ADVERTISEMENT

മനുഷ്യനിർമിതമായ ആഗോളതാപന പ്രതിസന്ധിയില്‍ പെട്ട പരിസ്ഥിതിക്ക് വൈകിയെത്തിയ ഓക്സിജന്‍ സിലിണ്ടറായിരുന്നു പാരിസ് ഉച്ചകോടിയും ഉടമ്പടിയും. എന്നാല്‍ ഈ ഉടമ്പടിക്കും നിലവില്‍ ആഗോളതാപനം സൃഷ്ടിച്ച പ്രതിസന്ധികളില്‍ ഭൂരിഭാഗവും പരിഹരിക്കാന്‍ കഴിയില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ ഏറ്റവും പ്രധാനമാണ്  അന്‍റാര്‍ട്ടിക്കിലെ മഞ്ഞുപാളികളുടെ തകര്‍ച്ച. ഈ മഞ്ഞുപാളികളുടെ ഉരുകൽ ഇനി തടയാനാകില്ലെന്നും അവ എന്നന്നേക്കുമായി കൈവിട്ടു പോവുകയാണെന്നുമാണ് ഗവേഷകരുടെ ഇപ്പോഴത്തെ നിഗമനം. പാരീസ് ഉടമ്പടി നടപ്പിലാക്കാന്‍ വൈകിയതും, പല വലിയ രാജ്യങ്ങളും ഈ ഉടമ്പടിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതുമാണ് ഇതിനു കാരണം.

ഇനിയുള്ള സമയത്ത് ഉടമ്പടി കൃത്യമായി നടപ്പാക്കാന്‍ രാജ്യങ്ങള്‍ ശ്രമിച്ചാലും അന്‍റാര്‍ട്ടിക്കിലെ മഞ്ഞുരുകല്‍ തടയാനാകില്ല. മഞ്ഞുരുകല്‍ മാത്രമല്ല ഇതിന്‍റെ പ്രത്യാഘാതമായുള്ള കടല്‍ ജലനിരപ്പ് ഉയരുന്നതും ഇനി ഒഴിവാക്കാന്‍ കഴിയില്ലെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. കടല്‍ജലനിരപ്പ് ഉയരുന്നത് ഭൂമിയുടെ ജൈവീക അവസ്ഥയെ തന്നെ അസ്ഥിരപ്പെടുത്തിയേക്കും. നിരവധി ജീവികള്‍ ഭൂമുഖത്ത് നിന്ന് തന്നെ അപ്രത്യക്ഷമാകും. ഒട്ടേറെ നഗരങ്ങളും, ജനവാസകേന്ദ്രങ്ങളും കടലെടുക്കാനും അന്‍റാര്‍ട്ടിക്കിലെ മഞ്ഞുരുകല്‍ കാരണമാകും.

പാരിസ് ഉമ്പടിയും തുടര്‍നടപടികളും

വ്യാവസായവൽക്കരണ കാലഘട്ടത്തിന് മുന്‍പുള്ള താപനിലയില്‍ നിന്ന് ആഗോളതാപനില ഉയരുന്നത് പരമാവധി 2 ഡിഗ്രി സെല്‍ഷ്യസാക്കി ചുരുക്കുക എന്നതായിരുന്നു പാരിസ് ഉടമ്പടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാല്‍ ഈ ലക്ഷ്യം നേടാനാകില്ലെന്ന് ഇപ്പോള്‍ ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഗണ്യമായ താപനിലാ വർധനവ് മൂലം അന്‍റാര്‍ട്ടിക്കിലെ മഞ്ഞുരുകലും അതിവേഗതത്തിലാണ്. ഇത് ഇപ്പോള്‍ തന്നെ ലോക സമുദ്രനിരപ്പ് വലിയ തോതില്‍ വർധിപ്പിച്ചു കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ ശുദ്ധജലശേഖരമുള്ളത് അന്‍റാര്‍ട്ടിക്കിലെ മഞ്ഞുപാളികളിലാണ്. പലയിടങ്ങളിലും അന്‍റാര്‍ട്ടിക്കിലെ മഞ്ഞുപാളികള്‍ക്ക് 5 കിലോമീറ്റര്‍ വരെ കനമുണ്ട്. അത് കൊണ്ട് തന്നെ അന്‍റാര്‍ട്ടിക്കിലെ മഞ്ഞുപാളി പൂര്‍ണമായും ഉരുകി ഒലിക്കുന്നതോടെ അതായത് ആഗോളതാപനിലവർധനവ് 2 ഡിഗ്രി സെല്‍ഷ്യസിലേക്കെത്തുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങള്‍ ഭീതിപ്പെടുത്തുന്നതാണെന്ന് ഇതേക്കുറിച്ച് ഗവേഷണ പ്രബന്ധം തയാറാക്കിയ പോസ്റ്റ്ഡാം കാലാവസ്ഥാ നിരീക്ഷണ പഠന കേന്ദ്രത്തിലെ ഗവേഷകര്‍ പറയുന്നു. 

ഇപ്പോഴത്തെ സാഹചര്യത്തില്‍ താപനില വർധനവ് 2 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്കു പോകുന്നതോടെ മഞ്ഞുരുകല്‍ ഇനിയും രൂക്ഷമാകും. ഇത് ആഗോള തലത്തില്‍ കടല്‍ജലനിരപ്പില്‍ വലിയ തോതില്‍ മാറ്റം വരുത്തും. ഇതോടെ അന്‍റാര്‍ട്ടിക്കയില്‍ നിന്നുള്ള മഞ്ഞുരുകല്‍  കൊണ്ടു മാത്രം കടല്‍ ജലനിരപ്പ് ലോകത്ത് എല്ലായിടത്തും 4 മീറ്റര്‍ ഉയരും. താപനിലയിലെ വർധനവ് 4 ഡിഗ്രിയിലേയ്ക്ക് എത്തിയാല്‍ കടല്‍ ജലനിരപ്പ് 6.5 മീറ്ററായും. 6 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നാണ് ജലനിരപ്പ് 12 മീറ്ററായും വർധിക്കും. ഒരിക്കല്‍ 2 ഡിഗ്രി സെല്‍ഷ്യസ് എന്ന് ചുവട് പിന്നിട്ടാല്‍ ബാക്കിയുള്ള മാറ്റങ്ങള്‍ അതിവേഗമാകും സംഭവിക്കുക എന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. 

അന്‍റാര്‍ട്ടിക്കയുടെ തകര്‍ച്ച

അന്‍റാര്‍ട്ടിക്കയില്‍ സംഭവിക്കുന്ന മാറ്റങ്ങളുള്ള മൂലകാരണം താപനില വർധനവാണ്. എന്നാല്‍ ഈ താപനില വർധനവ് തന്നെ മറ്റ് മേഖലകളില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളും നേരിട്ടല്ലാതെ അന്‍റാര്‍ട്ടിക്കിലെ മഞ്ഞുരുകലിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇനി താപനില നിയന്ത്രിക്കാന്‍ സാധിച്ചാലും അന്‍റാര്‍ട്ടിക്കിനെ രക്ഷിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് ഗവേഷര്‍ വിശദീകരിക്കുന്നത്. കാരണം അന്‍റാര്‍ട്ടിക്കിന്‍റെ തകര്‍ച്ചയ്ക്കുള്ള അനേക കാരണങ്ങളില്‍ പലതും ഇതിനകം തിരുത്താനാവാത്ത വിധം ആഘാതങ്ങള്‍ ഏല്‍പ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇനി ഒരിയ്ക്കലും അന്‍റാര്‍ട്ടിക്കും, അതിലെ ജൈവവ്യവസ്ഥയും. ആ മേഖലയിലെ വലിയ മഞ്ഞുപാളികളും ഉണ്ടായി വന്ന സാഹചര്യം പുനസൃഷ്ടിക്കാന്‍ കഴിയില്ല. അത് താപനില നിയന്ത്രിച്ചാലും, കുറച്ചാലും സാധ്യമല്ല. ആ സാഹചര്യത്തില്‍ അന്‍റാര്‍ട്ടിക് എന്നന്നേക്കുമായി കൈവിട്ടു പോകുന്നത് നോക്കി നില്‍ക്കുക മാത്രമേ മനുഷ്യന് ചെയ്യാന്‍ കഴിയൂ എന്നാണ് ഗവേഷകര്‍ പറയുന്നത്. 

English Summary: Melting Of Antarctic Ice Possibly Irreversible Even If We Meet Paris Climate Goals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com