ADVERTISEMENT

സംസ്ഥാനത്ത് പലയിടങ്ങളിലും മഴ തുടരുകയാണ്. ജാഗ്രതാ നിർദ്ദേശവും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമടക്കമുള്ള ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകളാണ് വേണ്ടത്. പ്രദേശത്ത് അസാധാരണ സൂചനകള്‍ എന്തെങ്കിലും കണ്ടാൽ അധികൃതരെ വിവരം അറിയിക്കണം

ഉരുൾപൊട്ടൽ ഉണ്ടാകുന്നതെങ്ങനെ?

കനത്ത മഴ പെയ്യുമ്പോൾ സംഭരണശേഷിയിൽ കൂടുതൽ വെള്ളം മണ്ണിലേക്കിറങ്ങും. ഭൂഗർഭ ജലത്തിന്റെ അളവു കൂടുന്നതിനനുസരിച്ചു മണ്ണിനടിയിൽ മർദം വർധിക്കുന്നു. ഈ മർദത്തിന്റെ ഫലമായി വെള്ളം പുറത്തേക്കു ശക്‌തിയിൽ കുതിച്ചൊഴുകുന്നു. ഇതിനൊപ്പം ഇളകിയ മണ്ണും പാറകളും കടപുഴകിയ മരങ്ങളും ഒഴുകും. ഒഴുകുന്ന വഴികളിലെ വീടുകളും കൃഷിസ്‌ഥലങ്ങളും നശിക്കുന്നു.

landslide-munnar

ചെരിവുള്ള സ്ഥലങ്ങളിൽ ഉരുൾപൊട്ടലിനു സാധ്യത

ഏകദേശം 22 ഡിഗ്രിക്കു മുകളിൽ ചെരിവുള്ള മലമ്പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുണ്ടാവാൻ സാധ്യത കൂടുതൽ. മണ്ണിടിച്ചു നീക്കുന്നതും പാറകൾ പൊട്ടിച്ചെടുക്കുന്നതും ഉരുൾപൊട്ടലിനു കാരണമാകും.ഉരുൾപൊട്ടൽ സാധ്യതയുള്ള സ്‌ഥലങ്ങളുടെ ഭൂപടം ജിയോളജി വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് അധികൃതർ കരുതൽ നടപടി സ്വീകരിക്കുക. 24 മണിക്കൂറിൽ കൂടുതൽ നിർത്താതെ തുടർച്ചയായി മഴ പെയ്യുകയാണെങ്കിൽ ഉരുൾപൊട്ടൽ സാധ്യത മുൻകൂട്ടി കാണണം. മലയടിവാരത്തും മലമുകളിലും കുന്നിൻചെരിവുകളിലും താമസിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. രണ്ടു കിലോമീറ്റർ ചുറ്റളവിൽ എന്നെങ്കിലും ഉരുൾപൊട്ടൽ ഉണ്ടായ സ്‌ഥലമാണെങ്കിൽ പ്രത്യേകിച്ചും.ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഭൂമി ഇടിഞ്ഞു താഴുന്ന സോയിൽ പൈപ്പിങ് എന്ന പ്രതിഭാസം കൂടുതലായി കണ്ടുവരുന്നുണ്ട്.

munnar-landslide

ഉരുൾപൊട്ടൽ ലക്ഷണങ്ങൾ

വാതിലുകളും ജനലുകളും കുലുങ്ങുക, അടയ്ക്കാൻ പ്രയാസപ്പെടുക, ഗോവണികളും പുറം ഭിത്തികളും കെട്ടിടത്തിൽ നിന്ന് തള്ളിപ്പോകുക.

ഭൂമിയിൽ ചെറുതായി കണ്ട വിള്ളലുകൾ വികസിക്കുക, യൂട്ടിലിറ്റി ലൈനുകൾ പൊട്ടുക, ചരിവുകളുടെ താഴെ ഭാഗത്ത് മണ്ണ് വൃത്താകൃതിയിൽ തള്ളി വരിക.

പുതിയ സ്ഥലങ്ങളിൽ നിന്ന് ഭൂഗർഭ ജലം പുറത്തേക്ക് വരിക.

ചാലുകളിലും മറ്റും വെള്ളത്തിന്റെ അളവ് പെട്ടെന്ന് കൂടുക, വേലികളും ഭിത്തിയും മരങ്ങളും കുലുങ്ങുന്നതായി അനുഭവപ്പെടുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ സ്ഥലത്ത് നിന്ന് എത്രയും വേഗം മാറണം. മാത്രമല്ല, അയൽക്കാരെയും അഗ്നിരക്ഷാ, പൊലീസ് വിഭാഗങ്ങളിൽ വിവരമറിയിക്കുകയും വേണം. അതിശക്തമായ മഴയുണ്ടെങ്കിൽ ഉറങ്ങാൻ കിടക്കുമ്പോഴും ജാഗ്രതപാലിക്കണം. വീടിന്റെ ചുറ്റുമുള്ള മണ്ണിന്റെ ചലനം, മരങ്ങൾ കുലുങ്ങുന്നത്, ഇടിച്ചിൽ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. മുൻപ് ഉരുൾപൊട്ടിയിട്ടുള്ള പ്രദേശമാണെങ്കിൽ മഴക്കാലം കഴിയുന്നത് വരെ താത്കാലികമായി സുരക്ഷിതമായ ഇടത്തേക്ക് മാറിത്താമസിക്കണം.

Munnar Landslide

നീർച്ചാലുകൾ‌ വൃത്തിയാക്കണം

നീർച്ചാലുകൾ വൃത്തിയാക്കുകയാണ് ഉരുൾപൊട്ടൽ തടയാൻ പ്രധാന മാർഗം. മഴവെള്ളം പുറത്തേക്കൊഴുകാൻ കഴിയാതെ മണ്ണിൽനിന്നു ശക്‌തിയായി പുറന്തള്ളുമ്പോഴാണ് ഉരുൾപൊട്ടുന്നത്. മലയടിവാരത്തോടു ചേർന്നുള്ള ചെറിയ കൈത്തോടുകളും നീർച്ചാലുകളും ആഴം കൂട്ടി വൃത്തിയാക്കണം.

English Summary: Landslide warning signs and preparedness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com