ADVERTISEMENT

ചുവപ്പ് നിറത്തിലുള്ള ഉടലും കൂർത്തു വളഞ്ഞ പല്ലുകളുമൊക്കെയായി ഉത്തരാഖണ്ഡിലെ വീട്ടിൽനിന്നും പിടിച്ചത് അപൂർവങ്ങളിൽ അപൂർവമായ പാമ്പിനെ. ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലുള്ള ഒരു വീട്ടിൽനിന്നുമാണ് പാമ്പിനെ പിടികൂടിയത്. ചുവപ്പും ഓറഞ്ചും കലർന്ന നിറത്തിലുള്ള ഉടലും ഗൂർഖകൾ ഉപയോഗിക്കുന്ന കത്തിക്കു സമാനമായ ആകൃതിയിൽ കൂർത്ത് വളഞ്ഞ പല്ലുകളുമുള്ള റെഡ് കോറൽ കുക്രി ഇനത്തിൽപ്പെട്ട പാമ്പിനെയാണ് പിടിച്ചത്.

നൈനിറ്റാളിലെ ബിന്ദുഘാട്ട മേഖലയിലുള്ള ഒരു വീട്ടിൽ പാമ്പ് കയറിയെന്ന് അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എന്നാൽ അതിനു മുൻപേ തന്നെ പ്രദേശവാസികൾ പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് സഞ്ചിയിലാക്കിക്കഴിഞ്ഞിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് അത് അപൂർവങ്ങളിൽ അപൂർവമായ ഇനത്തിൽപ്പെട്ട പാമ്പാണെന്ന് തിരിച്ചറിഞ്ഞത്.  ഉദ്യോഗസ്ഥർ തന്നെ പാമ്പിനെ വനമേഖലയിലെത്തിച്ചു തുറന്നു വിട്ടു.

1936 ഉത്തർപ്രദേശിലെ ലക്ഷംപൂർ മേഖലയിലാണ് റെഡ് കോറൽ കുക്രി ഇനത്തിൽപ്പെട്ട പാമ്പിനെ ആദ്യമായി കണ്ടെത്തുന്നത്.ഇതിനു മുൻപ് രണ്ടു തവണ മാത്രമാണ് ഉത്തരാഖണ്ഡിൽ ഇവയെ കണ്ടെത്തിയിട്ടുള്ളത്. 2015 സുരായ് വനമേഖലയിലായിരുന്നു ആദ്യം കണ്ടെത്തിയത് . ഏതാനും ആഴ്ചകൾക്കു മുൻപ് ഉത്തർപ്രദേശിലെ തന്നെ ദുധ്‌വാ ദേശീയ ഉദ്യാനത്തിൽ റെഡ് കോറൽ കുക്രി ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.

വിഷമില്ലാത്തയിനം പാമ്പാണിതെന്ന് വിദഗ്ധർ വ്യക്തമാക്കി. ഈ വിഭാഗത്തിൽ പെട്ട പാമ്പുകൾ രാത്രികാലങ്ങളിലാണ് ഇരതേടിയിറങ്ങുന്നത്. ചെറിയ പ്രാണികളും വിരകളുമൊക്കെയാണ് ഇവയുടെ ഭക്ഷണം. ചുവപ്പും ഓറഞ്ചും കലർന്ന നിറമായതിനാലാണ് ഇവയ്ക്ക് ഈ പേരു ലഭിച്ചത്. ഇവയുടെ കൂർത്ത് വളഞ്ഞ പല്ലുകൾക്ക് നേപ്പാളിൽ ഉപയോഗിക്കുന്ന കുക്രി എന്ന കത്തിയുമായി സാമ്യമുണ്ട്. അതുകൊണ്ടാണ് അവ റെഡ് കോറൽ കുക്രി എന്നറിയപ്പെടുന്നത്.

English Summary: 'Rare' Red Coral Kukri Snake Rescued from Residential House in Uttarakhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com