ADVERTISEMENT

കൃഷിക്കായി ഒരു കിണർ കുഴിക്കാനുള്ള ശ്രമത്തിലായിരുന്നു ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ആ കർഷൻ. എന്നാൽ അദ്ദേഹത്തിന്റെ അന്വേഷണം ചെന്നുതട്ടിയത് ഒരു നിധിയിലായിരുന്നു. പുരാതന കാലത്ത് ആഭരണങ്ങളും മറ്റും നിർമിക്കാൻ ഉപയോഗിച്ചിരുന്ന ഒരു തരം പച്ചക്കല്ലു കൊണ്ട് നിർമിച്ചിരുന്ന ഏതാനും വസ്തുക്കളാണ് അദ്ദേഹത്തിനു ലഭിച്ചത്. സംഭവം കാട്ടുതീ പോലെ പടർന്നു. ഒട്ടേറെ പേർ പ്രദേശത്തു ഭാഗ്യപരീക്ഷണത്തിനിറങ്ങി. പലയിടത്തുനിന്നും ശിൽപങ്ങളും മറ്റും കുഴിച്ചെടുക്കുകയും ചെയ്തു. കിട്ടിയവരെല്ലാം അതു വിറ്റു കാശാക്കി. 1929 ലായിരുന്നു ഈ സംഭവം. പുരാവസ്തു ഗവേഷകർ പിന്നീട് ഒട്ടേറെ തവണ ഇവിടെ തിരച്ചിൽ നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല. എങ്കിലും തിരച്ചിൽ തുടർന്നു, 1986ൽ അതു ഫലം കാണുകയും ചെയ്തു. 

വിലയേറിയ കല്ലുകൾകൊണ്ടുള്ള കൗതുകവസ്തുക്കളും ആനക്കൊമ്പ് കൊണ്ടു തീർത്ത വസ്തുക്കളും വെങ്കലപ്രതിമകളുമെല്ലാമാണ് ഗവേഷകർ ആദ്യം കണ്ടെത്തിയത്. വിവിധ ആചാരങ്ങളുടെ ഭാഗമായി ഉപയോഗിച്ചതായിരുന്നു അവയെല്ലാമെന്നാണു കരുതുന്നത്. ചിലത് നശിപ്പിച്ച നിലയിലായിരുന്നു, ചില വസ്തുക്കൾ പൊട്ടാതെ സൂക്ഷ്മതയോടെ കരുതിവച്ച നിലയിലും. ചിലത് കത്തിച്ച നിലയിലുമായിരുന്നു. ആ കണ്ടെത്തലിൽ നിന്നായിരുന്നു ചൈനീസ് ചരിത്രം സംബന്ധിച്ച ഏറ്റവും വലിയ നിഗൂഢതകൾക്കു തുടക്കം കുറിച്ചത്. 

Mystery of Ancient Chinese Civilization's Disappearance Explained
Image Credit: Bill Perry/ shutterstock

വൻതോതിൽ പുരാതന വസ്തുക്കൾ കണ്ടെത്തിയതിനു പിന്നാലെ ഗവേഷകർ ആലോചിച്ചത് ഒരൊറ്റക്കാര്യമായിരുന്നു. ആരാണ് ഇതിനെല്ലാം പിന്നിൽ? അന്വേഷണം ചെന്നെത്തിനിന്നത് ഏകദേശം 2800–3000 വർഷം മുൻപും. മിൻജിയാങ് നദീതീരത്ത് വളർന്നുവന്ന സാൻഷിങ്ഡുയ് നാഗരികതയുടെ അവശിഷ്ടങ്ങളായിരുന്നു പുരാവസ്തു ഗവേഷകർ കുഴിച്ചെടുത്തത്. മറ്റു നാഗരികതയെപ്പോലെ കാലക്രമേണ നശിച്ച് മണ്ണടിഞ്ഞു പോയതായിരുന്നില്ല സാൻഷിങ്ഡുയിലേത്. മറിച്ച് അവിടുത്തെ ജനങ്ങൾ പ്രദേശം വിട്ട് ഓടിപ്പോയതാണ്. പോകുന്നതിനു മുൻപ് അവർ വിലപിടിച്ച വസ്തുക്കളും വീട്ടുപകരണങ്ങളുമെല്ലാം പലയിടത്തായി കുഴിച്ചിടുകയും ചെയ്തു. പക്ഷേ എന്തിന്? ഇന്നേവരെ കണ്ടെത്താനായിട്ടില്ല ഗവേഷകര്‍ക്ക് ആ ചോദ്യത്തിന്റെ ഉത്തരം. 

2014ൽ ഒരു കൂട്ടം ഗവേഷകർ മുന്നോട്ടുവച്ച സിദ്ധാന്തമാണ് ഇക്കാര്യത്തിൽ സാഹചര്യങ്ങളോട് ഏറ്റവും ചേർന്നുനിൽക്കുന്നത്. 3000 വർഷം മുൻപുണ്ടായ അതിശക്തമായ ഒരു ഭൂകമ്പത്തിൽ മിൻജിയാങ് നദി ഗതി മാറി ഒഴുകിയതോടെയാണത്രേ സാൻഷിങ്ഡുയ് നാഗരികതയിൽ ഉൾപ്പെട്ടവർക്കു പലായനം ചെയ്യേണ്ടിവന്നത്. എന്തുതന്നെയായാലും ചൈനീസ് ചരിത്രം തിരുത്തിക്കുറിച്ച കണ്ടെത്തലായിരുന്നു സാൻഷിങ്ഡുയിലേത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് രണ്ടിടത്തുനിന്നു കണ്ടെത്തിയ പുരാവസ്തു ശേഖരമായിരുന്നു. രണ്ടു വലിയ കുഴികളിലായി നിറച്ചു വച്ച നിലയിൽ കണ്ടെത്തിയവയിൽ സ്വർണവും വെങ്കലവും വില പിടിച്ച കല്ലുകളും ആനക്കൊമ്പുംകൊണ്ടെല്ലാം നിർമിച്ച വസ്തുക്കളായിരുന്നു. അതും ആയിരക്കണക്കിനെണ്ണം! 

Mystery of Ancient Chinese Civilization's Disappearance

മാത്രവുമല്ല, ആ കുഴികളിൽ കണ്ടെത്തിയ വസ്തുക്കൾക്കു സമാനമായവ ചൈനയിൽ വേറൊരിടത്തും ഇന്നേവരെ കണ്ടെത്താനായിട്ടില്ല. ആ വസ്തുക്കളുടെ നിർമാണത്തിനു പിന്നിലെ വൈദഗ്ധ്യം കൂടി മനസ്സിലാക്കിയതോടെയാണ് 3000 വർഷം മുൻപത്തെ നിഗൂഢ നാഗരികത ഗവേഷകരെ വീണ്ടും അമ്പരപ്പിച്ചത്. മൃഗങ്ങളുടെ മുഖശിൽപങ്ങൾ, കോമ്പല്ലും വലിയ വായും വ്യാളിയുടെ ചെവിയുമെല്ലാമുള്ള മുഖംമൂടികൾ, മനുഷ്യരുടേതിനു സമാനമായ സ്വർണം പൂശിയ തലകൾ, വ്യാളികൾ. പക്ഷികൾ, പാമ്പുകൾ തുടങ്ങി നാലു മീറ്റര്‍ നീളമുള്ള വെങ്കലംകൊണ്ടുള്ള മരം വരെയുണ്ടായിരുന്നു കൂട്ടത്തിൽ. ഇതുകൂടാതെ കോടാലി, കളിമൺ ഫലകങ്ങൾ, കത്തികൾ, മോതിരം തുടങ്ങി നൂറുകണക്കിനു മറ്റു വസ്തുക്കളും. ഏകദേശം എട്ടടി ഉയരത്തിൽ ഒരു വെങ്കല പ്രതിമയും കണ്ടെടുത്തു. ലോകത്ത് ഇന്നേവരെ കണ്ടെത്തിയവയിൽ ഏറ്റവും വലുതും ഏറ്റവും ഭംഗിയായി സംരക്ഷിക്കപ്പെട്ടതുമായി വെങ്കല മനുഷ്യപ്രതിമ കൂടിയായിരുന്നു അത്. 

ഉണ്ടക്കണ്ണുകളും നീളൻ മൂക്കും ചതുരാകൃതിയിലെ മുഖവും വലിയ ചെവികളുമെല്ലാമായി കണ്ടെടുത്ത വെങ്കല മുഖംമൂടികളായിരുന്നു കൂട്ടത്തിൽ ഏറ്റവും കൗതുകകരം. ചൈനക്കാരുമായോ ഏഷ്യക്കാരുമായോ യാതൊരു സാമ്യവുമില്ലാത്ത തരം മുഖങ്ങളായിരുന്നു അവയെല്ലാം. തുറിച്ച കണ്ണുകളോടെ ഏറെ വലുപ്പത്തിൽ നിർമിച്ച മൂന്നു മുഖംമൂടികളായിരുന്നു മറ്റ് ആകർഷക വസ്തുക്കൾ. കാർബൺ ഡേറ്റിങ് പരിശോധനയിൽ അവ ബിസി 12–11 നൂറ്റാണ്ടിൽനിന്നുള്ളവയാണെന്നു തെളിഞ്ഞു. 

ഏറ്റവും മികച്ച ശിൽപനിർമാണ രീതിയിലൂടെയായിരുന്നു വെങ്കല പ്രതിമകളെല്ലാം തയാറാക്കിയിരുന്നതെന്നും കണ്ടെത്തി. ചെമ്പിന്റെ തകരത്തിന്റെയും മിശ്രിതത്തിലേക്ക് ഈയം ചേർത്തു നിർമിച്ച ആ ലോഹക്കൂട്ടിന് കാഠിന്യവും കൂടുതലായിരുന്നു. അതുപയോഗിച്ചായിരുന്നു വലിയ വെങ്കല മനുഷ്യനെയും വെങ്കല മരശിൽപവുമെല്ലാം നിർമിച്ചത്. ചില മുഖംമൂടികൾക്ക്. 0.72 മീറ്റർ‍ വരെയായിരുന്നു ഉയരം. 1.32 മീറ്റർ വീതിയും! ചൈനീസ് പരമ്പരാഗത ചിത്ര–ശിൽപരചനാരീതികളുമായി ഒരുതരത്തിലും ബന്ധമുണ്ടായിരുന്നില്ല ഇവയുടെ നിർമിതിക്കെന്നതും ഗവേഷകരിൽ കൗതുകമുണർത്തി. 

എന്നാൽ ഈ നാഗരികതയെക്കുറിച്ചുള്ള യാതൊന്നും ഫലകങ്ങളിലോ മറ്റോ രേഖപ്പെടുത്തിയിരുന്നില്ല. ചൈനയിലെ ഷു രാജവംശവുമായി ബന്ധപ്പെട്ടു വളർന്നുവന്നതാണ് സാൻഷിങ്ഡുയ് നാഗരികതയെന്ന നിഗമനത്തിലാണ് ഗവേഷകർ ഏറ്റവുമൊടുവിലെത്തിയത്. പുരാതന കാലത്ത് ഷു രാജവംശത്തിലും പല തരം വസ്തുക്കൾ കുഴിയിലിട്ടു മൂടി ദൈവങ്ങൾക്ക് പ്രതീകാത്മക ബലി കൊടുക്കുന്ന രീതിയുണ്ടായിരുന്നു. അപ്പോഴും സാൻഷിങ്ഡുയ് നാഗരികതയുടെ ഭാഗമായിരുന്ന ജനങ്ങൾക്ക് എന്തു സംഭവിച്ചുവെന്നതിനു മാത്രം ഉത്തരമില്ല. കുറേ മുഖംമൂടികൾ മാത്രം അവശേഷിപ്പിച്ച് അവർ എവിടേക്കു പോയി?

English Summary: Mystery of Ancient Chinese Civilization's Disappearance Explained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com