവസങ്ങൾ നീണ്ടു നിന്ന ഇത്തരത്തിലൊരു ബൃഹദ് സംരംഭം കേരളത്തിൽ ആദ്യമായാണ് നടക്കുന്നത്. ഒന്നു രണ്ടു ദിവസങ്ങൾ നീളുന്ന ക്യാംപുകളും ഡോക്യുമെന്റേഷനും ഇതിനു മുൻപും നടന്നിട്ടുണ്ടെങ്കിലും അതിലെ കണ്ടെത്തലുകൾ സാധാരണക്കാർക്ക് ലഭ്യമായിരുന്നില്ല. ബാക്ക്യാർഡ് ബയോബ്ലിറ്റ്സിലെ ഒബ്സർവേഷൻസ് ക്രിയേറ്റീവ് കോമൺസിൽ പബ്ലിക് ഡൊമൈനിൽ ലഭ്യമാണ്. പലരും വെറുതെ സമൂഹമാധ്യമങ്ങളിൽ സ്റ്റാറ്റസ് ആയും പോസ്റ്റായും ഇടുന്ന വിവരങ്ങൾ കൃത്യമായി ഒരു പ്ലാറ്റ്ഫോമിൽ ഡോക്യുമെന്റ് ചെയ്യാനായി എന്നതാണ് ഈ പ്രൊജക്ടിന്റെ വിജയം. സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരങ്ങളുടെ 'സോഷ്യലൈസിങ്' മാത്രമേ നടക്കുന്നുള്ളൂ. വിവരശേഖരണം നടക്കുന്നില്ല. അവിടെയാണ് ഈ സിറ്റിസൺ പ്രൊജക്ട് പ്രസക്തമാകുന്നത്. 

ഇത് സിറ്റിസൺ സയൻസ്

സാധാരണക്കാരെ പങ്കെടുപ്പിച്ച് ലോകത്താകമാനം ഇത്തരം ചില ഉദ്യമങ്ങൾ നടക്കുന്നുണ്ട്. ഇതിനെ സിറ്റിസൺ സയൻസ് എന്നാണ് പറയുക. പൊതുജനങ്ങൾ കൂടി ശാസ്ത്രപദ്ധതികളുടെ ഭാഗമാകുന്ന ഒന്നാണിത്.  ലണ്ടനിൽ ഏഴായിരത്തോളം പേരാണ് ഇത്തരം പ്രൊജക്ടിൽ പങ്കാളികളാകുന്നത്. 25 വർഷങ്ങളായി ഈ രീതിയിൽ വിവരശേഖരണം അവർ നടത്തുന്നു. പ്രകൃതിയോടും ശാസ്ത്രത്തോടും ആഭിമുഖ്യമുള്ള ഒരു കമ്മ്യൂണിറ്റിയെ വളർത്തുന്നതിന് ഈ പ്രൊജക്ട് അവരെ സഹായിച്ചിട്ടുണ്ട്. നമ്മുടെ വീട്ടുവളപ്പിലെ ജീവജാലങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ പോലും ഇവിടെയില്ല. അതിലേക്കുള്ള ഒരു ചുവടുവയ്പായി ഈ പ്രോജക്ടിനെ കാണാം. കൂടുതൽ ആളുകൾ ഇതിൽ പങ്കാളികളാകുകയും വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്താൽ മികച്ച രീതിയിൽ ഇതു മുന്നോട്ടു കൊണ്ടു പോകാം. ‍സ്മാർട്ട്ഫോണും ഇന്റർനെറ്റും വ്യാപകമായതോടെ ഏതൊരു സാധാരണക്കാരനും നമ്മുടെ ചുറ്റുപാടുകളെ അറിയാനും പഠിക്കാനും ഇതിലൂടെ അവസരം ഒരുങ്ങുകയാണ്.  

എത്ര കിളികളുടെ പാട്ടറിയാം?

ലഭ്യമായ ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ച് നമുക്ക് ചുറ്റുവട്ടത്തിലുള്ള ജീവജാലങ്ങളെ അറിയാനുള്ള ലോക്ഡൗൺ ബാക്ക്യാർഡ് ബയോബ്ലിറ്റ്സ് കേരളയുടെ ശ്രമം, ഈ വഴിയിൽ ഇനി വരാനിരിക്കുന്നവർക്ക് ഒരു മുതൽക്കൂട്ടാണ്. ഇതൊരു തുടക്കം മാത്രമാണ്. ഇതിന്റെ ചുവടു പിടിച്ച് കേരളത്തിന്റെ ജൈവവൈവിധ്യത്തിന്റെ സമ്പന്നത അടയാളപ്പെടുത്താൻ കഴിയുന്ന പ്രൊജക്ടുകൾ പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കാൻ ഇവർക്ക് പദ്ധതിയുണ്ട്.  'എത്ര കിളികളുടെ പാട്ടറിയാമെന്നും എത്ര മരത്തിൻ തണലറിയാമെന്നും എത്ര പുഴയുടെ കുളിരറിയാമെന്നും എത്ര പഴങ്ങളുടെ രുചി അറിയാമെന്നും എത്ര പൂവുകളുടെ മണം അറിയാമെന്നും വെറുതെ ഓർത്തുനോക്കുന്നവർ'ക്ക് ഇവരുടെ ഈ കണ്ടെത്തലുകൾ ആവേശം നിറയ്ക്കുന്ന അറിവുകളാണ്. അറിയുമ്പോൾ അറിയാം ഇനിയും അറിയാൻ ഒത്തിരി അറിവുകൾ ബാക്കിയുണ്ടെന്ന്! 

English Summary: Lockdown backyard bioblitz Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com