ADVERTISEMENT

ചെന്നൈ സംസ്ഥാനത്ത് ഇന്നും നാളെയും മഴ തുടരുമെന്നു ചെന്നൈ മേഖലാ കാലാവസ്ഥാ കേന്ദ്രം. അടുത്ത 48 മണിക്കൂറിൽ പടിഞ്ഞാറൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ എസ്.ബാലചന്ദ്രൻ പറഞ്ഞു. ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറൻ മേഖലയിൽ ന്യൂനമർദം രൂപപ്പെടുന്നതാണു മഴ എത്തിക്കുന്നത്. നീലഗിരി, തേനി, കോയമ്പത്തൂർ ജില്ലകളിൽ ഇന്ന് ഇടിയോടു കൂടിയ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.ചെന്നൈയിൽ പരക്കെ മിതമായ മഴ ലഭിക്കും. ചില മേഖലകളിൽ ഇടിയോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. 

നിറഞ്ഞു കവിഞ്ഞ് അണക്കെട്ടുകൾ

വൃഷ്ടി പ്രദേശങ്ങളിൽ ഒരാഴ്ചയായി തുടരുന്ന മഴയിൽ നിറഞ്ഞു തമിഴ്‌നാട്ടിലെ അണക്കെട്ടുകൾ. മേട്ടൂർ അണക്കെട്ടിൽ കഴിഞ്ഞ വ്യാഴാഴ്ച സെക്കൻഡിൽ 6,000 ഘനയടി ജലം മാത്രം എത്തിയിരുന്നത് ഇന്നലെ ഒരു ലക്ഷം കടന്നു. കർണാടകയിലെ വൃഷ്ടി പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിച്ചതിനാലാണിത്. ഇതോടെ സെക്കൻഡിൽ 1,000 ഘനയടി ജലം തുറന്നു വിടുന്നുണ്ടെന്നു സർക്കാർ അറിയിച്ചു. 2 ദിവസത്തിനിടെ അണക്കെട്ടിലെ ജലനിരപ്പ് അഞ്ച് അടി ഉയർന്ന് 75.8 ആയി. 120 അടിയാണ് മേട്ടൂർ അണക്കെട്ടിന്റെ പരമാവധി ശേഷി. കബിനി, കെആർഎസ് ഡാമുകളിൽ നിന്നു കൂടുതൽ ജലം തുറന്നു വിടുന്നതിനാൽ വരും ദിവസങ്ങളിൽ മേട്ടൂരിൽ വീണ്ടും ജലനിരപ്പ് ഉയരും.

ഈറോഡ് ജില്ലയിലെ ഭവാനി സാഗർ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി ശേഷിയോട് അടുത്തു. 105 അടി ശേഷിയുള്ള അണക്കെട്ടിൽ ഇന്നലെ ജലനിരപ്പ് 98.87 അടിയാണ്.മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 134.50 അടിയായി. ഇതു 136ൽ എത്തുമ്പോൾ അധിക ജലം ഘട്ടം ഘട്ടമായി വൈഗൈ അണക്കെട്ടിലേക്ക് ഒഴുക്കണമെന്ന് ആവശ്യപ്പെട്ടു കേരള സർക്കാർ തമിഴ്‌നാടിനു കത്തയച്ചു. . ആന്ധ്രയിലും കർണാടകയിലും മഴ ലഭിച്ചതിനാൽ കാവേരി നദിയിലും ജലനിരപ്പ് ഉയർന്നു. കാവേരി തീരത്തുള്ള ഗ്രാമങ്ങളിൽ പ്രളയ മുന്നറിയിപ്പു നൽകിയതായി റവന്യു വകുപ്പ് അറിയിച്ചു.

English Summary: Chennai to get more rain in 48 hours, forecasts IMD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com