ADVERTISEMENT

മൃഗശാലയിലെത്തുന്ന സന്ദർശകരെ ചീത്തവിളിക്കുകയും ശാപവാക്കുകൾ പറയുകയും ചെയ്യുന്ന തത്തകളെ മാറ്റിപ്പാർപ്പിച്ചു. യുകെയിലെ ലിങ്കൺഷെയർ വൈൽഡ് ലൈഫ് പാർക്കിലാണ് വിചിത്രമായ സംഭവം നടന്നത്. ആഫിക്കൻ ഗ്രേ പാരറ്റ് വിഭാഗത്തിൽ പെട്ടവയാണ് തത്തകൾ. കഴിഞ്ഞ മാസമാണ് അഞ്ച് വ്യത്യസ്ത ഉടമകളിൽ നിന്നായി ചാരത്തത്തകൾ മൃഗശാലയിലെത്തിയത്. ക്വാറന്റീനിന്റെ ഭാഗമായി ഇവയെ ഒരുമിച്ചാണ് പാർപ്പിച്ചിരുന്നത്. 

ക്വാറന്റീൻ കഴിഞ്ഞു പുറത്തിറങ്ങിയ തത്തകൾ വരുന്നവരേയും പോകുന്നവരേയുമെല്ലാം കണ്ണുപൊട്ടുന്ന ചീത്തവിളിക്കാൻ തുടങ്ങിയതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്. കൂട്ടത്തിലുണ്ടായിരുന്ന ഏതെങ്കിലും ഒരു തത്തയിൽ നിന്നാകാം മറ്റ് തത്തകൾ കൂടി മോശം വാക്കുകൾ പഠിച്ചതെന്നാണ് കരതുന്നത്. മൃഗശാല സന്ദർശിക്കാനെത്തുന്ന കുട്ടികൾക്കെല്ലാം തത്തകളുടെ പദപ്രയോഗം ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനാണ് ഇവയെ മാറ്റിപ്പാർപ്പിക്കാനുള്ള  തീരുമാനത്തിലെത്തിച്ചത്. ഇതിന്റെ ഭാഗമായി അഞ്ചു തത്തകളേയും വെവ്വേറെ തത്തകളുടെ കൂട്ടത്തിലാക്കി. ഒന്നിച്ചിരുന്നു ചീത്തവിളിക്കുന്നതിലും നല്ലതാണല്ലോ ഒറ്റയ്ക്കിരുന്നു ചീത്തവിളിക്കുന്നത്. ഇപ്പോൾ മറ്റ് തത്തക്കൂട്ടങ്ങൾക്കൊപ്പമിരുന്നാണ് ഇവയുടെ ചീത്തവിളി. 

നല്ല തത്തകളുമായുള്ള സമ്പർക്കം ഇവയുടെ ചീത്തവിളി സ്വഭാവത്തെ മാറ്റുമെന്ന വിശ്വാസത്തിലാണ് അധികൃതരുടെ നീക്കമെന്ന് എക്സ്ക്യൂട്ടീവ് ഓഫിസർ സ്റ്റീവ് നിക്കോൾസ് വ്യക്തമാക്കി. മറ്റ് തത്തകൾ കൂടി ഇവയുടെ സമ്പർക്കം കൊണ്ട് മോശമാകുമോ എന്ന സംശയവും അധികൃതർക്കുണ്ട്. എന്തായാലും പരീക്ഷണാടിസ്ഥാനത്തിൽ ചീത്തവിളിക്കുന്ന തത്തകളെ മാറ്റിപ്പാർപ്പിച്ചു കഴിഞ്ഞു. ‘ഇവരാണ് ചീത്തവിളിക്കുന്ന ആ തത്തകൾ’ എന്ന അടിക്കുറിപ്പോടെ ഇന്നലെ മൃഗശാല അധികൃതർ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ തത്തകളുടെ ചിത്രവും പങ്കുവച്ചിരുന്നു. മൃഗശാലയിലെ ജീവനക്കാർ ഉൾപ്പെടെയുള്ളവർ ഈ തത്തകൾ ചീത്തവിളിക്കുമ്പോൾ ചിരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഇതാകാം ഇവയ്ക്ക് കൂടുതൽ ചീത്തവാക്കുകൾ പറയാൻ വളമായതെന്നാണ് നിഗമനം. 

English Summary: Zoo removes parrots from view after they kept swearing at guests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com