ADVERTISEMENT

ലോകത്ത്  പ്രകൃതിയെയും ജീവിവർഗങ്ങളെയും സ്നേഹിക്കുന്നവരെ കരയിച്ച ഒരു കാഴ്ചയാണ് കഴിഞ്ഞദിവസങ്ങളിൽ ഓസ്ട്രേലിയയിലെ ടാസ്മാനിയയിലുള്ള ബീച്ചിൽ നടന്നത്. അഞ്ഞൂറോളം പൈലറ്റ് തിമിംഗലങ്ങൾ (പൈലറ്റ് വേൽ) ബീച്ചിലേക്ക് പൊടുന്നനെ കൂട്ടമായെത്തി.ആഴക്കടലിലെ ജീവിവർഗങ്ങളായ തിമിംഗലങ്ങൾ താരതമ്യേന ആഴംകുറഞ്ഞ ബീച്ചിൽ കൂട്ടമായെത്തിയാൽ പെട്ടുപോകാറുണ്ട്. ഇതു തന്നെ ഇവിടെയും സംഭവിച്ചു.ബീച്ചിൽ കുടുങ്ങിയ തിമിംഗലങ്ങളിൽ 380 ഓളം ചത്തു.ടാസ്മാനിയയിലെ ബീച്ചിൽ തിമിംഗലങ്ങൾ വരിയായി കൂട്ടമായി ചത്തുകിടക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും താമസിയാതെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

എന്ത് കൊണ്ട് ?

എന്തുകൊണ്ടാണ് പൈലറ്റ് തിമിംഗലങ്ങൾ ഇപ്രകാരം ബീച്ചിലേക്ക് ആത്മഹത്യാപരമായി എത്തുന്നു.?പല കാരണങ്ങളുണ്ട്.ഒന്നാമത് കാര്യം തിമിംഗലങ്ങൾ എന്നു കേൾക്കുമ്പോൾ നമുക്ക് നീലത്തിമിംഗലത്തെ ഓർമ വരുമെങ്കിലും ഡോൾഫിനുമായി സാമ്യവും ബന്ധവും പുലർത്തുന്നവയാണ് പൈലറ്റ് തിമിംഗലങ്ങൾ (ഡോൾഫിനുകളും തിമിംഗലകുടുംബത്തിലേതാണ്.ഏറ്റവും വലിയ ഡോൾഫിനായ ഓർക്ക അറിയപ്പെടുന്നത്  കൊലയാളിത്തിമിംഗലമെന്നാണ്).ചെറുതാണെന്നു സാരം.

ജനിച്ച വീഴുന്ന കൂട്ടത്തിനൊപ്പം മരണം വരെ കഴിയുന്നവരാണ് ഇത്തരം പൈലറ്റ് തിമിംഗലങ്ങൾ. ചെറുമീനുകളെയും തിരണ്ടിയെയുമൊക്കെ വേട്ടയാടിക്കഴിക്കാനാണ് ഇവയ്ക്ക് താൽപര്യം.ഇങ്ങനെ കൂട്ടവേട്ടയ്ക്കിടയിൽ രക്ഷപ്പെടുന്ന ഇരയുടെ പിന്നാലെ നീന്തി എത്തിയാകാം അപകടമുണ്ടായതെന്നാണ് പ്രധാന വാദം.പൈലറ്റ് തിമിംഗലങ്ങൾ ഇത്തരത്തിൽ ബീച്ചുകളിൽ കുടുങ്ങുന്നതിൽ കുപ്രസിദ്ധി നേടിയവയാണ്.

എന്തു ചെയ്യും?

ചത്ത തിമിംഗലങ്ങളുടെ ശരീരം എങ്ങനെ അടക്കം ചെയ്യുമെന്ന ആശങ്കയിലാണ് ഓസ്ട്രേലിയൻ അധികൃതർ. മണലിൽ കുഴിച്ചുമൂടാമെന്നും, ദൂരെയെവിടെയെങ്കിലും നികത്തേണ്ട കുഴികളിൽ ഇടാമെന്നും തുടങ്ങി പല മാർഗങ്ങളും അവർ ചിന്തിക്കുന്നുണ്ട്.കടലിൽ തന്നെ തിമിംഗലങ്ങളുടെ ശരീരം കിടന്നാൽ അവ അഴുകി ദ്രവിച്ചു വീർക്കും. ബീച്ചിലെ സമുദ്രജലത്തിൽ ഇതു മൂലം വമ്പിച്ച മലിനീകരണമാകും ഉണ്ടാകുക.തന്നെയുമല്ല, പൈലറ്റ് തിമിംഗലങ്ങളെ ഭക്ഷിക്കാനിഷ്ടമുള്ള വമ്പൻ സ്രാവുകളും വലിയ തിമിംഗലങ്ങളുമൊക്കെ മാംസം കാരണം ബീച്ചിലേക്ക് ആകർഷിക്കപ്പെട്ടാൽ കൂടുതൽ പ്രശ്നങ്ങളാണ്. അതിനാൽ രാജ്യാന്തര ശ്രദ്ധ നേടിയ പ്രശ്നം എത്രയും പെട്ടെന്നു പരിഹരിക്കാനുള്ള തത്രപ്പാടിലാണ് ഓസ്ട്രേലിയ. ഇതുവരെ എൺപതോളം തിമിംഗലങ്ങളെ അധികൃതർ രക്ഷിച്ചു.

ഓസ്ട്രേലിയയിൽ ഇത്തരത്തിൽ തിമിംഗലങ്ങൾ ബീച്ചിൽ കുടുങ്ങുന്നത് ഒരു പുതിയ വാർത്തയല്ല.ഇടയ്ക്കിടെ ടാസ്മാനിയയിലും മറ്റും ഇതു സംഭവിക്കാറുണ്ട്.ഇത്രയധികം തിമിംഗലങ്ങൾ കുടുങ്ങിച്ചാകുന്നത് ഇതാദ്യം.1996ൽ ഡൺസ്ബറോ ബീച്ചിൽ ഇതു പോലെ 320 തിമിംഗലങ്ങൾ കുടുങ്ങിയതാണ് ഇതിനു മുൻപുണ്ടായ പ്രധാന സംഭവം.

English Summary: 380 pilot whales dead in largest mass stranding ever recorded in Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com