ADVERTISEMENT

രാജ്യാന്തര നിയമങ്ങൾക്ക് വിപരീതമായി ബ്രിട്ടൻ കയറ്റി അയച്ച ആശുപത്രി അവശിഷ്ടങ്ങൾ അടക്കമുള്ള 260 ടൺ മാലിന്യങ്ങൾ  ശ്രീലങ്ക മടക്കി അയച്ചു. 2017 സെപ്റ്റംബറിനും 2018 മാർച്ചിനും ഇടയിൽ ശ്രീലങ്കയിൽ എത്തിയ 21 കണ്ടെയ്നർ മാലിന്യങ്ങളാണ് മടക്കി അയച്ചത്. ഉപയോഗിച്ച മെത്തകളും കാർപെറ്റുകളും തുണിത്തരങ്ങളുമാണ് നിയമപ്രകാരം കണ്ടെയ്നറുകളിൽ ഉണ്ടാകേണ്ടത്. എന്നാൽ ഇവയ്ക്കു പുറമേ വൻതോതിൽ ആശുപത്രി മാലിന്യങ്ങളുമായാണ് കണ്ടെയ്നറുകൾ  തുറമുഖത്തെത്തിയത്.

നിലവിൽ തിരിച്ചയച്ച കണ്ടെയ്നറുകളിൽ അനധികൃത ആശുപത്രി മാലിന്യങ്ങൾ ഉണ്ടായിരുന്നുവെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുൻപും ശ്രീലങ്കൻ തുറമുഖത്തേക്ക് മോർച്ചറിയിൽ നിന്നുള്ള ശരീരഭാഗങ്ങളും ബാൻഡേജുകളും അടക്കമുള്ള മാലിന്യങ്ങൾ കണ്ടെയ്നറുകളിലെത്തിയിരുന്നു. എന്നാൽ 2017 -18 കാലയളവിൽ ബ്രിട്ടനിൽ നിന്നെത്തിയ 242 കണ്ടെയ്നറുകൾ ഇപ്പോഴും ശ്രീലങ്കയുടെ തലസ്ഥാന നഗരത്തിനു പുറത്തുള്ള തുറമുഖത്തെ സ്വതന്ത്ര വ്യാപാര മേഖലയിൽ അവശേഷിക്കുന്നുണ്ട്. 

ഈ കണ്ടെയ്നറുകളും നീക്കം ചെയ്യുന്നതിന് വേണ്ടി നിയമ നടപടികൾ സ്വീകരിച്ചുവരികയാണ് ശ്രീലങ്കൻ സർക്കാർ. അനധികൃത മാലിന്യങ്ങളുമായി കണ്ടെയ്നറുകൾ രാജ്യത്ത് പ്രവേശിച്ചതിന് നഷ്ടപരിഹാരം നേടിയെടുക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി അധികൃതർ അറിയിക്കുന്നു. ശ്രീലങ്കയ്ക്ക് പുറമേ കഴിഞ്ഞ രണ്ടു വർഷങ്ങളായി നിരവധി ഏഷ്യൻ രാജ്യങ്ങളാണ്   പാശ്ചാത്യരാജ്യങ്ങളിലേക്ക് അനധികൃത മാലിന്യങ്ങൾ മടക്കി അയച്ചത്. 

യുകെയിൽ നിന്നെത്തിയ 42 കണ്ടെയ്നർ പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴിഞ്ഞ ജനുവരിയിൽ മലേഷ്യ മടക്കി അയച്ചിരുന്നു. ശ്രീലങ്കൻ തുറമുഖതെത്തിയ 3000 ടണ്ണോളം വരുന്ന അപകടകരമായ വസ്തുക്കൾ അടങ്ങിയ മാലിന്യങ്ങളെക്കുറിച്ച് കഴിഞ്ഞവർഷം  അന്വേഷണം നടത്തിയിരുന്നു. ഇതിൽനിന്നും 2017 - 2018  വർഷങ്ങളിൽ 180 ടണ്ണോളം മാലിന്യങ്ങൾ ഇന്ത്യയിലേക്കും ദുബായിലേക്കും തിരിച്ചു  വിട്ടിരുന്നതായി കണ്ടെത്തി.

English Summary: Sri Lanka returns illegal waste to Britain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com