ADVERTISEMENT

ടാസ്മാനിയയിലെ വെസ്റ്റ് കോസ്റ്റിൽ മണൽത്തിട്ടയിൽ കുടുങ്ങി തൊണ്ണൂറിൽ പരം തിമിംഗലങ്ങൾ ചത്തൊടുങ്ങി. 270 തിമിംഗലങ്ങൾ അടങ്ങുന്ന കൂട്ടത്തെയാണ് കഴിഞ്ഞദിവസം പ്രദേശത്ത് കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ രക്ഷാ നടപടികൾ കൈക്കൊണ്ടെങ്കിലും  തിമിംഗലങ്ങളുടെ പകുതിയിലേറെ ഭാഗം മണ്ണിൽ പുതഞ്ഞു പോയതിനാൽ  നടപടികൾ വൈകുകയാണ്.

ജീവനോടെ രക്ഷപ്പെടാൻ സാധ്യതയുള്ളവയെ ആദ്യം രക്ഷപ്പെടുത്താനാണ് ശ്രമം. എന്നാൽ ചില തിമിംഗലങ്ങൾക്ക് ശരീരഭാരം ഏറെയായതിനാൽ  അവയെ മണൽത്തിട്ടയിൽ നിന്നും പുറത്തെത്തിക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണെന്ന് ടാസ്മാനിയ പാർക്ക്സ് ആൻഡ് വൈൽഡ് ലൈഫ് സർവീസ് ഉദ്യോഗസ്ഥനായ നിക്ക് ഡെക്ക വ്യക്തമാക്കി. കുടുങ്ങിപ്പോയ തിമിംഗലങ്ങളിൽ മൂന്നിലൊന്നും ഇതിനോടകം ചത്തു കഴിഞ്ഞു. ഇവയിലേറെയും ബോട്ടുകളിൽ ചെന്നെത്താനാവാത്ത ഇടങ്ങളിലാണ് കുടുങ്ങിപ്പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൈലറ്റ് വെയിൽസ് ഇനത്തിൽപ്പെട്ട തിമിംഗലങ്ങളിണ് അപകടത്തിലായത്. ഒരു പതിറ്റാണ്ടിനുള്ളിൽ ഇതാദ്യമായാണ് ഇത്ര അധികം തിമിംഗലങ്ങൾ ടാസ്മാനിയയിൽ കുടുങ്ങി പോകുന്നത്. പൈലറ്റ് തിമിംഗലങ്ങൾ സാധാരണയായി ആയിരത്തിനടുത്ത് എണ്ണമുള്ള കൂട്ടമായാണ് സഞ്ചരിക്കുന്നത്. ഇരതേടി നീങ്ങുന്നതിനിടെ  കരയിലേക്ക്  വഴിതെറ്റി സഞ്ചരിച്ച ഒന്നോരണ്ടോ എണ്ണത്തിന് പിന്നാലെയെത്തിയതാവാം 270 തിമിംഗലങ്ങളുമെന്നാണ് നിരീക്ഷകരുടെ നിഗമനം.

ടാസ്മാനിയ പാർക്ക്സ് ആൻഡ് വൈൽഡ് ലൈഫ് സർവീസ് ഉദ്യോഗസ്ഥരടക്കം അറുപതിൽപ്പരം ആളുകളാണ് രക്ഷാസേനയിലുള്ളത്. ജീവനോടെ ശേഷിക്കുന്നവയെ രക്ഷിച്ചെടുക്കാൻ കൂടുതൽ ദിവസങ്ങൾ വേണ്ടിവന്നേക്കാമെന്ന് അധികൃതർ പറയുന്നു. കാലാവസ്ഥ അനുകൂലമാണെങ്കിൽ കുടുങ്ങിയ അവസ്ഥയിലും പൈലറ്റ് തിമിംഗലങ്ങൾക്ക് ജീവൻ നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഉദ്യോഗസ്ഥർ.

English Summary: Tragedy as around 90 pilot whales die after becoming stranded on a sandbar off Tasmania 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com