ADVERTISEMENT

കുട്ടികളെ വളര്‍ത്തി വലുതാക്കുകയെന്നത് ഏതൊരു മാതാപിതാക്കള്‍ക്കും ശ്രമകരമായ പരിപാടിയാണ്. അത് മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല മൃഗങ്ങള്‍ക്കിടയിലും ഏതാണ്ട് സമാനമായ സ്ഥിതിയാണുള്ളത്. മിക്കവാറും മൃഗങ്ങളിലും ഇതിന്‍റെ ഉത്തരവാദിത്തം പ്രധാനമായും അമ്മമാര്‍ക്കായിരിക്കും. എന്നാല്‍ ഇന്ത്യയിലെ ഘരിയാലുകള്‍ക്കിടയില്‍ കുട്ടികളെ നോക്കുന്നതും നിയന്ത്രിക്കുന്നതും ഏതാണ്ട് പൂര്‍ണമായും അച്ഛന്‍മാരുടെ മാത്രം ചുമതലയാണ്. ഈ വിഭാഗത്തില്‍ പെട്ട ഒരു ഘരിയാൽ നൂറിലേറെ കുട്ടികളുമായി നദിയിലൂടെ നീന്തുന്ന ചിത്രമാണ് ഇപ്പോള്‍ ജനശ്രദ്ധ നേടുന്നത്.

മധ്യപ്രദേശിലെ ചമ്പല്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ഫൊട്ടോഗ്രാഫറായ ധൃതിമാൻ മുഖര്‍ജിയാണ് ഈ ചിത്രം പകര്‍ത്തിയത്. ശുദ്ധജലതടാകങ്ങളില്‍ കാണപ്പെടുന്ന മുതല വർഗത്തിൽ പെട്ട ഘരിയാൽ ആമ് ചമ്പല്‍ നദിയിലൂടെ തന്‍റെ നൂറിലേറെ കുട്ടികളുമായി യാത്രയ്ക്കിറങ്ങിയത്. ഒരു മാസത്തോളം പ്രായമുള്ളതായിരുന്നു കുട്ടികൾ. ഘരിയാൽ മുതല എന്ന് പൊതുവെ വിളിക്കുമെങ്കിലും ശുദ്ധജല ചീങ്കണ്ണി വിഭാഗത്തില്‍ പെട്ടവയാണ് ഈ അച്ഛനും മക്കളും. കുറേ കുഞ്ഞുങ്ങൾ പുറത്തും മറ്റുള്ളവര്‍ അച്ഛനു ചുറ്റുമായി നീന്തുന്നതും ചിത്രത്തില്‍ കാണാന്‍ സാധിക്കും. കുട്ടികളെ സുരക്ഷിതമായി നദി കടത്തുകയെന്നതാണ് അച്ഛന്‍റെ ലക്ഷ്യമെന്ന് ചിത്രമെടുത്ത ധൃതിമാൻ വിശദീകരിച്ചു.

സാധാരണ മുതലകള്‍ കുഞ്ഞുങ്ങളെ വായ്ക്കുള്ളിലാക്കിയാണ് ഒരുടത്തു നിന്നും മറ്റൊരുടത്തേക്ക് കൊണ്ടുപോകുന്നത്. എന്നാല്‍ വീതി കുറഞ്ഞ വായുള്ള ഘരിയാലുകള്‍ക്ക് ഇത് സാധ്യമല്ല. ഇതു മൂലം ഇവ കുട്ടികളെ പുറത്തേറ്റിയാണ് സഞ്ചരിക്കാറുള്ളത്. എണ്ണത്തില്‍ കൂടുതലാണെങ്കില്‍ തൊട്ടടുത്ത് തന്നെ നീന്താനും ഇവ കുട്ടികളെ അനുവദിക്കും. അതീവ വംശനാശ ഭീഷണി നേരിടുന്ന ഘരിയാലുകൾ ഇന്ത്യയിലും നേപ്പാളിലുമായി 650 എണ്ണം മാത്രമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ ചിത്രത്തില്‍ കാണുന്ന കുഞ്ഞുങ്ങളെല്ലാം തന്നെ വളര്‍ന്ന് വലുതായി അച്ഛനമ്മമാര്‍ ആകട്ടെ എന്നാണ് പ്രതീക്ഷ.

ഈ കുട്ടികളെല്ലാം ഒരേ പിതാവില്‍നിന്നാണ് ജൻമം കൊണ്ടതെങ്കിലും അമ്മമാര്‍ വ്യത്യസ്തരാണ്. ആറോ ഏഴോ പെണ്‍ ഘരിയാലുകള്‍ ഈ ആണ്‍ ഘരിയാലിന്  ഇണയായുണ്ടെന്നാണ് വനപാലകര്‍ വിശദീകരിക്കുന്നത്. ഇവരുടെയെല്ലാം കൂടി കുട്ടികളെയാണ് ആണ്‍ ഘരിയാൽ പുറത്തേറ്റി നീന്തുന്നതായി കാണുന്നത്. ഇവയുടെയെല്ലാം സംരക്ഷണത്തിന്‍റെ ഉത്തരവാദിത്തം ഈ കുടുംബം കൂട്ടമായാണ് നിര്‍വഹിക്കുന്നതെന്നും വനപാലകര്‍ പറയുന്നു. 

15 അടി വരെ നീളവും 900 കിലോ വരെ ഭാരവും ഉള്ളവയാണ് ഈ ഇന്ത്യന്‍ ഘരിയാലുകൾ. പൊതുവെ മുതല വിഭാഗത്തില്‍ പെടുന്നവയാണ് ഇവയെങ്കിലും സാധാരണ കാണപ്പെടുന്ന മുതലവര്‍ഗങ്ങളില്‍നിന്ന് വലുപ്പത്തില്‍ ഇവ ചെറുതാണ്. താടി മുതല്‍ മൂക്ക് വരെ നീള്ളുന്ന വായ്ഭാഗം കൂര്‍ത്തിരിക്കുന്നതാണ് ഘരിയാലുകളെ തിരിച്ചറിയാനുള്ള എളുപ്പവഴി. ചമ്പലില്‍ മാത്രം ഈ വിഭാഗത്തില്‍ പെട്ട അഞ്ഞൂറോളം പൂര്‍ണ വളര്‍ച്ചയെത്തിയഘരിയാലുകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ഏതായാലും ധൃതിമാന്‍റെ ചിത്രം രാജ്യാന്തര തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. 2019 ഓഗസ്റ്റ് മുതല്‍ കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റിയ നൂറ് പരിസ്ഥിതി ചിത്രങ്ങളില്‍ ഒന്നായി ധൃതിമാന്‍റെ ഘരിയാൽ അച്ഛന്‍റെയും മക്കളുടെയും ചിത്രം തിരഞ്ഞെടുത്തിട്ടുണ്ട്. ലണ്ടന്‍ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററി പുറത്തിറക്കിയ പട്ടികയിലാണ് ധൃതിമാന്‍റെ ചിത്രമുള്ളത്. 

English Summary: This Endangered Croc Is Piggybacking 100 Babies After Mating With '7 or 8 Females'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com