ADVERTISEMENT

അടുത്തിടെ ലോകശ്രദ്ധയാകര്‍ഷിച്ച വാര്‍ത്തകളിലൊന്നാണ് ബോട്സ്വാനയിലെ ആനകളുടെ കൂട്ടമരണം. മാര്‍ച്ച് മാസം മുതല്‍ ജൂണ്‍ മാസം വരെയുള്ള സമയത്ത് ഏതാണ്ട് മുന്നൂറിലധികം ആനകളെയാണ്ചരിഞ്ഞ നിലയില്‍ ബോട്സ്വാനയിലെ ഒക്കവാങ്കോ ഡെല്‍റ്റാ മേഖലയില്‍ കണ്ടെത്തിയത്. മരണ കാരണത്തെ കുറിച്ച് രാജ്യാന്തര ഏജന്‍സികള്‍ ഉള്‍പ്പടെയുള്ളവർ അന്വേഷണവുമായി രംഗത്തെത്തിയിരുന്നു. ഒടുവില്‍ ഇവയുടെ മരണത്തിനു പിന്നിലെ രഹസ്യത്തിലേക്ക് വെളിച്ചം വീശുന്ന  തെളിവുകള്‍ ലഭിച്ചിരിക്കുകയാണ്. വിഷം ഉള്ളില്‍ ചെന്നതാണ് ഇവയുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം ആനകളുടെ കൂട്ടമരണത്തിനു പിന്നില്‍ മനുഷ്യരുടെ പങ്കുണ്ടാവാനുള്ള സാദ്ധ്യത ഗവേഷകര്‍ തള്ളിക്കളയുന്നു. പ്രകൃതിയിലുണ്ടായിരുന്ന വിഷാംശമാകാം ഇവയുടെ ജീവന്‍ എടുത്തതെന്നാണ് ഗവേഷകര്‍ പറയുന്നത്. മുന്നൂറോളം ആനകള്‍ ചരിഞ്ഞെങ്കിലും ഒന്നിന്‍റെ പോലും കൊമ്പോ, നഖമോ നഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ വേട്ടക്കാരല്ല ഇവയുടെ മരണത്തിന് പിന്നിലെന്ന് ഉറപ്പിക്കാനാകും. ആനകള്‍ കൊല്ലപ്പെട്ടത് വനാതിര്‍ത്തിയിലല്ല, മറിച്ച് കൊടും കാട്ടിനുള്ളില്‍ തന്നെയാണ്. ഇതില്‍ നിന്ന് ഗ്രാമാതിര്‍ത്തിയിലെ മനുഷ്യരുടെ ഇടപെടലിനുള്ള സാധ്യതയും തള്ളിക്കളയുകയായിരുന്നു.

കെട്ടിക്കിടക്കുന്ന വെള്ളം

പ്രകൃതിയില്‍ കാണപ്പെടുന്ന പല ബാക്ടീരിയകളും ആനകള്‍ക്ക് ഹാനികരമായ വിഷം രൂപപ്പെടുനനതിന് കാരണമാകാറുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇത്തരം ബാക്ടീരിയകളുടെ പ്രവര്‍ത്തനം സജീവമാകും. വേനല്‍ക്കാലത്ത് കെട്ടിക്കിടക്കുന്ന വെള്ളം മാത്രമാണ് ആനകള്‍ക്ക് ആശ്രയം. അതുകൊണ്ട് തന്നെ ബാക്ടീരിയയുടെ പ്രവര്‍ത്തനം മൂലം വിഷാംശമുള്ളതായി മാറിയ ഏതെങ്കിലും തടാകത്തില്‍ നിന്നോ, വെള്ളക്കെട്ടില്‍ നിന്നോ ഈ ആനകള്‍ വെള്ളം കുടിച്ചതാകാം മരണത്തിലേക്കു നയിച്ചതെന്നാണ് ഇപ്പോള്‍ കരുതുന്നത്. 

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ 251 ആനകള്‍ കൊല്ലപ്പെട്ടു എന്നാണ് വനം വന്യജീവി വിഭാഗം പറയുന്നത്. എന്നാല്‍ കൊല്ലപ്പെട്ട ആനകളുടെ എണ്ണം 350 വരുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ആന്ത്രാക്സ് ഉള്‍പ്പെടെയുള്ള അസുഖ സാധ്യതകള്‍  ബോട്സ്വാനിയയിലെ വന്യജീവിവി വിഭാഗം ആദ്യ ഘട്ടത്തില്‍ തന്നെ തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളിലും രോഗലക്ഷണങ്ങള്‍ ഒന്നും കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് സംശയം മറ്റ് അസാധാരണ മരണ കാരണങ്ങളിലേക്ക് തിരിഞ്ഞത്. 

Mysterious Cause of Hundreds of Elephant Deaths in Botswana

ബോട്സ്വാന

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ തെക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ബോട്സ്വാന. ചുറ്റും മറ്റ് രാജ്യങ്ങളാല്‍ അതിര്‍ത്തി പങ്കിടുന്ന ബോട്സ്വാനയ്ക്ക് ആനകളുടെ സംരക്ഷണത്തില്‍ കളങ്കമില്ലാത്ത റെക്കോര്‍ഡാണ് സമീപകാലത്തുള്ളത്. ആഫ്രിക്കയില്‍ ഏറ്റവുമധികം ആനകളുള്ള രാജ്യമാണ് ബോട്സ്വാനിയ. ഏകദേശം ഒന്നര ലക്ഷത്തിലധികം ആനകൾ ബോട്സ്വാനിയയിലെ വനമേഖലയില്‍ ഉണ്ടെന്നാണു കണക്ക്. 

എലഫന്‍റ് വിതൗട്ട് ബോര്‍ഡേഴ്സ്

അതേസമയം ആനകളുടെ ഈ കൂട്ടമരണം ആദ്യം ശ്രദ്ധിച്ചത് ബോട്സ്വാന വനം വകുപ്പല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. എലഫന്‍റ് വിതൗട്ട് ബോര്‍ഡേഴ്സ് എന്ന സംഘമാണ് മാര്‍ച്ച മാസത്തിന്‍റെ അവസാനത്തോടെ ആനകള്‍ കൂട്ടത്തോടെ കൊല്ലപ്പെടുന്നുവെന്ന് കണ്ടെത്തിയത്. ഇവരുടെ കണക്ക് പ്രകാരം ജൂലൈ ആദ്യ വാരം വരെ ഏകദേശം 356 ആനകള്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. 

എല്ലാ പ്രായത്തിലും പെട്ട ആണ്‍ ആനകളും പെണ്‍ ആനകളും മരിച്ചവയില്‍ ഉള്‍പ്പെടുന്നു. മരിക്കുന്നതിന് മുന്‍പ് സ്വബോധമില്ലാതെ, നേരെ നടക്കാന്‍ കഴിയാതെ, ക്ഷീണിതരായാണ് ഈ ആനകളെ കണ്ടിരുന്നതെന്ന് എലഫന്‍റ് വിതൗട്ട് ബോര്‍ഡേഴ്സ് വ്യക്തമാക്കിയിരുന്നു. ഇത്തരം ലക്ഷണങ്ങളോടെ കൂടുതല്‍ ആനകളെ കണ്ടെത്തിയതോടെയാണ് ആനകളുടെ കൂട്ടമരണത്തിന് സാധ്യതയുണ്ടെന്ന് അവര്‍ ഏപ്രില്‍ മാസത്തില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയതും. പക്ഷെ രാജ്യാന്തര സംഘടനകള്‍ ഉള്‍പ്പടെ ഇടപെട്ട ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. കോവിഡ് 19 മൂലമുള്ള നിയന്ത്രണങ്ങളും ആനകളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കു തിരിച്ചടിയായി.

English Summary: Mysterious Cause of Hundreds of Elephant Deaths in Botswana Finally Comes Into Focus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com