ADVERTISEMENT

കേരളത്തിലെ ആനപ്രേമികളെ സങ്കടത്തിലാഴ്ത്തിയാണ് കോങ്ങാട് കുട്ടിശങ്കരൻ എന്ന കൊമ്പൻ കഴിഞ്ഞ ദിവസം ചരിഞ്ഞത്. കേരളത്തിലെ നാട്ടാനകളില്‍ പ്രമുഖനായിരുന്നു ആരാധകർ സ്നേഹപൂർവം കോങ്ങാടൻ എന്നു വിളിച്ചിരുന്ന കുട്ടിശങ്കരന്‍. 18 നഖങ്ങളും നിലത്തിഴയുന്ന തുമ്പിക്കൈയും വീണെടുത്ത കൊമ്പുകളും ഉയർന്ന തലക്കുന്നിയും നീണ്ട വാലും അഴകുള്ള കണ്ണുകളുമായി സർവലക്ഷണവുമിണങ്ങിയ കൊമ്പൻ കേരളത്തിലെ ഉൽസവപ്പറമ്പുകളിൽ നിറഞ്ഞുനിന്നു. കുട്ടിശങ്കരനെപ്പറ്റി എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ ശ്രീകുമാർ അരൂക്കുറ്റി സമൂഹമാധ്യമത്തിലെഴുതിയ ഓർമക്കുറിപ്പ്.

തീരാനഷ്ടങ്ങളുടെ ബാക്കിപത്രം കൊണ്ടു മാത്രം അടയാളപ്പെടുത്തേണ്ടിവരുന്ന ഒരു കാലഘട്ടം എന്ന നിലയിയിലാവും ഒരു പക്ഷേ 2020 ചരിത്രത്തിൽ ഇടം പിടിക്കുക. അങ്ങനെയാവാതിരിക്കട്ടെ. 2019 ൽ തുടങ്ങി 2020 ലും ദുരന്തങ്ങൾ പെയ്തു കൊണ്ടേയിരിക്കുന്ന കൊറോണ. ആനക്കേരളത്തിനും ഇത് തീരാനഷ്ടങ്ങളുടെ കണ്ണീർക്കാലം. അഴകളവുകൾ കൊണ്ടും ആഢ്യത്വം കൊണ്ടും മലയാള മണ്ണിനെ, ഉത്സവകേരളത്തെ വിസ്മയിപ്പിച്ച ആ പ്രതാപവർമ തമ്പുരാൻ, ഒരേയൊരു കോങ്ങാടൻ, പ്രിയപ്പെട്ട കോങ്ങാട്ട് കുട്ടിശങ്കരനും നമുക്ക് നഷ്ടമാവുന്നു. ഗുരുവായൂർ പദ്മനാഭൻ ഉൾപ്പടെ ഈ വർഷം ഇതുവരെ നമുക്ക് നഷ്ടമാവുന്ന പത്താമത്തെ നാട്ടാനയാണ് കോങ്ങാട് കുട്ടിശങ്കരൻ.

ചങ്ങലകൾ അഴിച്ചുവച്ച് തിരിച്ചുവരവില്ലാത്ത അവസാന യാത്രക്കായി കോങ്ങാടൻ ഇറങ്ങുമ്പോൾ ബാക്കിയാവുന്നത് സമാനതകൾ ഇല്ലാത്ത ഒരു രാജസൂയത്തിന്റെ നിറമുള്ള ഓർമ്മകൾ.കണ്ണും കരളും തുറന്നു വച്ച്. എത്ര കണ്ടാലും കൊതി തീരാത്ത സഹയാത്രികനെ പോലെ സ്വയം മറന്ന്. മതിമറന്ന് കാലവും ലോകവും അവന് പിന്നാലെ ചുവടുവച്ച ഒരു സുവർണകാലത്തിന്റെ നേരോർമ്മകൾ, ഒരു ആനക്കഥ എഴുതുവാൻ ഒരാൾക്ക് തോന്നിയാൽ ആനയ്ക്ക് എന്തു പേരിടണമെന്ന ചോദ്യത്തിന് മനസ്സിലേക്ക് ഓടിയെത്തുന്ന ആദ്യത്തെ പേര് കുട്ടിശങ്കരൻ എന്നതായേക്കാം. വാത്സല്യവും കൗതുകവും സ്നേഹവും കരുതലും എല്ലാം സമന്വയിക്കുന്ന ഒരു പുന്നാരപ്പേര്. അപ്പോൾ അതായിരിക്കും നമ്മുടെ മനസ്സിലുണരുന്ന കുട്ടിശങ്കരൻ എന്ന വിരുതൻ ശങ്കു.

എന്നാൽ കോങ്ങാട് കുട്ടിശങ്കരൻ ഒരിക്കലും അങ്ങനെ പുന്നാരക്കുട്ടൻമാരുടേയോ വായിൽ കൈയ്യിട്ടാലും തിരിച്ചു കടിക്കാത്ത പാവത്താൻമാരുടേയോ ഗണത്തിൽ പെടുന്നവനായിരുന്നില്ല. വിഷുക്കൈനീട്ടം കൊടുക്കാൻ കൊച്ചുമക്കളെ വിളിക്കുന്ന നേരത്തു പോലും ഗൗരവവും മസിലുപിടുത്തവും മാറ്റിവയ്ക്കാൻ തയ്യാറാവാത്ത ചില തറവാട്ടു കാരണവൻമാരെ പോലെയായിരുന്നു ഈയൊരു കുട്ടിശങ്കരൻ. അവനെ പരിപാലിച്ചിരുന്നവരും വഴി നടത്തിയിരുന്നവരും ഒക്കെ എല്ലായ്പ്പോഴും ആ സർവ്വാധികാരിസ്ഥാനം അംഗീകരിച്ചg കൊടുത്തിട്ടുമുണ്ട്.

ആനപ്പരമ്പരയ്ക്കായി കുട്ടിശങ്കരന്റെ സ്വന്തം തീരുമാന്ധാംകുന്ന് ക്ഷേത്രത്തിലും തൊട്ടടുത്തുള്ള മനയിലും കെട്ടുംതറിയിലുമൊക്കെയായി ചിത്രീകരിക്കുന്ന നേരത്ത് ഞങ്ങളും തികഞ്ഞ ബഹുമാനത്തോടും ഉപചാരങ്ങളോടും കൂടിയൊക്കെയാണ് അത് നിർവഹിച്ചത്. അന്ന് ഞങ്ങൾക്ക് കുട്ടിശങ്കരൻ എന്ന ഈ പാലക്കാടൻ കിടുവിന്റെ 'തനിവഴി'കളും പൂഴിക്കടകനുമൊക്കെ പറഞ്ഞു തരാൻ അവന്റെ പ്രിയ പാപ്പാൻ പാറശ്ശേരി മോഹനേട്ടനൊപ്പം ആനക്കാരിലെ അദ്ഭുതപ്പിറപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന 'കടുവ' യെന്ന സാക്ഷാൽ കടുവ വേലായുധേട്ടനും ഉണ്ടായിരുന്നു. വേലായുധേട്ടന് വ്യക്തിപരമായി ഏറ്റവും ആരാധനയും അടുപ്പവും ഉണ്ടായിരുന്ന ആനയും കോങ്ങാടൻ ആയിരുന്നു എന്നതും പ്രത്യേകം എടുത്തു പറയണം. 

പണ്ടൊരിക്കൽ തനിക്ക് ഹിതകരമല്ലാത്ത എന്തോ ഒന്ന് ഒപ്പിച്ച ഒരുവന് നേരെ മനയുടെ അടുക്കള ഭാഗത്ത് വച്ച് കുട്ടിശങ്കരൻ കയർത്ത് ചാടിയതിന്റെ ഒരു പുനരാവിഷ്കരണം പോലെ... പ്രതീകാത്മകമായി അതേ അടുക്കള ഭാഗത്ത് തന്നെ ചിത്രീകരിക്കാൻ ശ്രമിച്ചപ്പോൾ അത് അത്ര ഇഷ്ടപ്പെടാതെ കാരണവർ മുഖം കനപ്പിച്ചതും പിന്നെ കുറച്ച് നേരം ഷൂട്ട് ബ്രേക്ക് ചെയ്ത് അദ്ദേഹത്തിന്റെ മൂഡ് ശരിയാവുന്നത് വരെ കാത്തുനിന്നതും ഒരു പാഠമായി മനസ്സിലുണ്ട്. ഓർമശക്തിയിൽ മനുഷ്യരേക്കാൾ പതിൻമടങ്ങ് കേമൻമാരെന്ന് പലയാവർത്തി തെളിയിച്ചിട്ടുള്ള ആനകൾ, ഓർക്കാനും പറയാനും ഇഷ്ടപ്പെടാത്തതൊന്നും വെറുതേ ചികയാനും ചൊറിയാനും നിൽക്കരുതെന്ന വലിയ പാഠം. പുതിയ യൂട്യൂബ് ചാനൽ തുടങ്ങുമ്പോൾ ... നിശ്ചയമായും ആദ്യഘട്ടത്തിൽ തന്നെ ചിത്രീകരിക്കണം എന്ന് ഉറപ്പിച്ചിരുന്ന ഗജരാജനായിരുന്നു കോങ്ങാട് കുട്ടിശങ്കരൻ. 

പക്ഷേ നമ്മുടെ പ്രതീക്ഷകൾ.... ദൈവത്തിന്റെ തീരുമാനങ്ങൾ ....റീടേക്കുകൾ ഇല്ലാത്ത ലോകത്തേക്ക് കുട്ടിശങ്കരൻ യാത്രയായിരിക്കുന്നു.

അദ്ഭുതങ്ങളുടെ, കൗതുകങ്ങളുടെ, പകരം വയ്ക്കാനില്ലാത്ത വിസ്മയ ഗാഥകളുടെ അദ്ഭുത വിളക്കുകളും ബാക്കി വച്ചാണ് ഓരോ ആനപ്പിറവിയും നമ്മോട് വിട പറയുന്നത്. കാലങ്ങൾ കഴിഞ്ഞാലും കരുതലോടെ ഹൃദയത്തോട് ചേർത്ത് പിടിച്ച് ഒന്ന് തലോടിയാൽ അവിസ്മരണീയമായ ഒരായിരം കഥകളുടെ, കുരുന്നോർമ്മകളുടെ കൂട് തുറന്ന് വിടുന്ന അദ്ഭുത വിളക്കുകൾ - ആരായിരുന്നു, എന്തായിരുന്നു കോങ്ങാടൻ ആനയെന്ന വരും തലമുറകളുടെ ചോദ്യങ്ങൾക്ക് മുന്നിൽ പരിമിതമായ തോതിലെങ്കിലും അവനെ പകർത്തിവയ്ക്കാൻ കഴിഞ്ഞുവെന്നത് വിധിനിയോഗം. വ്യക്തിപരമായ ചാരിതാർഥ്യം.

ഇത്തിരിയില്ലാത്ത പ്രായത്തിൽ തട്ടകത്തിൽ എത്തിച്ചേർന്ന കുട്ടിശങ്കരനെ കഴിയുന്നത്ര നന്നായി നോക്കിയ ശാസ്ത്ര ശർമൻ നമ്പൂതിരിപ്പാട് ഉൾപ്പെടെയുള്ള ഉടമകളുടേയും അവനെ കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി വഴി നടത്തിയ മോഹനൻ ചേട്ടന്റെയും അവന്റെ പ്രിയപ്പെട്ട ആരാധകരുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു. കരിയഴകിന്റെ, ആണത്തത്തിന്റെ, അതുല്യ തേജസ്സിന് വിട.

English Summary: Tusker Kongad Kuttisankaran dies at 58 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com