ADVERTISEMENT

മനുഷ്യന് സമാനമായ ചില രീതികൾ പിന്തുടരുന്ന ജീവികളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ചില ജീവികളാകട്ടെ പരിശീലനം കൊണ്ട് മനുഷ്യനെപ്പോലെ സംസാരിക്കാൻ വരെ പഠിക്കും. പക്ഷേ സ്വയം അണിഞ്ഞൊരുങ്ങി നടക്കാനുള്ള കഴിവ് മനുഷ്യനല്ലാതെ മറ്റേതെങ്കിലും ജീവിക്കുന്നതായി അറിവുണ്ടോ? എന്നാൽ അത്തരമൊരു ഒരു ജീവിയുമുണ്ട്. മജോയ്ഡിയ എന്ന വർഗത്തിൽ പെട്ട ചില ഇനം ഞണ്ടുകളാണ് ശരീരം എപ്പോഴും അലങ്കരിച്ചു കൊണ്ടുനടക്കുന്നത്. 

 

തൻ്റെ ചുറ്റുവട്ടത്തുള്ള എന്തിനെയും ഒരു അലങ്കാര വസ്തുവാക്കി അണിഞ്ഞൊരുങ്ങി നടക്കുന്നവരാണ് ഡെക്കറേറ്റർ ക്രാബ്‌സ്‌ എന്ന പേരിൽ അറിയപ്പെടുന്ന ഞണ്ടുകൾ. ലോകത്തിൻ്റെ എല്ലാ ഭാഗത്തുമുള്ള തീരദേശങ്ങളിൽ ഇവയെ കാണാൻ സാധിക്കും. ശരീരത്തിന്റെ പുറം ഭാഗത്തുള്ള ചെറിയ കുറ്റിരോമങ്ങളാണ് ഈ അലങ്കാരപ്പണികൾ നടത്താൻ അവയെ സഹായിക്കുന്നത്. പശപശപ്പുള്ള ഈ രോമങ്ങൾ ഉപയോഗിച്ച് സമീപത്തുള്ള വസ്തുക്കൾ പുറം തോടിൽ ഒട്ടിച്ചു വയ്ക്കുകയാണ് അവ ചെയ്യുന്നത്.

 

ഇരപിടിയൻ മാരിൽ നിന്നും ഒളിച്ചിരിക്കുന്ന വേണ്ടിയിട്ടാണ് ഡെക്കറേറ്റർ ക്രാബുകൾ ഈ വിദ്യ പ്രയോഗിക്കുന്നത്. പായലുകൾ, സമുദ്രത്തിൽ കണ്ടുവരുന്ന ചിലയിനം പ്രാണികൾ, സസ്യങ്ങൾ എന്നിവയെല്ലാം ഇവ ശരീരത്തിൽ ചേർത്തു വയ്ക്കാറുണ്ട്. വേണ്ട വസ്തുക്കളെയോ ജീവികളെയോ മുൻ കാലുകൾക്കൊണ്ട് തെരഞ്ഞെടുത്ത ശേഷം അത്‌ കരണ്ട് ആകൃതിയിൽ മാറ്റം വരുത്തി പുറം തോടുകളിലെ കുറ്റി രോമങ്ങളിൽ പതിപ്പിച്ചു വയ്ക്കുകയാണ് അവ ചെയ്യുന്നത്. വളർച്ചയ്ക്കനുസരിച്ച് നീണ്ട കാലത്തേക്ക് ഉപയോഗിക്കാവുന്ന വസ്തുക്കൾ അലങ്കാരത്തിനായി തിരഞ്ഞെടുക്കാനും അവ ശ്രദ്ധിക്കാറുണ്ട്.

 

ഈ സ്വഭാവ സവിശേഷതയുള്ള ചിലയിനം ഞണ്ടുകളിൽ കുറ്റിരോമങ്ങൾ തലയുടെ ഭാഗത്ത് മാത്രമാണ് കാണാറുള്ളത്. കൊമ്പുകൾ മറച്ചുവെച്ച് ആൾമാറാട്ടം നടത്താനാണ് അവ ഈ കുറ്റിരോമങ്ങൾ ഉപയോഗിക്കുന്നത്. എന്നാൽ മറ്റു ചില ഇനങ്ങൾക്ക് ദേഹമാകെ ഇത്തരം കുറ്റിരോമങ്ങൾ ഉണ്ടാകും.

 

 ഇരപിടിയൻമാരെ തെറ്റിദ്ധരിപ്പിക്കുന്ന വിരുതന്മാരുമുണ്ട് ഡെക്കറേറ്റർ ക്രാബുകളുടെ കൂട്ടത്തിൽ.  ഹാനികരമായ ചെടികളെയും ചെറുപ്രാണികളെയുമൊക്കെ മാത്രമാണ് അവ അലങ്കരത്തിന് ഉപയോഗിക്കുന്നത്. ഇവ കണ്ട് ഭക്ഷ്യയോഗ്യമല്ലാത്ത ജീവി ആണെന്ന് കരുതി ഇരപിടിയന്മാർ സ്ഥലംവിടും.

English Summary: Decorator crabs wear their environment on their backs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com