ADVERTISEMENT

ലോകത്തെ കാലാവസ്ഥാ റെക്കോര്‍ഡുകള്‍ സ്ഥാപിക്കപ്പെടുന്നത് ഇതിനകം ഒരു പുതുമയല്ലാതായി മാറിയിട്ടുണ്ട്. പ്രത്യേകിച്ചും ഈ ദശാബ്ദത്തിന്‍റെ രണ്ടാം പകുതിയില്‍ താപനില റെക്കോര്‍ഡുകളില്‍ ഭൂരിഭാഗവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ സംഭവങ്ങളായിരുന്നു. എങ്കിലും കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്ന ഒരേ ദിശയില്‍ മാത്രമല്ല എന്നു തെളിയിക്കുന്നതിനായി ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയ സംഭവങ്ങളും പലയിടത്തായി ഇതിനകം ഉണ്ടായി. പക്ഷേ, കുറഞ്ഞ താപനില സംബന്ധിച്ച് റെക്കോര്‍ഡുകളെല്ലാം ഇപ്പോള്‍ രൂപപ്പെടുന്നത് ഭൂമധ്യരേഖാപ്രദേശത്താണ് എന്നതാണ് കൗതുകകരമായ കാര്യം.

അതേസമയം ഇത്തരം ഒരു റെക്കോര്‍ഡ് ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത് ഭൂമിയുടെ ഉത്തരാർധത്തിലെ ഏറ്റവും കുറഞ്ഞ  താപനിലയെ സംബന്ധിച്ചാണ്. മൈനസ് 69 ഡിഗ്രി സെല്‍ഷ്യസാണ് ഗ്രീന്‍ലന്‍ഡില്‍ രേഖപ്പെടുത്തിയ ഈ റെക്കോര്‍ഡ് താപനില. പക്ഷെ ധ്രുവപ്രദേശങ്ങളിലെ താപനില ഉയരുന്നു എന്നും മഞ്ഞുപാളികള്‍ ഉരുകി ഇല്ലാതാകുന്നു എന്നുമുള്ള കണ്ടെത്തലുകള്‍ക്കിടയില്‍ ശൈത്യകാലത്തിന് മുന്നേ ഇത്തരം ഒരു റെക്കോര്‍ഡ് എങ്ങനെ സംഭവിച്ചു എന്ന് പലരും അദ്ഭുതപ്പെട്ടേക്കാം. ഈ അദ്ഭുതം അസ്ഥാനത്തല്ല, കാരണം മേല്‍പ്പറയുന്ന റെക്കോര്‍ഡിന് ആസ്പദമായ താപനില രേഖപ്പെടുത്തയത് 30 വര്‍ഷം മുന്‍പാണ്.

ഉത്തരാർധ ഗോളത്തിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 69 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത് ഗ്രീന്‍ലന്‍ഡിലാണ്. 1991ല്‍ രേഖപ്പെടുത്തിയ ഈ താപനില ഉത്തരാർധത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചത് രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ വിഭാഗമാണ്. വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഏജന്‍സിയിലെ കാലാവസ്ഥാ നിരീക്ഷകര്‍ ഈ താപനില അന്ന് രേഖപ്പെടുത്തിയതായി ചരിത്ര രേഖകള്‍ ഉപയോഗിച്ച് കണ്ടെത്തിയത് സമീപ കാലത്തു മാത്രമാണ്. അതുകൊണ്ട് തന്നെയാണ് ഈ താപനിലാ റെക്കോര്‍ഡ് ഇത്രകാലവും പുറം ലോകം അറിയാതെ മറഞ്ഞു കിടന്നതും.

മധ്യ ഗ്രീന്‍ലന്‍ഡിലെ കിനിക്ക് എന്നു പേരുള്ള പ്രദേശത്താണ് മൈനസ് 69 ഡിഗ്രി സെല്‍ഷ്യസ് എന്ന താപനില 1991 ഡിസംബര്‍ 22 ന് രേഖപ്പെടുത്തിയത്. ഈ മേഖലയില്‍ തന്നെ സ്ഥാപിച്ചിരുന്ന ഒരു ഓട്ടോമേറ്റഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഈ താപനില രേഖപ്പെടുത്തിയതും. കടല്‍നിരപ്പില്‍ നിന്ന് 3015 മീറ്റര്‍ ഉയരത്തിലായിരുന്നു ഈ റെക്കോര്‍ഡ് താപനില രേഖപ്പെടുത്തയ ഇടം. അത് വരെ ഉണ്ടായിരുന്ന ഉത്തരാർധത്തിലെ കുറഞ്ഞ താപനില എന്ന റെക്കോര്‍ഡിനെ ഏതാണ്ട് 2 ഡിഗ്രി സെല്‍ഷ്യസിന് പരാജയപ്പെടുത്തിയാണ് കിനിക്കിലെ അന്നത്തെ താപനില പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 1892 ലും, 1933 ലും റഷ്യയിലെ വ്യത്യസ്ത ഇടങ്ങളിലായി രേഖപ്പെടുത്തിയ  മൈനസ് 67.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു അതുവരെ ഉത്തരാർ‍ധതത്തിലെ ഏറ്റവും കുറഞ്ഞ താപനില.

ലോകത്തെ ഏറ്റവും കുറഞ്ഞ താപനില.

മൈനസ് 69 ഡിഗ്രി സെല്‍ഷ്യസ് എന്നത് മരവിപ്പിക്കുന്ന തണുപ്പുള്ള കാലാവസ്ഥയാണ്. അത്തരം കാലാവസ്ഥയില്‍ മനുഷ്യന് അതിജീവിക്കാന്‍ തന്നെ വളരെ പ്രയാസമാണ്.  എന്നാല്‍ ഭൂമിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വാഭാവിക താപനില 20 ഡിഗ്രി സെല്‍ഷ്യസ് കൂടി കുറവാണ്. അതായത് മൈനസ് 89.2 ഡിഗ്രി സെല്‍ഷ്യസ്. അന്‍റാര്‍ട്ടിക്കില്‍ 1983 ജൂലൈ 21 നാണ് ഈ തണുത്തുറഞ്ഞ കാലാവസ്ഥയുടെ അളവ് രേഖപ്പെടുത്തിയത്. അന്‍റാര്‍ട്ടിക്കിലെ ഉയര്‍ന്ന പ്രദേശത്തെ വോസ്ടോക്ക് എന്ന മേഖലയിലുള്ള കാലാവസ്ഥാ കേന്ദ്രത്തിലാണ് ഇത് രേഖപ്പെടുത്തിയത്.

ഒരിക്കല്‍ കുറഞ്ഞ താപനിലയുടെ റെക്കോര്‍ഡ് ഇപ്പോള്‍ താപനില വർധവില്‍ ആശങ്ക

മുകളില്‍ സൂചിപ്പിച്ച ഉത്തരാർധഗോളത്തിലെ ഏറ്റവും കുറഞ്ഞ താപനില എന്ന റെക്കോര്‍ഡിന് ഉടമകളായിരുന്ന റഷ്യയിലെ സ്ഥലങ്ങളില്‍ ഒന്ന് വെര്‍കോയാന്‍ഷിയോക് എന്ന മേഖലയാണ്. 1892 ല്‍ മൈനസ് 68 ഡിഗ്രി സെല്‍ഷ്യസോളം താപനില രേഖപ്പെടുത്തിയ ഈ പ്രദേശം ഏതാണ്ട് 100 വര്‍ഷത്തേക്ക് ഈ റെക്കോര്‍ഡ് കയ്യടക്കി വച്ചിരുന്നു. 1933 മുതല്‍ റഷ്യയിലെ തന്നെ മറ്റൊരു മേഖലയുമായി ഈ റെക്കോര്‍ഡ് പങ്കിടേണ്ടി വന്നു എന്നു മാത്രം. എന്നാല്‍ ഈ വര്‍ഷം ഇതേ മേഖലയിലെ താപനിലയിലെ വർധനവ് ഏവരെയും ആശങ്കപ്പെടുത്തുകയാണ്. 38 ഡിഗ്രി സെല്‍ഷ്യസാണ് ആര്‍ട്ടിക്കിനോടു ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശത്ത് ഇക്കുറി രേഖപ്പെടുത്തിയത്.  ഏതാണ്ട് ഭൂമധ്യരേഖാ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന അതേ കാലാവസ്ഥയാണ് റഷ്യയിലെ ഈ മേഖലയില്‍ അനുഭവപ്പെട്ടതന്ന് ചുരുക്കം. ഇതില്‍ നിന്ന് തന്നെ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഭൂമിയിലെ താപനില വിന്യാസത്തെയും സ്വാഭാവിക അവസ്ഥയേയും എങ്ങനെ ബാധിച്ചു എന്ന് മനസ്സിലാക്കാനാകും.

English Summary: The Northern Hemisphere Has A New All-Time Coldest Temperature Record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com