ADVERTISEMENT

ലോകത്തെ ഏറ്റവും കുപ്രസിദ്ധരായിട്ടുള്ള എട്ടുകാലി വര്‍ഗമാണ് സിഡ്നി ഫണല്‍ വെബ് സ്പൈഡറുകള്‍. എട്ടുകാലികളില്‍ മാത്രമല്ല എട്ടുകാലികള്‍  ഉള്‍പ്പെടുന്ന ആരാക്നിഡ് വിഭാഗത്തില്‍ പെട്ട ജീവികളില്‍ തന്നെയും ഏറ്റവും കുപ്രസിദ്ധിയുള്ളവയാണ് സിഡ്നി ഫണലുകള്‍. ഒരു പക്ഷേ പാമ്പുകള്‍ക്ക് പുറമെ കരയില്‍ വിഷം കുത്തി വച്ച് മനുഷ്യനെ കൊല്ലാന്‍ കഴിയുന്ന അത്യപൂര്‍വമായ രണ്ടോ മൂന്നോ ജീവികളില്‍ ഒന്നു കൂടിയാണ് ഇവ. അതേസമയം ഇവയെ കുറിച്ചുള്ള പഠനത്തില്‍ ഗവേഷകരെ  കുഴക്കുന്ന ഒരു ചോദ്യം ഉയര്‍ന്നു വരാറുണ്ട്. എന്ത് കൊണ്ടാണ് പെണ്‍ ചിലന്തികളേക്കാള്‍ മാരകമായ വിഷം സിഡ്നി ഫണല്‍ വിഭാഗത്തില്‍ പെട്ട ആണ്‍ ചിലന്തികള്‍ക്കുണ്ടാകുന്നതെന്നതാണ് ആ സംശയം.

ഒടുവില്‍ ഏറ്റവും പുതുതായി നടത്തിയ ചില പഠനങ്ങള്‍ ഈ രഹസ്യത്തിന്‍റെ ചുരുളഴിക്കാന്‍ വേണ്ട ഉത്തരങ്ങള്‍ കണ്ടെത്തിയെന്നാണ് ഗവേഷകര്‍ കണക്കു കൂട്ടുന്നത്. കൂടാതെ ആണ്‍ പെണ്‍ ചിലന്തികളിലെ ഈ വിഷ വ്യത്യാസം ഒരു പക്ഷേ ഫണല്‍ വെബ് സ്പൈഡറിന്‍റെ വിഷമേല്‍ക്കുന്നവര്‍ക്ക് മികച്ച ചികിത്സ നല്‍കാനും ഈ കണ്ടെത്തല്‍ സഹായിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യൂന്‍സ്‌ലന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകനായ ബ്രയാന്‍ ഫ്രെയും സംഘവും ചേര്‍ന്നാണ് ഈ പഠനം മുന്നോട്ടു കൊണ്ടുപോകുന്നത്. ഏതാണ്ട് 20 വര്‍ഷമായി ക്യൂന്‍സ്‌ലന്‍ഡിലെ ഗവേഷകര്‍ ഈ ചിലന്തികളുടെ വിഷത്തെക്കുറിച്ചുള്ള വിശദമായ പഠനത്തിലാണ്.

ചിലന്തി വിഷത്തിന്‍റെ പ്രവര്‍ത്തനം

പല ചിലന്തികളും മാരകമായ വിഷം മനുഷ്യരില്‍ കുത്തി വയ്ക്കാന്‍ കഴിയുന്ന ജീവികളാണ്. ഇതില്‍ ഫണല്‍ വെബ്  സ്പൈഡറുകള്‍ മനുഷ്യരിലേക്ക് കുത്തി വയ്ക്കുന്നത് ഡെല്‍റ്റാ ഹെക്സാ ടോക്സിനുകള്‍ എന്ന വിഷമാണ്. ഈ വിഷത്തിന് മനുഷ്യരുടെ നാഡീവ്യവസ്ഥയെ തന്നെ നേരിട്ടു ബാധിക്കാനും ജീവന്‍ അപകടത്തിലാക്കാനും കഴിയും. തുടര്‍ച്ചയായ ആക്രണങ്ങളിലൂടെ നാഡീവ്യവസ്ഥയെ നിര്‍വീര്യമാക്കുകയാണ് ഈ വിഷം ചെയ്യുക. ഇത് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലൂടെ സ്രവങ്ങള്‍ പുറത്ത വരുന്നതിനും ഇതിലൂടെ മസിലുകള്‍ ദുര്‍ബലമാകുന്നതിനും തുടര്‍ന്ന് ശ്വാസമെടുക്കുന്നതിനുള്‍പ്പടെ വിഷമം സൃഷ്ടിച്ച് ഒടുവില്‍ മരണത്തിന് പോലുംകാരണമാകുകയും ചെയ്യുന്നു. 

പക്ഷേ എങ്ങനെയാണ് ഈ ചിലന്തികളുടെ വിഷം മനുഷ്യര്‍ക്ക് ഹാനികരമാകുന്നത് എന്ന കാര്യത്തില്‍ ഇപ്പോഴും ഗവേഷകര്‍ ആശക്കുഴപ്പത്തിലാണ്. കാരണം മനുഷ്യരുള്‍പ്പടെയുള്ള പ്രിമേറ്റുകള്‍ ഇത്തരം ചിലന്തികളുടെ പരിണാമഘട്ടത്തില്‍ ഒരിടത്തും ചിലന്തികള്‍ ഇരകളായോ വേട്ടക്കാരായോ കടന്നു വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇവയുടെ വിഷം പ്രത്യേകിച്ചും ആണ്‍ ചിലന്തികളുടെ വിഷം മനുഷ്യര്‍ക്ക് എങ്ങനെ ഹാനികരമാകുന്നു എന്നത് ഗവേഷകരെ കുഴയ്ക്കുന്ന ചോദ്യം. ഇതിന് ഉത്തരം കണ്ടെത്താനായി ഫണല്‍ ചിലന്തികളിലെ പത്തോളം വ്യത്യസ്ത വിഭാഗങ്ങളെ നിരീക്ഷിച്ച് അവയില്‍ നിന്നുള്ള വിഷത്തിന്‍റെ മോളിക്യൂളാര്‍ അനാലിസിസ് ഗവേഷകര്‍ നടത്തിയിരുന്നു. ഇതില്‍ നിന്ന് ശ്രദ്ധേയമായ കണ്ടെത്തലുകളാണ് ഗവേഷകര്‍ നടത്തിയത്.

ആണ്‍ ചിലന്തികളും പരിണാമവും

ചിലന്തികളുടെ വിഷത്തിന്‍റെ അളവിനെ സംബന്ധിച്ച് നടത്തിയ പഠനത്തിനായി പത്തോളം ചിലന്തി വിഭാഗങ്ങളിലെ 22 ചിലന്തികളെയാണ് ഗവേഷകര്‍ തിരഞ്ഞെടുത്തത്. ഇവയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിണാമ ദിശയിലുണ്ടായ മാറ്റമാണ് പെണ്‍ ചിലന്തികളേക്കാള്‍ വിഷം കൂടുതല്‍ ആണ്‍ ചിലന്തികള്‍ക്കുണ്ടാകാന്‍ കാരണമെന്ന് ഗവേഷകര്‍ കണ്ടെത്തി.  പാറ്റകളും ചെറു പ്രാണികളും ഉള്‍പ്പടെയുള്ള ജീവികളെ കൊല്ലുന്നതിനായാണ് ചിലന്തിളില്‍ പൊതുവെ വിഷം രൂപപ്പെട്ടു വന്നത്. എന്നാല്‍ പിന്നീട് ആണ്‍ ചിലന്തികള്‍ ഇണചേരുന്നതിനും മറ്റുമായി അലയേണ്ടി വരുമ്പോള്‍ എലി വര്‍ഗത്തില്‍ പെട്ട ജീവികളുമായും ഇവയ്ക്ക് ഏറ്റുമുട്ടേണ്ടി വന്നു. ഈ ഘട്ടത്തിലായിരിക്കും സസ്തനികള്‍ക്ക് കൂടി മാരകമാകുന്ന രീതിയിലുള്ള ഡെല്‍റ്റാ ഹെക്സാ ടോക്സിനുകള്‍ അടങ്ങിയ വിഷം ഇവയില്‍ രൂപപ്പെട്ടതെന്നാണ് ഗവേഷകര്‍ കരുതുന്നത്. 

English Summary: Study Finds Why Male Sydney Funnel-Webs Are So Much Deadlier Than Females

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com