ADVERTISEMENT

ബംഗാൾ ഉൾക്കടലിൽ അടുത്തയാഴ്ചയോടെ ന്യൂനമർദം രൂപം കൊള്ളാൻ ഇടയുണ്ടെന്നും അതു ശക്തമായാൽ കേരളത്തിൽ കനത്ത മഴയ്ക്കു കാരണമാകാമെന്നും ദുരന്തനിവാരണ അതോറിറ്റി ജില്ലാ ഭരണാധികാരികൾക്ക് മുന്നറിയിപ്പു നൽകി. ചെറിയ ന്യൂനമർദമായി ബംഗ്ലദേശ് തീരത്തേക്കു സഞ്ചരിക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ എന്നതിനാൽ കേരളത്തിന് ആശങ്കപ്പെടാനില്ല. ഗതി മാറുമോ എന്നറിയാൻ കാത്തിരിക്കേണ്ടിവരും.

എവിടെ, എപ്പോൾ?

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത രണ്ടാഴ്ചത്തേക്കുള്ള പ്രവചനത്തിലാണ് ആന്ധ്ര-ഒഡീഷ തീരത്തായി ന്യൂനമർദം രൂപം കൊള്ളുമെന്ന നിഗമനം. ഇപ്പോഴിത് നേരിയ സാധ്യത മാത്രമാണ്. സ്വകാര്യ കാലാവസ്ഥാ ഏജൻസികളും ഓഗസ്റ്റ് 4ന് ന്യൂനമർദ സാധ്യത പ്രവചിച്ചിട്ടുണ്ട്. നിലവിൽ തെക്കൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ കിഴക്കു ഭാഗത്തായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതു ന്യൂനമർദത്തെ സ്വാധീനിക്കുമോ എന്നു വ്യക്തമല്ല. ന്യൂന മർദവുമായി ബന്ധപ്പെട്ട് കൃത്യമായ വിലയിരുത്തലുകൾ നടത്താനും മുന്നറിയിപ്പുകൾ നൽകാനും കേന്ദ്ര കാലാവസ്ഥാ വകുപ്പിനു കഴിയുന്നുണ്ട്.

കേരളത്തിന്റെ ആശങ്ക

കാലവർഷക്കാലത്തെ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കേരളത്തെ നേരിട്ടല്ല ബാധിക്കുക. അതേസമയം ഇതു കേരളത്തിലെ മൺസൂൺ കാറ്റിന്റെ വേഗവും കാലവർഷത്തിന്റെ ശക്തിയും വർധിപ്പിക്കും. ന്യൂനമർദം രൂപപ്പെടുന്ന സമയം, സ്ഥാനം, ന്യൂനമർദത്തിന്റെ വികാസം, സഞ്ചാരപഥം തുടങ്ങിയ ഘടകങ്ങൾ കേരളത്തെ സംബന്ധിച്ചു നിർണായകമാണ്. 2018, 2019 വർഷങ്ങളിൽ കേരളത്തിൽ പ്രളയത്തിനിടയാക്കിയ അതിതീവ്രമഴ പെയ്ത സമയത്തു ബംഗാൾ ഉൾക്കടലിൽ ശക്തമായ ന്യൂനമർദം ഉണ്ടായിരുന്നു.

2018 ഓഗസ്റ്റ് 7 നു വടക്കൻ ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തിനു സമീപമായി രൂപം കൊണ്ട ശക്തമായ ന്യൂനമർദത്തിനു പിന്നാലെയാണു കേരളത്തിൽ മഴ ശക്തമായത്.  13നു വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 2–ാമത്തെ ന്യൂനമർദം 15നു ശക്തമായി മധ്യപ്രദേശ് ഭാഗത്തേക്കു നീങ്ങി. ഈ ദിവസങ്ങളിലാണു പ്രളയത്തിനിടയാക്കിയ അതി തീവ്രമഴയുണ്ടായത്. 2019 ഓഗസ്റ്റ് 6നു വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തീവ്രമായി രാജസ്ഥാൻ ഭാഗത്തേക്കു നീങ്ങി. ഈ സമയത്താണു കേരളം രണ്ടാമത്തെ പ്രളയത്തിനു സാക്ഷ്യം വഹിച്ചത്.

English Summary: Another year of rain fury in Kerala?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com