ADVERTISEMENT

കിളിയൊച്ചകൾക്കായി കാതുകൾ തുറന്നു വച്ച, തൂവൽക്കാഴ്ചകൾക്കായി കണ്ണിമ ചിമ്മാതെയലഞ്ഞ, പറക്കും ചങ്ങാതികളോടുള്ള   അഭിനിവേശം മനസ്സിൽ നിറച്ച അഞ്ചു വർഷങ്ങൾകൊണ്ട് അവർ ഒത്തുചേർന്ന് ഒരു ഭൂപടം വരച്ചു ചേർത്തു.അങ്ങനെ കേരളത്തിലെ വിണ്ണിൽ പാറുന്ന പക്ഷികളുടെ വിവരങ്ങൾ മണ്ണിലെ പുസ്തകങ്ങളിലെ ചിത്രങ്ങളായി മാറി. ഒടുവിലത്  കേരളസംസ്ഥാനത്തിലെ പക്ഷികളുടെ സമ്പൂർണ്ണ ഭൂപടപുസ്തകം (Kerala birdatlas ) എന്ന സ്വപ്നസാഫല്യമായി മാറിയിരിക്കുന്നു. സംസ്ഥാനത്തിന്റെ വൈവിധ്യമാർന്നദേശങ്ങളിലും വ്യത്യസ്തമായ കാലാവസ്ഥാ ഋതുഭേദങ്ങളിലും കണ്ടു വരുന്ന പക്ഷികളുടെ വിവരചിത്രീകരണത്തിന് സഹായിച്ചത് ആയിരത്തിലധികം വരുന്ന പക്ഷി നിരീക്ഷകരുടെ അശ്രാന്ത പരിശ്രമമായിരുന്നു. പൗരൻമാർ തന്നെ ഗവേഷകരായി മാറിയ ഈ സംരഭത്തിലൂടെ (citizen-science initiative) ഏഷ്യയിലെ തന്നെ ആദ്യത്തേതെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഒരു സംസ്ഥാനത്തിന്റെ സമ്പൂർണ്ണ ബേർഡ് അറ്റ്ലസ് പുസ്തക രൂപത്തിൽ പുറത്തിറങ്ങാനൊരുങ്ങുകയാണ്. ഒപ്പം പ്രകൃതിയുടെ ഓരോ സ്പന്ദനങ്ങളുടെയും സൂക്ഷിപ്പുകാരും സൂചകങ്ങളുമായ പക്ഷികളുടെ പരിരക്ഷണയത്നങ്ങളിൽ ഇത്തരമൊരു വിവരശേഖരണം ഏറെ സഹായകരമാകമെന്നും പ്രതീക്ഷിക്കാം.

ബേഡ് അറ്റ്ലസ് എന്നത്  സുപ്രധാന ഘടകം

പക്ഷിപഠന ശാസ്ത്രത്തിന്റെ (Ornithology) സുപ്രധാനമായൊരു ഘടകമായി പരിഗണിക്കുന്ന രേഖയാണ് പക്ഷികളുടെ ഭൂപടപുസ്തകം അഥവാ അറ്റ്ലസ് എന്നത്. ഓരോ പക്ഷിയിനങ്ങളുടെയും എണ്ണം അല്ലെങ്കിൽ സമൃദ്ധി, അവ കാണപ്പെടുന്ന ഭൂവിഭാഗത്തിന്റെ വ്യാപ്തി തുടങ്ങിയ വിവരങ്ങൾ കൃത്യമായി നൽകുന്നതിലുടെ പക്ഷികളുടെയും അവയുടെ ആവാസസ്ഥാനങ്ങളുടെയും സംരക്ഷണത്തിന് അറ്റ്ലസുകൾ മുതൽക്കൂട്ടാകുന്നു. മാത്രമല്ല ദീർഘകാലാടിസ്ഥാനത്തിൽ വ്യത്യസ്ത കാലാവസ്ഥാ ഭേദങ്ങളിൽ പക്ഷിയിനങ്ങളുടെ ഗതിവിഗതികളെക്കുറിച്ച് മുന്നറിവു നൽകാനും അറ്റ്ലസുകൾ സഹായകരമാകാറുണ്ട്. കേരളത്തിൽ വ്യാപകവും ധാരാളവുമായ ഏകദേശം 150 യിയിനങ്ങളുടെ നിലവിലെ വിതരണസ്ഥിതി സംബന്ധമായ വിവരങ്ങൾ അറ്റ്ലസ് നൽകുന്നു.

വരുന്ന  25 വർഷക്കാലത്തിനപ്പുറം പക്ഷിസമൂഹങ്ങളുടെ സ്ഥിതിയെന്താവുമെന്നതിനേക്കുറിച്ചുള്ള പ്രവചനവിവരങ്ങളും അറ്റ്ലസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥയിലും ഭൂവിനിയോഗത്തിലും അടുത്ത കാൽ നൂറ്റാണ്ടിൽ വന്നേക്കാവുന്ന മാറ്റങ്ങൾ കണക്കിലെടുത്താണ് ഇത്തരം ഭാവി കഥനങ്ങൾ നടത്തുന്നത്. നാട്ടിൽ പതിവായി കണ്ടുവരുന്ന പക്ഷികൾ, വംശനാശഭീഷണി നേരിടുന്നയിനങ്ങൾ എന്നിവയുടെ വൈവിധ്യം, ഹോട്ട്സ്പോട്ടുകൾ സംബന്ധിച്ച ചിത്രവും അറ്റ്ലസ് നൽകും. നിലവിലുള്ള പരിരക്ഷണ പ്രദേശങ്ങളുടെ പുറത്തുള്ള ,എന്നാൽ സവിശേഷ ശ്രദ്ധ നൽകേണ്ട സ്ഥലങ്ങൾ തിരിച്ചറിയാനും ശ്രമം നടത്തിയിരിക്കുന്നു. കേരളത്തിന്റെ പക്ഷിപരിസ്ഥിതിവിജ്ഞാനീയത്തിന്റെ സമഗ്രവിവരശേഖരമാകുന്നതാണ് കേരള ബേഡ് അറ്റ്ലസ് എന്ന് വിലയിരുത്തപ്പെടുന്നു.

സഫലമാകുന്നത്  കൂട്ടായ്മയും കഠിനപ്രയത്നവും

കേരള കാർഷിക സർവകലാശാലയും ബേഡ് കൗണ്ട് ഇന്ത്യ ( Bird Count India ) സംഘടനയും സംയുക്തമായി സംഘടിപ്പിച്ച ചിട്ടയായ പഠന, നിരീക്ഷണ, ഗവേഷണ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയാണ് കേരള ബേഡ് അറ്റ്ലസ്. ഇരുപത്തിയഞ്ചോളം വരുന്ന സന്നദ്ധ സേവാ സംഘങ്ങളിലായി ആയിരത്തിലധികം പ്രവർത്തകർ പദ്ധതിയുടെ ഭാഗമായി. പദ്ധതിക്കായി സന്നദ്ധസേവകരെ ആവശ്യപ്പെട്ടുകൊണ്ട് പത്രങ്ങളിൽ നൽകിയ പരസ്യം കണ്ടെത്തിയവരിൽ പക്ഷിനിരീക്ഷണത്തിലെ തുടക്കക്കാർ മുതൽ വിദഗ്ദർ വരെയുണ്ടായിരുന്നു.

പക്ഷിയിനങ്ങളെ തിരിച്ചറിയുന്നതിലും ,ലഭ്യമാകുന്ന വിവരങ്ങൾ ആപ്ലിക്കേഷനിൽ ചേർക്കാനുമുള്ള പരിശീലനം തുടക്കത്തിൽത്തന്നെ നൽകുകയുണ്ടായി. തുടക്കക്കാരെ സഹായിക്കാൻ അനുഭവമേറെയുണ്ടായിരുന്നവർ തുണയായി. കാർഷിക സർവകലാശാലയുടെ കാലാവസ്ഥാമാറ്റപഠന അക്കാദമി സ്പെഷ്യൽ ഓഫീസർ ഡോ. പി ഒ നമീർ പദ്ധതിക്ക് മുഖ്യനേതൃത്വം നൽകി. വനം വകുപ്പിന്റെ സഹകരണവും മുതൽക്കൂട്ടായി മാറി. ബേഡ് കൗണ്ട് ഓഫ് ഇന്ത്യയുടെ ഭാഗമായ നേച്ചർ കൺസർവേഷൻ ഫൗണ്ടേഷൻ ,സംസ്ഥാന ജില്ലാതല കോഡിനേറ്റർമാർ, വെറ്ററിനറി സർവകലാശാല വിദ്യാർത്ഥികൾ തുടങ്ങിയ വരും പഴുതില്ലാത്ത പ്രവർത്തനത്തിന് സഹായം നൽകിയിരുന്നു.

അഞ്ചു വർഷം നീണ്ട സപര്യ

2015 ജൂലൈ മാസത്തിൽ തൃശൂരിൽ നടന്ന ശിൽപശാലയിൽ നിന്നാരംഭിച്ച പഠനം 2020 സെപ്റ്റംബർ വരെ നീണ്ടുനിന്നു. തൃശൂരും ആലപ്പുഴയും ആദ്യ പഠനങ്ങൾ നടന്ന ജില്ലകളായി.ജനുവരി മുതൽ മാർച്ചുവരെയുള്ള ഉണക്കു കാലം, ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മഴ നനഞ്ഞ മാസങ്ങൾ. ഇങ്ങനെ വർഷത്തിൽ രണ്ടു സീസണുകളിലായിരുന്നു സർവേ നടത്തപ്പെട്ടിരുന്നത്. ആകെ മൊത്തം നാലായിരം ലൊക്കേഷനുകളിൽ നിരീക്ഷകരുടെ കൗതുകക്കണ്ണുകൾ പക്ഷികളെ തേടിയെത്തി. വരണ്ട കാലത്ത് പക്ഷികളെ കണ്ടെത്താവുന്ന 95 ശതമാനം സ്ഥലങ്ങളും ആർദ്രകാലത്ത് 80 ശതമാനം സ്ഥാനങ്ങളും അവർ പിന്നിട്ടെത്തി. ചെന്നെത്താൻ അതി ദുർഗമമായ പ്രദേശങ്ങൾ മാത്രം ഒഴിവാക്കപ്പെട്ടു.സംസ്ഥാനത്തെ 6.6x6.6 കിലോമീറ്റർ വിസ്തൃതിയുള്ള അറകളായി (cells)  ആദ്യം വിഭജിച്ചു. പിന്നീട് ഓരോ അറകളെയും  3.3x3.3 കിലോമീറ്റർ വീതം വരുന്ന നാലു ചതുർത്ഥാശംസങ്ങൾ (quadrants) ആക്കി വേർതിരിരിച്ചു.ഇവയോരോന്നും 1.1x 1.1 വലിപ്പമുള്ള ഒൻപത് ഉപഅറകളാക്കി (subcells) മാറ്റി. ഇവയിൽ നിന്ന്  ക്രമമമല്ലാതെ തിരഞ്ഞെടുത്ത ഒരു ഉപ അറയിയിലെ ഒരു പ്രത്യേക സ്ഥലത്ത് ഒരു സന്നദ്ധ സംഘം 15 മിനിട്ടുമുതൽ ഒരു മണിക്കൂർ വരെ ചിലവഴിക്കുന്ന രീതിയിലുള്ള നിരീക്ഷണരീതിയാണ്  പിൻതുടർന്നത്. യുഎസിലെ കോർണൽ ലാബ് ഓഫ് ഓർണിത്തോളജിയുടെ നിയന്ത്രണത്തിലുള്ള eBird ആപ്ലിക്കേഷൻ വിവരങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിച്ചു.

ഏഷ്യയിൽ ആദ്യത്തേത്

ചെറിയ പ്രദേശങ്ങൾ, ചില സീസണുകൾ എന്നിവ അടിസ്ഥാനമാക്കി പക്ഷികളുടെ ഭൂപട നിർമ്മാണത്തിനുള്ള ശ്രമങ്ങൾ പല കാലത്തും സ്ഥലങ്ങളിലും ഉണ്ടായിട്ടുണ്ടെങ്കിലും ,ഒരു സംസ്ഥാനം മുഴുവൻ ഉൾപ്പെടുത്തി, അഞ്ചു സീസണുകൾ പരിഗണിച്ചുണ്ടാക്കിയ ഏഷ്യയിലെ ആദ്യത്തെ പക്ഷികളുടെ ഭൂപടപുസ്തകം ഇതായിരിക്കുമെന്ന് സംഘാടകർ പറയുന്നു.2019-ൽ മൈസുരുവിലെ പക്ഷിപ്രേമികൾ ചേർന്ന് ' മൈസുരു സിറ്റി ബേഡ് അറ്റ്ലസ്' പുറത്തിറക്കിയിരുന്നെങ്കിലും അത് മൈസുരു നഗരത്തിലും ഒരു സീസണിലും ഒതുങ്ങി നിന്നു. യു എസിനും ബ്രിട്ടനുമൊക്കെ സ്വന്തമായ ബേഡ് അറ്റ്ലസുകളുള്ളപ്പോൾ പക്ഷികളും പക്ഷി നിരീക്ഷകരും ഏറെയുള്ള ഇന്ത്യയ്ക്ക് അങ്ങനെയൊന്നില്ല.

രണ്ടു പ്രളയങ്ങളും കോവിഡുമൊക്കെ സൃഷ്ടിച്ച പ്രതിബന്ധങ്ങളെ താണ്ടിയാണ് ഇവർ ലക്ഷ്യസ്ഥാനത്തെത്തുന്നത്. ബേഡ് അറ്റ്ലസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഗവേഷണ പരിരക്ഷണ പ്രവർത്തനങ്ങൾക്കായി സൗജന്യമായി പൊതു സമൂഹത്തിന് ലഭിക്കുന്നതാണ്

(https://birdcount.in/kerala-bird-atlas/). അറ്റ്ലസിന്റെ അച്ചടിച്ച രൂപം ഈ വർഷാവസാനത്തോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അടുത്ത കാൽ നൂറ്റാണ്ടുകാലത്തേക്ക് എങ്കിലും  ഈ പഠനം തുടരാനും ആവർത്തിക്കാനും കഴിഞ്ഞാൽ  പക്ഷി പരിരക്ഷണത്തിൽ മാത്രമല്ല, സമഗ്ര പരിസ്ഥിതി സംരക്ഷണത്തിലും അതു മുതൽക്കൂട്ടാകും. കാരണം പരിസ്ഥിതിയുടെ ഓരോ മാറ്റത്തേക്കുറിച്ചും  കൃത്യമായസൂചന നൽകാൻ പക്ഷികളല്ലാതെ വേറെ ആർക്കാണ് കഴിയുക?

drsabingeorge10@gmail.com

English Summary: Five Years, 1,000 Volunteers: Kerala Completes Mammoth Survey For Bird Atlas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com