sections
MORE

കടലിലെ കൊലയാളി, വിഷമേറ്റാൽ മരണം; കൂറ്റൻ ജെല്ലിഫിഷുകൾ അപകടകാരികൾ?

 This Giant Jellyfish's Venom Is So Complex, Scientists Aren't Sure What Makes It Deadly
PBS Learning Screenshot
SHARE

ലോകത്ത ഏറ്റവും വൈവിധ്യമാര്‍ന്ന ജീവിവര്‍ഗങ്ങളില്‍ ഒന്നാണ് ജെല്ലിഫിഷുകള്‍. മനുഷ്യനേക്കാള്‍ ഇരട്ടി വലുപ്പമുള്ളവ മുതല്‍ മനുഷ്യരുടെ ചെറുവിരന്റെ അത്ര വലുപ്പമുള്ള ജീവികള്‍ ജെല്ലി ഫിഷ് വിഭാഗത്തിലുണ്ട്. പക്ഷേ ഇത്തരം ജെല്ലിഫിഷുകള്‍ക്കെല്ലാം തന്നെ അവയുടെ ശരീരത്തിന്‍റെ ആകാരത്തിനനുസരിച്ച് തന്നെ വിഷം ഉൽപാദിപ്പിക്കാനുള്ള ശേഷിയുണ്ട്. നീരാളിക്കൈകള്‍ പോലെ പടര്‍ന്നു കിടക്കുന്ന ടെന്‍റക്കിള്‍സുകളിലൂടെയാണ് ഇവ വിഷം ശത്രുവിന്‍റെ ദേഹത്തേല്‍പ്പിക്കുന്നത്. ജെല്ലിഫിഷുകളുടെ വിഷം മനുഷ്യരുടെ മരണത്തിനു പോലും കാരണമാകാറുണ്ട്. 

ജെല്ലിഫിഷുകളിലെ ഏറ്റവും വലുപ്പമേറിയവയില്‍ ഒരു വിഭാഗമാണ്  നെമോപിലേമാ നോമുറെയ് എന്ന വര്‍ഗം. ചൈനയിലെ സമുദ്ര മേഖലകളിലാണ് ഇവ കാണപ്പെടുന്നത് .ചൈന, കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനാളുകക്ക് കടലില്‍ നീന്തുന്നതിനിടെ ഇവയുടെ ആക്രമണമേറ്റിട്ടുണ്ട് . 200 കിലോയോളം ശരാശരി ഭാരം വരുന്ന ഈ ജീവികളുടെ ആക്രമണത്തില്‍ സാരമായ പരിക്കും ഇവരില്‍ പലര്‍ക്കും പറ്റിയിട്ടുണ്ട്. ഇവയുടെ ആക്രമണമേറ്റാല്‍ ആ ഭാഗത്ത് ശക്തമായ വേദനയും നീരുമുണ്ടാകും. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ഇവയുടെ വിഷമേറ്റാല്‍ ഷോക്കേറ്റ പോലുള്ള അവസ്ഥയുണ്ടാകുകയോ ബോധം നഷ്ടപ്പെടുകയോ മരണം വരെ സംഭവിക്കുകയോ ചെയ്യാം.

ഇവയുടെ വിഷം അതീവ അപകടകരമാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഈ വിഷത്തില്‍ ജീവനെടുക്കുന്ന വിധത്തില്‍ മാരകമായ എന്തു ഘടകമാണ് അടങ്ങിയിരിയ്ക്കുന്നതെന്നത് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ഇതേക്കുറിച്ചുള്ള പഠനങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും, വൈകാതെ ജെല്ലിഫിഷുകളുടെ വിഷത്തില അപകടകരമായ ഘടകം ഏതാണെന്ന് കണ്ടെത്താനാകുമെന്നുമാണ് ശാസ്ത്രലോകത്തു നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്ന സൂചന. 

വിഷത്തിന്‍റെ ഘടന

ജെല്ലിഫിഷുകളിലെ വിഷത്തിന്‍റെ ഘടനയെ സംബന്ധിച്ച് ഏറ്റവും ഒടുവില്‍ നടന്ന പഠനത്തില്‍ ഇവയുടെ വിഷത്തിന്‍റെ ജനിതക സ്രോതസ്സുകള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഇതില്‍ നിന്ന് ഈ വിഷത്തിന് മനുഷ്യരുള്‍പ്പടെയുള്ള ജീവികളുടെ ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്ന തരത്തിലുള്ള 200 ലധികം പദാര്‍ത്ഥങ്ങള്‍ ഉണ്ടെന്നു വ്യക്തമായി. എന്നാല്‍ ഇതിലും ആഴത്തില്‍ വിഷപദാര്‍ത്ഥങ്ങളെക്കുറിച്ച് പഠനം നടത്താന്‍ ഗവേഷകര്‍ക്കിപ്പോള്‍ സാധിച്ചിട്ടില്ല. ജെല്ലിഫിഷുകളുടെ വിഷത്തിലെ അപകടകരമായ വസ്തുക്കളെ പ്രോട്ടീനില്‍ നിന്ന് വേര്‍തിരിക്കുന്നതിന് കഴിഞ്ഞിട്ടില്ല എന്നതാണ് കൂടുതല്‍ പഠനത്തിനു വിലങ്ങു തടിയാകുന്നത്. 

അതേസമയം ജെല്ലിഫിഷുകളിലെ വിഷം സംഭരിച്ചു വയ്ക്കുന്ന സെല്ലുകളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഈ പഠനത്തിലൂടെ സാധിച്ചു. നെമാറ്റോസിറ്റ്സ് എന്നു വിളിക്കുന്ന സെല്ലുകളിലാണ് ഇവ വിഷം സംഭരിച്ചു വയ്ക്കുന്നത്. ഈ സെല്ലുകളില്‍ നിന്ന് ടെന്‍റക്കിള്‍സിലൂടെ ഇവ വിഷം ശത്രുവിന്‍റെ ശരീരത്തിലെത്തിക്കുന്നതും. ടെന്‍റക്കള്‍സില്‍ തന്നെയാണ് ഈ സെല്ലുകള്‍ കണ്ടു വരുന്നത്. ജീവനുള്ള ജെല്ലിഫിഷുകളുടെ ടെന്‍റക്കിള്‍സിന്‍റെ ഒരു ഭാഗം മുറിച്ചെടുത്ത ശേഷമാണ് ഗവേഷകര്‍ ഈ സെല്ലുകള്‍ ശേഖരിച്ചതും.

വിഷത്തിന്‍റെ പ്രവര്‍ത്തനം

ഈ സെല്ലുകളില്‍ നിന്ന് ശേഖരിച്ച വിഷം അടങ്ങിയ പ്രോട്ടീനുകള്‍ തുടര്‍ന്ന് വിവിധ എലികള്‍ക്കു നല്‍കി. തുടര്‍ന്ന് ഈ എലികളില്‍ ഏതിനൊക്കെ വിഷം ഏല്‍ക്കുന്നു എന്നു നിരീക്ഷിച്ചു. ഇതിലൂടെ ജെല്ലിഫിഷുകളുടെ ശരീരത്തിലെ 13 തരം പ്രോട്ടീനുകള്‍ വിഷവസ്തുക്കള്‍ അടങ്ങിയവയാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഈ പ്രോട്ടീനുകളില്‍ ചിലത് മനുഷ്യരുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമ്പോള്‍, മറ്റ് ചിലവ രക്തചംക്രമണം സാവധാനത്തിലാക്കുന്നു. ചിലവ പൊട്ടാസ്യത്തിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുന്നു. ഈ രീതിയിലുള്ള സൂക്ഷ്മമായ പ്രവര്‍ത്തനങ്ങള്‍ വൈകാതെ മനുഷ്യ ശരീരത്തിലെ പല നിര്‍ണായക അവയവങ്ങളുടെ പ്രവര്‍ത്തനം പോലും തടസ്സപ്പെടുന്നതിന് ഈ പദാര്‍ത്ഥങ്ങള്‍ കാരണമാകും. 

ഹൃദയത്തിന്‍റെ പ്രവര്‍ത്തനം നിലയ്ക്കാനും, കരളിലെ സെല്ലുകള്‍ ദുര്‍ബലപ്പെടാനും , കിഡ്നികളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം കൊണ്ടുവരാനും, ശ്വാസകോശത്തില്‍ നീര് രൂപപ്പെടാനും ഈ വിഷം കാരണമാകാറുണ്ട്. ശരീരത്തില ഈ മാറ്റങ്ങളാണ് മനുഷ്യരില്‍ തളര്‍ച്ച മുതല്‍ മരണത്തിനു വരെ കാരണമാകുന്നത്. ഇതില്‍ ശ്വാസകോശത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് ഏറ്റവുമധികം മരണങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് പോസ്റ്റ് മാര്‍ട്ടത്തിലൂടെ വ്യക്തമാകുന്നത്. 

English Summary: This Giant Jellyfish's Venom Is So Complex, Scientists Aren't Sure What Makes It Deadly

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA