ADVERTISEMENT

വരും ദിവസങ്ങളിലും സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കിയോടെ കേരളം അതീവ ജാഗ്രതയിൽ. വിവിധ ജില്ലകളിൽ മഴ ശക്തമാവുകയാണ്. 2018, 2019 വർഷങ്ങളിലെ അതേ രീതിയിലാണ് ഇത്തവണയും മഴ ദുരന്തം വിതയ്ക്കുന്നത്. മുൻവർഷങ്ങളിൽ പ്രളയത്തെ മാത്രം മുന്നിൽക്കണ്ടാൽ മതിയായിരുന്നെങ്കിൽ ഇത്തവണ കോവിഡിനൊപ്പം പ്രകൃതി ദുരന്തങ്ങളെ നേരിടേണ്ട സ്ഥിതിയാണ്.

ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി അറിയിച്ചിരിക്കുന്നത്. മൂന്നാര്‍ രാജമല  നെയ്മക്കാട് പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ മരണം ഒന്‍പതായി. 16 പേരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി. 58 പേര്‍ ഇപ്പോഴും അപകടസ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി. തുടര്‍ന്ന്  തോട്ടംതൊഴിലാളികളുടെ ഇരുപത് കുടുംബങ്ങള്‍ താമസിക്കുന്ന നാല് ലയങ്ങളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണു.

മഴ കനക്കുന്നു

ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാവിലെ 8 ന് അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തത് ശരാശരി 185.38 മില്ലീമീറ്റർ മഴ. പീരുമേട് താലൂക്കിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്– 261 മില്ലീമീറ്റർ. ഏറ്റവും കുറവ് തൊടുപുഴ താലൂക്കിലും–89.7 മില്ലീമീറ്റർ. മറ്റു താലൂക്കുകളിലെ മഴയുടെ അളവ് മില്ലീമീറ്ററിൽ : ദേവികുളം–229.4, ഇടുക്കി–226.4, ഉടുമ്പൻചോല–120.4. 

വയനാട്, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെലോ അലർട്ടും നൽകി. വടക്കൻ ജില്ലകളിലും ഇടുക്കിയിലും നാളെയും അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. തിങ്കളാഴ്ചയോടെ മഴ കുറയും. നാളെ മറ്റൊരു ന്യൂനമർദം രൂപംകൊള്ളുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണു നിഗമനം.

6 ചെറു ഡാമുകളിലും റെഡ് അലർട്ട്

ഇടുക്കിയിലെ കല്ലാർകുട്ടി, ലോവർ പെരിയാർ, പൊന്മുടി, ഇരട്ടയാർ, പത്തനംതിട്ടയിലെ മൂഴിയാർ, തൃശൂരിലെ ‌പെരിങ്ങൽക്കുത്ത് എന്നീ ചെറു ഡാമുകളിൽ ജലനിരപ്പ് അപകടനിലയിലും മുകളിലെത്തിയതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഉൾപ്പെടെയുള്ള വലിയ ഡാമുകളിൽ മുന്നറിയിപ്പില്ല.

ഇടുക്കി, വയനാട് ജില്ലകളിലാണ് അതിതീവ്രമഴ പെയ്തത്. ഇടുക്കിയിലെ പീരുമേട്ടിൽ 26.1 സെന്റിമീറ്റർ മഴ പെയ്തു. മറ്റു സ്ഥലങ്ങളിലിങ്ങനെ– ഇടുക്കി 22.1, മൂന്നാർ 22.9, മാനന്തവാടി 21.

English Summary: IMD predicts ‘extremely heavy’ rainfall, red alert issued for Idukki, Wayanad, Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com