ADVERTISEMENT

കേരളത്തിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്നോടുകൂടി കാര്യമായ ശമനമുണ്ടാകുമെന്ന് തമിഴ്നാട് വെതർമാന്റെ പ്രവചനം. കണ്ണൂർ, കാസർകോട്, കോഴിക്കോട് എന്നീ ജില്ലകളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെങ്കിലും മറ്റു ജില്ലകളിൽ  സ്ഥിതിഗതികൾ ആശ്വാസകരം ആയിരിക്കുമെന്നാണ് പ്രവചനം.

ഓഗസ്റ്റ് പതിനൊന്നോടുകൂടി  കേരള തീരത്തു നിന്ന് മഴമേഘങ്ങൾ നീങ്ങുമെന്നും അതോടെ മഴ കാര്യമായി കുറയുമെന്നും പ്രവചനത്തിൽ പറയുന്നു .ഇതോടെ കേരളത്തിൽ ഈ വർഷത്തെ വെള്ളപ്പൊക്കത്തിനും അവസാനമാകും. കേരളത്തിൽ ഇരുണ്ട ആകാശം മാറി തെളിഞ്ഞ അന്തരീക്ഷത്തിലേക്ക് നീങ്ങും. ജനങ്ങൾ ഇന്നു കൂടി ജാഗ്രത തുടരണമെന്നും അതിനുശേഷം ചിലഭാഗങ്ങളിൽ മാത്രമാണ് മഴയ്ക്ക് സാധ്യതയെന്നും, എന്നാൽ പ്രളയത്തിന് സാധ്യതയില്ലെന്നുമാണ് വെതർമാന്റെ കാലാവസ്ഥ പ്രവചനം.

സെപ്റ്റംബർ മാസം കേരളത്തിൽ പൊതുവേ നല്ല കാലാവസ്ഥ ആയിരിക്കും. ഈ വർഷം 2300 മില്ലിമീറ്റർ മഴ ലഭിക്കുമെന്നാണ് വെതർമാൻ പ്രവചിച്ചിരുന്നത്. ഇതുവരെ 1500 മില്ലി ലിറ്റർ മഴ ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന 800 മില്ലി ലിറ്റർ മഴ വരുന്ന 50 ദിവസങ്ങൾക്കുള്ളിൽ  ലഭിക്കും. കേരളത്തിൽ മൂന്നു വർഷം അടുപ്പിച്ച് കാലവർഷം സാധാരണയിൽ അധികം ശക്തമാകുമെന്ന് മുൻപുതന്നെ തമിഴ്നാട് വെതർമാൻ പ്രവചിച്ചിരുന്നു. 150 വർഷത്തിന് മുൻപാണ് സമാനമായ സ്ഥിതി വിശേഷം ഉണ്ടായിട്ടുള്ളതെന്നും വെതർമാൻ പറയുന്നു.

ആരാണ് വെതർമാൻ പ്രദീപ്?

കേരളത്തിൽ മാനം കറുക്കുമ്പോൾ ജനങ്ങൾ ഉറ്റുനോക്കുന്ന സമൂഹമാധ്യമ പേജാണ് പ്രദീപ് ജോൺ എന്ന വെതർമാന്റേത്. 2012ലാണ് പ്രദീപ് ഫെയ്‌സ്ബുക്കില്‍ വെതര്‍മാന്‍ എന്ന പേജില്‍ കാലാവസ്ഥാ വിവരങ്ങള്‍ പങ്കുവച്ചു തുടങ്ങിയത്. ഓരോ കാലവര്‍ഷം കഴിയും തോറും പ്രദീപിന്റെ പേജിലേക്കു വിവരങ്ങള്‍ തേടി ആയിരങ്ങള്‍ ഒഴുകിയെത്തി തുടങ്ങി. സംശയങ്ങളും സന്ദേശങ്ങളും ഇന്‍ബോക്‌സില്‍ നിറഞ്ഞു. മഴ കനക്കുമോ, വെള്ളക്കെട്ടുണ്ടാകുമോ, വീട് ഒഴിഞ്ഞു പോകേണ്ടതുണ്ടോ തുടങ്ങി മക്കളുടെ വിവാഹം ഏതു സമയത്തു നടത്തണമെന്ന ചോദ്യം വരെ പ്രദീപിനു മുന്നിലെത്തി. ഇതോടെ ഉത്തരവാദിത്തങ്ങളും എതിര്‍പ്പുകളും ഏറി. ആഴ്ചകളോളം ഉറക്കം പോലും ഒഴിവാക്കി വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു മഴ പ്രവചനങ്ങളും ജാഗ്രത നിര്‍ദേശങ്ങളും കൃത്യമാക്കി. 2010ല്‍ ലൈല ചുഴലിക്കാറ്റ് ചെന്നെയില്‍ ആഞ്ഞടിച്ചപ്പോള്‍ രണ്ടു ദിവസം അവധിയെടുത്തു വീട്ടിലിരുന്നു കാര്യങ്ങള്‍ നിരീക്ഷിച്ചു കൃത്യമായി വിവരങ്ങള്‍ പങ്കുവച്ചു.

2015ലെ വെള്ളപ്പൊക്കത്തിന്റെ സമയത്തും മറ്റും കൂടുതല്‍ ആളുകള്‍ സമൂഹമാധ്യമങ്ങളെ ആശ്രയിച്ചതോടെ പ്രദീപിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ലക്ഷങ്ങള്‍ കവിഞ്ഞു. ചില ഘട്ടങ്ങളില്‍ തെറ്റായ വിവരങ്ങളില്‍നിന്നു ചെന്നൈ സ്വദേശികളെ രക്ഷിക്കാനും പ്രദീപിനു കഴിഞ്ഞു. ഒരു രാജ്യാന്തര മാധ്യമം ഉള്‍പ്പെടെ പ്രളയമുന്നറിയിപ്പു പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നു പരിഭ്രാന്തിയിലായ ആളുകള്‍ വിലപ്പെട്ടതെല്ലാം വാരിക്കൂട്ടി വീടുകള്‍ വിട്ടുപോകാന്‍ നീക്കം തുടങ്ങി. എന്നാല്‍ മറിച്ചായിരുന്നു പ്രദീപിന്റെ നിരീക്ഷണങ്ങള്‍. ഒടുവില്‍ പ്രദീപിന്റെ പ്രവചനങ്ങള്‍ ഫലിച്ചതോടെ ആശങ്ക ഒഴിഞ്ഞു. ആളുകള്‍ക്കു വിശ്വാസമേറുകയും ചെയ്തു.

തമിഴ്‌നാട് അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ഡപ്യൂട്ടി മാനേജരായ ജോണ്‍ ജോലിത്തിരക്കുകള്‍ക്കിടയിലാണു കാലാവസ്ഥാ പഠനം ഒരു ലഹരിയായി ഒപ്പം കൊണ്ടുപോകുന്നത്. ബംഗാള്‍ ഉള്‍ക്കടലിലുണ്ടാകുന്ന ഏതൊരു ചെറിയ മാറ്റം പോലും പ്രദീപിന്റെ ഉറക്കം കെടുത്തും. പിന്നെ പുലരും വരെ കാറ്റിന്റെ ഗതി നിരീക്ഷിക്കും. ഒടുവില്‍ പരിഭവത്തോടെ ഭാര്യയും കുഞ്ഞും എത്തുമ്പോഴാവും പ്രദീപ് ലാപ്‌ടോപ്പ് അടച്ച് ഉറക്കത്തിലേക്കു മടങ്ങുക.

English Summary:Tamil Nadu weatherman forecasts rains in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com