ADVERTISEMENT

ബംഗാൾ ഉൾക്കടലിൽ ഇന്നു രൂപം കൊള്ളുമെന്നു കരുതുന്ന ന്യൂനമർദത്തിന്റെ സ്വാധീന ഫലമായി കേരളത്തിൽ പരക്കെ കനത്ത മഴയ്ക്കു സാധ്യത. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള മറ്റു ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് നൽകി.  മഴ 7 വരെ തുടരുമെന്നാണു മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്.

ചൈന കടലിലെ സിൻലാകു ചുഴലിക്കാറ്റിന്റെ തുടർച്ചയായാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നത്. ഇതിന്റെ സൂചനയായി ഇന്നലെ വൈകിട്ടോടെ ബംഗാൾ ഉൾക്കടലിൽ മേഘങ്ങൾ ഉരുണ്ടുകൂടിത്തുടങ്ങി. ശാന്തസമുദ്രത്തിലെ ഹോജ്പിറ്റ് എന്ന ചുഴലിക്കാറ്റ് രൂപംകൊള്ളുന്നതും ന്യൂനമർദത്തെ സ്വാധ്വീനിക്കും. 

കേരളത്തിൽ പ്രളയസാഹചര്യം ഇപ്പോഴില്ലെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ, മേഘവിസ്ഫോടനം പോലെ ചുരുങ്ങിയ സമയത്തിനുള്ളിൽ ചിലയിടങ്ങളിൽ അതിതീവ്രമഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. പശ്ചിമഘട്ടവുമായി അടുത്ത പ്രദേശങ്ങളിൽ ഇത് അപകടസാധ്യത വർധിപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍  ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്. മലപ്പുറം ,കോഴിക്കോട് ,വയനാട് ,കണ്ണൂർ ,കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.  മറ്റിടങ്ങളില്‍ ഒറ്റപ്പെട്ട തീവ്ര മഴക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. കടലാക്രമണം തുടരുന്നതിനാൽ തീരത്ത് താമസിക്കുന്നവരും ജാഗ്രത പുലർത്തണം. പാലക്കാട് രാത്രിയില്‍ ഇടവിട്ടുള്ള ശക്തമായ മഴ ലഭിച്ചു. ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പുഴ, മംഗലം ഡാമുകളുടെ ഷട്ടര്‍ ഇന്നലെ ഉയര്‍ത്തിയിരുന്നു. പുഴയോരങ്ങളില്‍ താമസിക്കുന്നവരും അട്ടപ്പാടി, നെല്ലിയാമ്പതി ചുരം റോഡുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

ഇടുക്കിയിൽ കനത്ത മഴ; മൂന്ന് ഡാമുകളുടെ ഷട്ടർ തുറന്നു

ഇടുക്കിയിൽ മഴ കനത്തതോടെ 3  അണക്കെട്ടുകളുടെ ഷട്ടർ തുറന്നു.  പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ ഓഫിസ് മുന്നറിയിപ്പ് നൽകി.  ഇടുക്കിയിൽ ഇന്നും നാളെയും യെല്ലോ അലർട്ടും ആറും ഏഴും തീയതികളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

ലോവർ പെരിയാർ, കല്ലാർകുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറാണ് ഇന്നലെ ഉയർത്തിയത്. ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ ശരാശരി 55.38 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഇടുക്കി താലൂക്കിലാണ് കൂടുതൽ മഴ . 84.2 മില്ലിമീറ്റർ.  ജില്ലയിൽ ഒരിടത്തു നിന്നും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

മലങ്കര അണക്കെട്ടിലെ 6 ഷട്ടറുകൾ 30 സെ.മീറ്റർ വീതം ഉയർത്തി.  ലോവർ പെരിയാറിന്റെ ഒരു ഷട്ടർ ഇന്നലെ ഉച്ചയ്ക്ക് 2.30 മുതൽ 30 സെ.മീ ഉയർത്തി. കല്ലാർകുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടർ 20 സെ. മീറ്റർ ഉയർത്തി വെള്ളം തുറന്നു വിട്ടു. എക്കൽമണ്ണും, മണലും അടിഞ്ഞു കൂടി അണക്കെട്ടിൽ വെള്ളത്തിന്റെ സംഭരണശേഷി കുറ‍ഞ്ഞതോടെ ശക്തമായ മഴ പെയ്താൽ ഷട്ടറുകൾ തുറന്നു വിടേണ്ട സാഹചര്യമാണ്. നദികളുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നു കലക്ടർ എച്ച്.ദിനേശൻ അറിയിച്ചു.

EEnglish Summary: Heavy rains to lash Kerala: Orange alert in 5 districts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com