ADVERTISEMENT

മനുഷ്യന്റെ ഇടപെടൽ മൂലം പ്രകൃതി നേരിടുന്ന ഗുരുതരമായ കാലാവസ്ഥ പ്രതിസന്ധിക്കെതിരെ  പൊരുതി വാർത്തകളിൽ ഇടം നേടുകയാണ് ബ്രിസ്റ്റൾ സ്വദേശിനിയായ 18 കാരി. ആർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളിക്ക് മുകളിൽ അഞ്ചുമണിക്കൂർ സമയമാണ്  മ്യാ റോസ് ക്രൈഗ് എന്ന പെൺകുട്ടി പ്രതിഷേധിച്ചത്.

'യൂത്ത് സ്ട്രൈക്ക് ഫോർ ക്ലൈമറ്റ്' എന്നെഴുതിയ പ്ലക്കാർഡുമേന്തിയായിരുന്നു മ്യാ റോസിന്റെ പ്രതിഷേധ സമരം. സ്വീഡൻ സ്വദേശിനിയായ ഗ്രേറ്റ ട്യൂൺബർഗ് കാലാവസ്ഥാ സംരക്ഷണത്തിനുവേണ്ടി 2018ൽ ഫ്രൈഡേ ഫോർ ഫ്യൂച്ചർ എന്ന പ്രസ്ഥാനത്തിന് രൂപം നൽകിയിരുന്നു. ഈ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും സെപ്റ്റംബർ 25ന് ക്ലൈമറ്റ് ആക്ഷൻ ഡേ ആയി ആചരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായായിരുന്നു മ്യായുടെ പ്രതിഷേധ സമരം.

പരിസ്ഥിതി സംരക്ഷണ സംഘടനയായ ഗ്രീൻപീസിന്റെ ആർട്ടിക് സൺറൈസ് എന്ന പ്രകൃതിസൗഹൃദ കപ്പലിലാണ് മ്യാ ആർട്ടിക് മേഖലയിലെത്തിയത്. ആർട്ടിക് മേഖലയിൽ വൻതോതിൽ മഞ്ഞുരുക്കം ഉണ്ടാകുന്നു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇത് നേരിട്ട് കണ്ടു മനസ്സിലാക്കുക എന്ന ലക്ഷ്യം കൂടി തനിക്കുണ്ടായിരുന്നു എന്ന് മ്യാ പറയുന്നു. സമുദ്രങ്ങളുടെ നില മെച്ചപ്പെടുത്താനും കാലാവസ്ഥാ പ്രതിസന്ധിക്കു പരിഹാരം കാണാനും  എല്ലാ ലോക നേതാക്കളും ഒത്തൊരുമിച്ച് നടപടികളെടുക്കണമെന്ന ആവശ്യമാണ് മ്യാ മുന്നോട്ടുവയ്ക്കുന്നത്.

ആർട്ടിക് മേഖലയിലേക്കുള്ള യാത്രയും മഞ്ഞുപാളിക്ക് മുകളിലെ പ്രതിഷേധ സമരവും അസാധാരണമായ ഒരു അനുഭവമായിരുന്നു എന്ന് മ്യാ കൂട്ടിച്ചേർക്കുന്നു. യാത്രയുടെ ഭംഗി കൊണ്ട് മാത്രമല്ല അതിവേഗതത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആർട്ടിക് മേഖലയെ ഈ അവസ്ഥയിലെങ്കിലും കാണാൻ സാധിച്ചു എന്നതിനാലാണതെന്നും മ്യാ പറയുന്നു.  പ്രകൃതി സംരക്ഷണ പ്രവർത്തക  എന്നതിനു പുറമേ പക്ഷിനിരീക്ഷക എന്ന നിലയിലും മ്യാ പ്രശസ്തയാണ്. നാലു പതിറ്റാണ്ടുകൾക്ക് മുൻപാണ് ആർട്ടിക്കിലെ മഞ്ഞുരുക്കം ഗവേഷകർ  രേഖപ്പെടുത്തി തുടങ്ങിയത്. അതിനുശേഷമുള്ള കണക്കുകൾ പ്രകാരം ഭൂമിയിൽ തന്നെ ഏറ്റവും വേഗത്തിൽ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയാണ് ആർട്ടിക്കിലേത്.

English Summary: A British teenager staged a sit-in on an Arctic ice floe to protest climate change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com