ADVERTISEMENT

കോട്ടയം നഗരത്തിലെ 15–ാം നിലയിലുള്ള ഫ്ലാറ്റിൽ പാമ്പിനെ കണ്ടെത്തിയെന്ന വാർത്ത ഞെട്ടലോടെയാണ് ആളുകൾ കേട്ടത്.  ഇത്രയും ഉയരത്തിൽ പാമ്പ് എങ്ങനെയെത്തി എന്നതാണ് ഏവരെയും അമ്പരപ്പിച്ചത്. പാമ്പു വന്ന വഴിയെക്കുറിച്ചുള്ള വിശദീകരണം വാവ സുരേഷ് മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

കോട്ടയം കളത്തിപ്പടിക്കു സമീപമുള്ള ഫ്ലാറ്റിൽ ശനിയാഴ്ച രാത്രി എട്ടോടെയാണ് താമസക്കാർ കണ്ടത്. ‍ടൈൽ പാകിയ തറയിലൂടെ വേഗം ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെ കണ്ട് താമസക്കാർ പരിഭ്രാന്തരായി. അൽപസമയം കഴിഞ്ഞപ്പോൾ പാമ്പിനെ കാണാതായതോടെ പരിഭ്രാന്തി വർധിച്ചു. പേടിയോടെ രാത്രി കഴിച്ചു കൂട്ടിയ താമസക്കാർ വിവരമറിയിച്ചതനുസരിച്ച് ഞായറാഴ്ച വാവ സുരേഷ് സ്ഥലത്തെത്തി. മുറിയിൽ ഒളിച്ച പാമ്പിനെ അലമാരയുടെ സമീപത്തെ പാനലിനുള്ളിൽ കണ്ടെത്തി. പാനൽ ഇളക്കിയതോടെ പുറത്തുചാടിയ പാമ്പിനെ ഉടൻ തന്നെ വാവ സുരേഷ് പിടികൂടുകയായിരുന്നു, ചുരുട്ട എന്നറിയപ്പെടുന്ന ചുവർ പാമ്പാണിതെന്ന് വാവ സുരേഷ് വ്യക്തമാക്കി.

എങ്ങനെയാകാം ഫ്ലാറ്റിന്റെ 15-ാം നിലയിലേക്ക് പാമ്പെത്തിയത്?

ഒരുപാട് ഉയരത്തിലേക്ക് കയറാൻ സാധാരണ ഗതിയിൽ പാമ്പുകൾക്ക് സാധിക്കാറില്ല. പുറത്തു നിന്ന് ഫ്ലാറ്റിനുള്ളിലേക്കെത്തിച്ച വീട്ടുസാധനങ്ങൾക്കിടയിലോ, കുറിയർ പായ്ക്കറ്റിനുള്ളിലോ കയറിക്കൂടിയതാവാം പാമ്പ്. ഫ്ലാറ്റിലേക്ക് പാമ്പുകൾ കയറുകയെന്നത് അപൂർവങ്ങളിൽ അപൂർവമാണ്. സാധനങ്ങൾ കൊണ്ടു വരുന്ന കവറുകളും മറ്റുമൊക്കെ ശ്രദ്ധിച്ചാൽ ഇതൊഴിവാക്കാം.

വിഷമുള്ളയിനം പാമ്പാണോ ചുരുട്ട?

ചുവർ പാമ്പ് എന്നറിയപ്പെടുന്ന ചുരുട്ടയെയാണ് ഫ്ലാറ്റിനുള്ളിൽ നിന്നും പിടികൂടിയത്. ഏകദേശം 3 വയസ്സോളം പ്രായമുള്ള പാമ്പാണിത്. വിഷമില്ലാത്തയിനം പാമ്പാണിത്. എന്നാൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിൽ ചുരുട്ട എന്നറിയപ്പെടുന്നത് അണലി വർഗത്തിൽ പെട്ട ചെറിയ പാമ്പുകളാണ്. ഇതിന് വിഷമുണ്ട്.

മിനുസമുള്ള പ്രതലത്തിലൂടെ പാമ്പുകൾക്ക് വേഗത്തിൽ സഞ്ചരിക്കാൻ കഴിയുമോ?

മിനുസമുള്ള ചുവരിലൂടെ പാമ്പുകൾ കയറാറില്ല. എന്നാൽ തറയിലൂടെ ഇവയ്ക്ക് ഇഴയാൻ കഴിയും. 15ാം നില വരെ പാമ്പ് ഇഴഞ്ഞെത്താൻ ഒരു സാധ്യതയുമില്ല. പാമ്പുകൾ പടി കയറാനും സാധ്യതയില്ല.

മരത്തിന്റെ ശിഖരം വഴി പാമ്പുകൾ മുകൾ നിലയിലേക്കെത്താൻ സാധ്യതയുണ്ടോ?

മരത്തിന്റെ ശിഖരം വഴിയും പാമ്പുകൾ മുകളിലേക്കെത്താനുള്ള സാധ്യത വിരളമാണ്.

പാമ്പുകൾ വീടിനുള്ളിലേക്ക് കയറാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം

പാമ്പുകൾ വീടിനുള്ളിലേക്ക് കയറാതിരിക്കാൻ വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കാം. വീടിനോട് ചേർന്ന് ഉപയോഗശൂന്യമായ വസ്തുക്കൾ കൂട്ടിയിടാതിരിക്കാം. ഓട്, ഇഷ്ടിക, ടൈലിന്റെ കഷണങ്ങൾ, ഉപയോഗ ശൂന്യമായ ചെരുപ്പുകൾ എന്നിവ സൂക്ഷിക്കാതിരിക്കുക. വീടിന്റെ പ്രധാന വാതിലിനും പുറത്തേക്കിറങ്ങുന്ന പിൻവാതിലിനും അടിപ്പടി നിർബന്ധമായും വയ്ക്കണം. ഇത് വിടവില്ലാതെ ചേർത്തടയ്ക്കാൻ പാകത്തിലായിരിക്കണം. വാഷ്ബേസിന്റെയും സിങ്കിന്റെയും മലിനജലം ഒഴുകുന്ന പൈപ്പിന്റെ പുറത്തേക്കുള്ള ഭാഗം നെറ്റ് വച്ച് അടയ്ക്കാം. ആഴ്ചയിലൊരിക്കൽ വീടിന്റെ മുൻഭാഗത്തെയും പിന്നിലെയും പടികൾക്കു സമീപം മണ്ണെണ്ണയോ ഡ‍ീസലോ വെള്ളം ചേർത്ത് സ്പ്രേ ചെയ്താൽ ഒരു പരിധിവരെ പാമ്പുകൾ വീടിനുള്ളിലേക്ക് കയറുന്നത് തടയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com