ADVERTISEMENT

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായിത്തുടരുന്നു. എട്ടുജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. മഴക്കെടുതികളും രൂക്ഷമായി തുടരുന്നു. കോവിഡ് രോഗവ്യാപനത്തിനൊപ്പം കനത്ത മഴയും സംസ്ഥാനത്തെ ആശങ്കയിലാക്കുന്നു. അടുത്ത 3 മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി, എറണാകുളം,മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലെ  ഒന്നോ രണ്ടോ സ്ഥലങ്ങളില്‍  മഴയ്ക്കും 40 കി.മി.വരെ വേഗത്തിൽ കാറ്റ് വീശുന്നതിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രണ്ടുദിവസം കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്. മലപ്പുറത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. മലയോര മേഖലയിലേക്കുള്ള ഗതാഗതം  വൈകിട്ട് 7 മുതൽ രാവിലെ 7 വരെ തടയാന്‍ തീരുമാനിച്ചു.

കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് രണ്ടടി ഉയർന്ന് 2,349.15 അടിയായി.മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നാലടി ഉയർന്ന് 127.2 അടിയായി .ഇടുക്കി പൊന്‍മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ രാവിലെ 10 മണിക്ക് ഉയര്‍ത്തും.

ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു, പെരിയാറില്‍ ജലനിരപ്പുയരാന്‍ സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി. മഴ ശക്തമാകുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രതപുലര്‍ത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.സര്‍ക്കാരും ജില്ലാഭരണകൂടവും നല്‍കുന്ന മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും നിര്‍ദേശം നല്‍കി. എറണാകുളം ജില്ലയിൽ മാത്രം ഏഴ് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.

ഇടുക്കി പീരുമേട്ടിൽ മൂന്നിടത്ത് ഉരുൾ പൊട്ടി. കോഴിക്കാനം,അണ്ണൻതമ്പി മല,  മേമല  എന്നിവിടങ്ങളിലെ   തോട്ടങ്ങളില്‍ ഉരുള്‍പൊട്ടിയതോടെ ഏലപ്പാറ  തോട്ടിലേക്ക് വെളളം ഇരമ്പി എത്തുകയായിരുന്നു. തോട്  കരകവിഞ്ഞ് ഏലപ്പാറ  ജംക്‌ഷനിൽ 3 അടി വെളളം ഉയർന്നു.  വൻ തോതിൽ മണ്ണ്  ഒഴുകിയെത്തിയതോടെ കെ.കെ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു . അപകടാവസ്ഥയിലായ വീടുകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 

കോഴിക്കോട് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്. ചാലിയാറും, ഇരുവഞ്ഞിപ്പുഴയും നിറഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചെമ്പുകടവ് പാലത്തില്‍ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മാവൂര്‍ വില്ലേജിലെ ജി.എം.യു.പി. സ്കൂള്‍, കച്ചേരിക്കുന്ന് അങ്കനവാടി എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് കുടുംബങ്ങളെ ഇവിടേക്ക് മാറ്റിപാര്‍പ്പിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ വെണ്ടേക്കുംപൊയില്‍ കോളനിയിലെ കുടുംബങ്ങളെ ചെമ്പുകടവ് യു.പി.സ്കൂളിലേക്കും മാറ്റി പാര്‍പ്പിച്ചു.

കനത്തമഴയില്‍ കോട്ടയം ജില്ലയുടെ മലയോരമേഖലയിൽ ഉരുൾപ്പൊട്ടലും മലവെള്ളപ്പാച്ചിലും. കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാടാണ് വൈകിട്ടോടെ ഉരുൾപൊട്ടിയത്. മണിമലയാറ്റിൽ ജലനിരപ്പ് കുതിച്ചുയർന്നു. പൂഞ്ഞാർ അടിവാരത്തും മുണ്ടക്കയം ഏന്തയാറിലും മലവെള്ളപാച്ചിലുണ്ടായി. മീനച്ചിലാറ്റിലെ ജലനിരപ്പ് അപകടകരമായി ഉയർന്നെങ്കിലും പിന്നീട് അൽപം താഴ്ന്നു. അടിവാരത്തിന്റെ കിഴക്കന്‍ മേഖലയായ കോട്ടത്താവളത്ത് നിന്നടക്കം ശക്തമായ മഴയില്‍ എത്തിയ വെള്ളമാണിതെന്നാണ് നിഗമനം. ആറിന് തീരത്തുള്ള പലരുടെയും പുരയിടങ്ങളില്‍ വെള്ളം കയറി. അടിവാരത്ത് സ്‌കൂള്‍ പരിസരത്തും വെള്ളം കയറി. ഏന്തയാറിൽ അഞ്ച് വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.ഏന്തയാർ മർഫി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.

English Summary: Fear of another August deluge as rains intensify in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com