ADVERTISEMENT

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാധ്യത. ഒാഗസ്റ്റ് നാല്, അഞ്ച്  തീയതികളില്‍ എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.  അതീവ ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഇതിന്‍റെ സ്വാധീനത്തില്‍ കേരളത്തിലെമ്പാടും മഴലഭിക്കും. അതി തീവ്രമായ മഴക്കും സാധ്യതയുണ്ട്. 

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എല്ലാജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.  കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ജാഗ്രത വര്‍ധിപ്പിക്കും. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. 

പുഴയോരത്തും കടല്‍തീരത്തും താമസിക്കുന്നവരും ശ്രദ്ധചെലുത്തണം. മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ നാളെ മുതല്‍ കടലില്‍പോകരുത്. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാഭരണകൂടങ്ങളോട് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കി. കോവിഡ് മാനദണ്ഡം പാലിച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കും. 3000 ക്യാമ്പുകളാണ് തയ്യാറാക്കുക.

വെള്ളം കയറാനിടയുള്ള സ്ഥലങ്ങളില്‍ നിന്ന് പെട്ടെന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍സൗകര്യം ഉണ്ടാക്കും. കൂടാതെ  60 വയസ്സിന് മുകളിലുള്ളവര്‍ക്കും. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍രറുകളിലുള്ളവര്‍ക്കും പ്രത്യേകം സൗകര്യമാണ് തയ്യാറാക്കുന്നത്.  വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് പ്രത്യേകം ക്യാമ്പുകളും ഉണ്ടാകും.  കോവിഡ് വ്യാപനമുള്ള തീരപ്രദേശങ്ങളില്‍ മഴകൂടി മുന്നില്‍കണ്ട് അതി ജാഗ്രതയാണ് പുലര്‍ത്തുന്നത്. 2018 ലും 2019 ലും ഒാഗസ്റ്റ ് ആദ്യരണ്ടാഴ്ചയാണ് കേരളത്തില്‍ തീവ്രമഴയും പ്രളയവും ഉണ്ടായത്. 


കാലവർഷക്കണക്കിൽ കേരളം പിന്നിൽ

കാലവർഷം  രണ്ടു മാസം പിന്നിടുമ്പോൾ കേരളത്തിൽ രേഖപ്പെടുത്തിയത് 23% കുറവ് മഴ. ഈ കാലയളവിൽ സംസ്ഥാനത്തിന് ലഭിക്കേണ്ടത് 136.31 സെന്റീമീറ്റർ മഴയാണ്. എന്നാൽ ലഭിച്ചത് 105.05 സെന്റീമീറ്റർ മാത്രം. ജൂണിൽ,  ജൂലൈ മാസത്തേക്കാൾ നേരിയ തോതിൽ മികച്ച മഴ ലഭിച്ചു. എന്നാൽ കഴിഞ്ഞ 61 ദിവസത്തെ കാലവർഷത്തിന്റെ പ്രകടനം പരിശോധിച്ചാൽ 21 ദിവസം നല്ല തോതിൽ മഴ ലഭിച്ചു. ബാക്കി 40 ദിവസം ശരാശരിയേക്കാൾ ഏറെ താഴെയായിരുന്നു മഴ.

Another year of rain fury in Kerala?

എട്ടു ജില്ലകളിൽ മഴക്കുറവ്

എട്ടു ജില്ലകളിൽ പ്രത്യേകിച്ച് മധ്യ കേരളത്തിൽ ലഭിക്കേണ്ടതിനേക്കാൾ ഏറെ കുറച്ചു മഴ മാത്രമാണ് പിന്നിട്ട രണ്ടു മാസത്തിനിടെ കിട്ടിയത്. വയനാട്ടിലേയും ഇടുക്കിയിലേയും സ്ഥിതി അപകടകരമായ അവസ്ഥയിലാണ്. വയനാട്ടിൽ ലഭിക്കേണ്ടതിനേക്കാൾ 58 % കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു കാലത്ത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന പ്രദേശമായിരുന്നു വയനാട്. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ ഏറിയ പങ്കും സംഭാവന ചെയ്യുന്ന ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ വൃഷ്ടി പ്രദേശത്ത് മഴ നന്നേ കുറവാണ്. എന്നാൽ ഇടുക്കി അണക്കെട്ടിൽ കഴിഞ്ഞ വർഷത്തെക്കാൾ 18 അടി വെള്ളം കൂടുതലുള്ളത് പ്രതീക്ഷ നൽകുന്നു. ഇടുക്കിയിൽ 44 % മഴക്കുറവുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ സാധാരണ നിലയിലുള്ള മഴയാണ് ലഭിച്ചത്. വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ശരാശരിയേക്കാൾ  കുറവു മഴയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com