ADVERTISEMENT

ഒരു കൂട്ടം മനുഷ്യര്‍ മറ്റൊരു കൂട്ടം മനുഷ്യരോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ ക്രൂരതകളിലൊന്നിനാണ് രണ്ടാം ലോക മഹായുദ്ധത്തിന്‍റെ അവസാനം ലോകം സാക്ഷ്യം വഹിച്ചത്. അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും നിക്ഷേപിച്ച ആണവ ബോംബുകള്‍ക്ക് ശേഷം ഉയര്‍ന്നു വന്നത് കൂണ്‍ രൂപത്തിലുള്ള മേഘ സമാനമായ പുകപടലങ്ങളായിരുന്നു. അന്ന് മുതല്‍ കൂണ്‍ രൂപത്തിലുള്ള മേഘങ്ങള്‍ ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിന്‍റെ ചിഹ്നമായി മാറി.

അതുകൊണ്ട് തന്നെയാണ് യുക്രെയ്നിലെ ആണവ ദുരന്ത മേഖലയായ ചെര്‍ണോബിലില്‍ നിന്ന് അധികം അകലെയല്ലാതെ രൂപപ്പെട്ട കൂണ്‍ ആകൃതിയിലുള്ള മേഘം മേഖലയിലാകെ ആശങ്ക സൃഷ്ടിച്ചത്. ഇപ്പോഴും ആണവ വികിരണങ്ങളുടെയും റേഡിയേഷന്‍റെയും സാന്നിധ്യമുള്ള ചെര്‍ണോബിലില്‍ വീണ്ടും ആണവ ചോര്‍ച്ചയോ സ്ഫോടനമോ അല്ലെങ്കില്‍ പരീക്ഷണം തന്നെയോ ഉണ്ടായോ എന്ന ആശങ്കയും ജനങ്ങളില്‍ സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ ചെര്‍ണോബിലിനു സമീപം കണ്ടെത്തിയ ഈ കൂണ്‍ മേഘത്തിന് ആണവ സ്ഫോടനവുമായോ, ചോര്‍ച്ചയുമായോ ബന്ധമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അധികൃതര്‍.

കൂണ്‍ മേഘം

യുക്രെയ്നിനെതിരെ തലസ്ഥാനമായ കീവില്‍ നിന്നു പോലും നോക്കിയാല്‍ കാണാവുന്ന വിധം വലുപ്പമേറിയതായിരുന്നു ഈ മേഘം. കൂണ്‍ ആകൃതിയിലുള്ള മേഘങ്ങള്‍ എപ്പോഴും ആണവ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടു മനസ്സിലേക്കെത്തുന്നതു മൂലം രാജ്യതലസ്ഥാനത്ത് പോലും ഈ മേഘം ആശങ്കയ്ക്ക് കാരണമായി. ഭൂമിയില്‍ കാലുറപ്പിച്ച ഒരു കുട മുകളിലേക്ക് മടക്കി വച്ചതു പോലെയാണ് ഈ മേഘം കാണപ്പെട്ടത്. അതായത് ഒറ്റനോട്ടത്തില്‍ ഭൂമിയിലുണ്ടായ ഏതോ സ്ഫോടനത്തിന്‍റെ ഫലമായി ഉയര്‍ന്നു പൊങ്ങിയ പുകപോലെയാണ് തോന്നിയത്.

അതേസമയം ചെര്‍ണോബിലുമായി ബന്ധപ്പെട്ടു മാത്രമല്ല ഈ കൂണ്‍ മേഘത്തെ ക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ ഉയര്‍ന്നു വന്നത്. പതിവു പോലെ ആകാശത്ത് നടക്കുന്ന തിരിച്ചറിയാന്‍ കഴിയാത്ത ഏതൊരു പ്രവര്‍ത്തനത്തിലും പ്രതികളാകുന്ന അന്യഗ്രഹ ജീവികളെയും ചിലര്‍ ഈ മേഘത്തിലേക്കു വലിച്ചിഴച്ചു. അന്യഗ്രഹ ജീവികളെത്തിയ പറക്കും തളികയെ മറയ്ക്കാനായാണ് വലിയ മേഘം അവര്‍ സൃഷ്ടിച്ചതെന്നായിരുന്നു വാദം. ചിലരാകട്ടെ റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍ പുതിയ ആണവ പരീക്ഷണം നടത്തിയതാണോ എന്ന ആശങ്കയും പങ്കുവച്ചു.

ക്യുമിലോനിംബസ് മേഘങ്ങള്‍

ആകാശത്ത് രൂപപ്പെടുന്ന ഏറ്റവും വലിയ മേഘങ്ങളാണ് ക്യുമിലോനിംബസ് മേഘങ്ങള്‍. ഈ മേഘങ്ങളാണ് കൂണ്‍ രൂപത്തില്‍ കാണപ്പെട്ടതെന്ന് വൈകാതെ ഗവേഷകര്‍ വിശദീകരിച്ചു. കൂണ്‍ മേഘത്തിന്‍റെ ചിത്രങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് ആളുകള്‍ ആശങ്കപ്പെടുന്നത് കണ്ടതോടെയാണ് വിവിധ ഏജന്‍സികളും ഗവേഷകരും വിശദീകരണവുമായി രംഗത്തെത്തിയത്. ക്യുമിലോ നിംബസ് മേഘങ്ങള്‍ ഭൂമിയില്‍ നിന്ന് ഉയര്‍ന്നുപൊങ്ങി വിടര്‍ന്ന് നില്‍ക്കുന്ന രീതിയിലാണ് രൂപപ്പെടാറുള്ളതെന്ന് ഇവര്‍ പറയുന്നു.

വലിയ മേഘങ്ങളായതിനാല്‍ തന്നെ കാറ്റിന് ഇവയെ കാര്യമായി ചലിപ്പിക്കാനാകില്ല. രൂപപ്പെട്ട് കുറച്ച് സമയത്തിന് ശേഷം ഇവ മഴയായി പെയ്യുകയോ ഇല്ലെങ്കില്‍ തനിയെ വിഘടിച്ച് പോവുകയോ ചെയ്യും. എന്നാല്‍ ഇത്ര കൃത്യമായ ഒരു രൂപത്തില്‍ അതായത് കൂണിന്‍റെ രൂപത്തില്‍ ഇവ കാണപ്പെടുന്നത് അപൂര്‍വമായാണെന്നും ഗവേഷകര്‍ വിശദീകരിച്ചു.അല്‍പസമയത്തിനു ശേഷം മേഘം വിഘടിച്ച് കൂണിന്‍റെ രൂപം നഷ്ടപ്പെട്ട ശേഷമുള്ള ദൃശ്യങ്ങളും യുക്രെയ്ന്‍ ദുരന്ത നിവാരണ ഏജന്‍സി ഉള്‍പ്പടെ പങ്കുവച്ചതോടെ ആശങ്കയ്ക്ക് വിരാമമായി. 

English Summary: Mushroom-Shaped Cloud 60 Miles From Chernobyl Causes Panic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com