ADVERTISEMENT

ഇതാദ്യമായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം രാജ്യത്തെ കാലാവസ്ഥയില്‍ ആഗോളതാപനം ഏതു തരത്തിലുള്ള മാറ്റമാണ് സൃഷ്ടിക്കുകയെന്നത് സംബന്ധിച്ച് വിശദമായ പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുകയാണ്. ഹിമാലയന്‍ മേഖലയും ഇന്ത്യന്‍ മഹാസമുദ്ര മേഖലയും ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിനു ശേഷമാണ്  വിശദമായ റിപ്പോര്‍ട്ട് ഇന്ത്യന്‍ ഗവേഷകര്‍ തയ്യാറാക്കിയിരിക്കുന്നത്.  ആഗോളതാപനം മൂലം കഴിഞ്ഞ 100 വര്‍ഷത്തിനിടെ മേഖലയിലെ കാലാവസ്ഥ എങ്ങനെ മാറി എന്നതു സംബന്ധിച്ചും അടുത്ത നൂറ് വര്‍ഷത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിക്കും എന്നതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. 

hottest on record

ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ഇന്ത്യയിലെ അന്തരീക്ഷ താപനിലയില്‍ 4.4 ഡിഗ്രി സെല്‍ഷ്യസിന്‍റെ വർധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ആഗോളതലത്തിലുള്ള കാര്‍ബര്‍ ബഹിര്‍ഗമന തോതില്‍ കുറവുണ്ടായാല്‍ മാത്രമേ ഈ താപനില വർധനവിലും കുറവുണ്ടാകാന്‍ ഇടയുള്ളു.  ഇനി അഥവാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കാര്‍ബണ്‍ ബഹിര്‍ഗമന തോത് കുറച്ചാലും അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ താപനില ശരാശരി 2 ഡിഗ്രി സെല്‍ഷ്യസ്‍ വർധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

‘Assesment of climate change over the Indian region’ അഥവാ ഇന്ത്യന്‍ മേഖലയിലെ കാലാവസ്ഥാ വ്യതിയാന തോത് എന്ന പേരിലാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. സ്പ്രിങര്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ട് പുണെയിലുള്ള സെന്‍റര്‍ ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് റിസര്‍ച്ചിലെ (സിസിസിആർ) ഡോ. ആര്‍ കൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ ചേര്‍ന്നാണു തയാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടിലെ മൂന്ന് അധ്യായങ്ങള്‍ തയാറാക്കിയിരിക്കുന്നത് സിസിസിആറിലെ മുതിര്‍ന്ന ഗവേഷകനും മലയാളിയുമായ ഡോ. സാബിന്‍ ടി.പി. ആണ്. 

കാലാവസ്ഥാ വ്യതിയാനം ഇന്ത്യയില്‍ സൃഷ്ടിച്ച ആഘാതങ്ങള്‍

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഏതാനും പതിറ്റാണ്ടുകളായി തന്നെ ഇന്ത്യയുടെ വിവിധ മേഖലകളില്‍ സാരമായ ആഘാതം ഏൽപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതിന്‍റെ ഗൗരവം പൂര്‍ണമായും ബോധ്യപ്പെട്ടു തുടങ്ങുന്നത് കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തിനിടയിലാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഭൗമഗവേഷണ മന്ത്രാലയത്തിന്‍റെ കീഴിലുള്ള ഒരു സ്ഥാപനം ഇത്തരം ഒരു വിശദമായ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കാലാവസ്ഥാ വ്യതിയാനത്തെയും അത് സൃഷ്ടിക്കാന്‍ പോകുന്ന ആഘാതങ്ങളെയും രാജ്യം ഗൗരവമായി  സമീപിച്ചു തുടങ്ങിയിരിക്കുന്നു എന്നതിനു കൂടി തെളിവാണ് ഈ റിപ്പോര്‍ട്ട്. 

Climate Crisis

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യ നേരിടുന്ന രൂക്ഷമായ പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളുമെല്ലാം ഒരു പരിധി വരെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പേമാരി എന്നു തന്നെ വിളിക്കാവുന്ന, വലിയ അളവിലുള്ള മഴ ചുരുങ്ങിയ സമയത്ത് പെയ്യുന്ന സംഭവങ്ങള്‍ രാജ്യത്ത് 1950 നും 2015 നും ഇടയില്‍ പല മടങ്ങ് വർധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേകിച്ചും കേരളം ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലയില്‍. ഒപ്പം രാജ്യത്ത് വീശുന്ന ചൂട് കാറ്റിന്‍റെ അളവിലും ഇതിനകം നാല് ഇരട്ടിയലധികം വർധനവുണ്ടായിട്ടുണ്ട്. ഇത് 2100 ആകുമ്പോഴേയ്ക്കും ഇനിയും പല മടങ്ങ് വർധിക്കും.

മണ്‍സൂണും കാലാവസ്ഥാ വ്യതിയാനവും

ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഇത്തവണ ഇന്ത്യയില്‍ ലഭിക്കുന്ന മണ്‍സൂണ്‍ സാധാരണ ഗതിയിലായിരിക്കുമെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ‘നോര്‍മല്‍’ എന്ന് വിലയിരുത്തപ്പെടുന്ന ഈ മണ്‍സൂണിലും പഴയ കണക്കുകള്‍ വച്ച് നോക്കിയാല്‍ ആകെ ലഭിക്കുന്ന മഴയില്‍ കുറവുണ്ടാകുന്നതായി കാണാം. 1950 മുതലുള്ള കണക്കുകള്‍ പ്രകാരം പശ്ചിമഘട്ടത്തിലും മധ്യ ഇന്ത്യയിലും ലഭിക്കുന്ന മണ്‍സൂണ്‍ മഴയില്‍ 7 ശതമാനം വരെ കുറവുണ്ടായതായി ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാവസായിക ശാലകളില്‍ നിന്നും മറ്റും ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളുടെ ഫലമായുള്ള എയറോസോളും ഹരിതഗൃഹ വാതകങ്ങളും ചേര്‍ന്ന് അന്തരീക്ഷത്തില്‍ സൃഷ്ടിക്കുന്ന മൂടുപടം പോലുള്ള അവസ്ഥ വടക്കേ ഇന്ത്യയില്‍ മഴ കുറയാന്‍ കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതേ പ്രതിഭാസം തന്നെ സോളാര്‍ ഇന്‍സുലേഷനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതാകട്ടെ ക്രമേണ മണ്‍സൂണ്‍ മഴയിലും കുറവുണ്ടാകാന്‍ കാരണമാകുന്നു. ആകെ മണ്‍സൂണ്‍ മഴയില്‍ കുറവുണ്ടാക്കുമെങ്കിലും ഈ ഹരിതഗൃഹ വാതകങ്ങള്‍ നേരത്തെ പറഞ്ഞ പൊടുന്നനെയുള്ള കൂറ്റന്‍ പേമാരികള്‍ക്കു കാരണമാകുന്നുണ്ട്. അതായത് കുറച്ച് സമയം കൊണ്ട് വലിയ അളവില്‍ മഴ ലഭിക്കുന്ന പ്രതിഭാസം. ഹരിതഗൃഹ വാതകങ്ങള്‍ മൂലം താപനില വർധിച്ച അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതല്‍ അളവില്‍ തങ്ങി നില്‍ക്കുന്നതാണ് ഇതിലേക്കു നയിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ സമീപകാലത്തായി വർധിച്ചു വരുന്നുണ്ട്. രണ്ട് തരത്തിലാണ് ഈ പ്രതിഭാസങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഒന്ന് പെട്ടെന്നുണ്ടാകുന്ന കനത്ത മഴ മൂലം പൊട്ടിപ്പുറപ്പെടുന്ന വെള്ളപ്പൊക്കങ്ങള്‍. മറ്റൊന്ന് മഴയുടെ ആകെ തോതിലുണ്ടാകുന്ന കുറവ് മൂലം അനുഭവപ്പെടുന്ന വരള്‍ച്ച.

Assesment of climate change over the Indian region

ഈ സാഹചര്യം തുടരുന്നതോടെ ഗംഗാസമതലമേഖലയിലും, മധ്യ ഇന്ത്യയിലും വരും ദശാബ്ദങ്ങളില്‍ രണ്ട് വീതം വലിയ വരള്‍ച്ച ഉണ്ടാകാനിടയുണ്ടെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 2100 ആകുമ്പോഴേയ്ക്കും വരള്‍ച്ചയുടെ അളവില്‍ 150 ശതമാനത്തിലേറെ വർധനവുണ്ടാകുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിമാലയന്‍, ഹിന്ദുകുഷ്‍ പര്‍വത നിരകളിലെ ശരാശരി താപനിലയില്‍ 5.2 ഡിഗ്രി സെല്‍ഷ്യസ് വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. കൂടാതെ ഹിമാലയന്‍ മേഖലയില്‍ മഞ്ഞുപാളികള്‍ വലിയ അളവില്‍ ഉരുകി ഒലിക്കും. ഇന്ത്യന്‍ മഹാസമുദ്രം ചൂട് പിടിയ്ക്കുന്നതോടെ കടല്‍ ജലനിരപ്പും അപകടകരമാം വിധം ഉയരാന്‍ സാദ്ധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

കടല്‍ ജലനിരപ്പിലെ വർധന

ആഗോള തലത്തിലുണ്ടാകുന്ന മാറ്റങ്ങളും ഇന്ത്യയേയും തൊട്ടു കിടക്കുന്ന മറ്റ് മേഖലകളെയും ബാധിയ്ക്കുന്നുണ്ട്. ഇതിന് ഉദാഹരണമാണ് ധ്രുവമേഖലകളിലെ മഞ്ഞുപാളികളുടെ ഉരുകലില്‍ ഉണ്ടാകുന്ന വർധനവ് ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍. 1874 നും 2005 മും ഇടയ്ക്ക് ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വര്‍ഷം തോറും 1.75 മില്ലി മീറ്റര്‍ വരെ സമുദ്ര ജല നിരപ്പില്‍ വർധനവുണ്ടായിട്ടുണ്ട്. എന്നാല്‍ 1993 മുതല്‍ 2005 വരെയുള്ള കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ വര്‍ഷം തോറുമുള്ള വർധനവ് 3.3 മില്ലി മീറ്ററാണെന്ന് കാണാം. മഞ്ഞുപാളികളുടെ ഉരുകലിനൊപ്പം തന്ന കടല്‍ ജലം ചൂട് പിടിച്ച് വികസിക്കുന്നതും ഈ വർധനവിന് കാരണമായിട്ടുണ്ട്. ഇപ്പോഴത്തെ കണക്കു കൂട്ടലനുസരിച്ച് 2100 ആകുമ്പോഴേയ്ക്ക് ഇന്ത്യയ്ക്ക് ചുറ്റുമുള്ള സമുദ്രമേഖലയിലെ ജലനിരപ്പ് ഏതാണ്ട് 20 മുതല്‍ 30 സെന്‍റിമീറ്റര്‍ വരെ വർധിക്കും. 

sealevel rise

മള്‍ട്ടി പെറ്റാ ഫ്ലോപ് സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ഉള്‍പ്പടെയുള്ള അത്യാധുനിക സാങ്കേതിവിദ്യ ഉപയോഗിച്ചാണ് കാലാവസ്ഥയിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ ഐസിസിആർ ഗവേഷകര്‍ നിരീക്ഷിച്ചതും ഇവ കണക്ക് കൂട്ടി ഇപ്പോള്‍ പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നതും. 1992 മുതല്‍ നിശ്ചിത ഇടവേളകളില്‍ ഇന്‍റര്‍ നാഷണല്‍ പാനല്‍ ഫോര്‍ ക്ലൈമറ്റ് ചെയിഞ്ച് (ഐപിസിസി) പുറത്തിറക്കുന്ന കാലാവസ്ഥാ വ്യതിയാന റിപ്പോര്‍ട്ടുകളുടെ ഭാഗമായി ഐസിസിആർ ഗവേഷകരും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം ഇതാദ്യമായാണ് ഇന്ത്യന്‍ മേഖലയുടേത് മാത്രമായ ഒരു റിപ്പോര്‍ട്ട് ഇവര്‍ സ്വതന്ത്രമായി പ്രസിദ്ധീരിക്കുന്നതെന്നു മാത്രം. 2022 ല്‍ പുറത്തിറങ്ങാനിരിക്കുന്ന ഐപിസിസി റിപ്പോര്‍ട്ടിലും ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ഇന്ത്യന്‍ മേഖലാ കാലാവസ്ഥാ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഉള്‍പ്പടെയുള്ള സംഭാവനകള്‍ ഐസിസിആറില്‍ നിന്ന് ഉണ്ടാകുമെന്ന് ‘Assesment of climate change over the Indian region’ റിപ്പോര്‍ട്ടിലെ ലേഖകരില്‍ ഒരാളായ ഡോ. സാബിന്‍ ടി.പി പറയുന്നു. ഐസിസിആറിന്‍റ കാലാവസ്ഥാ വ്യതിയാന റിപ്പോര്‍ട്ട് പ്രസാധകരായ സ്പ്രിങറിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്. 

English Summary: Assesment of climate change over the Indian region

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com