ADVERTISEMENT

സിംബാബ്‌വെയിൽ ആനകൾക്കിടയിൽ പൊട്ടിപ്പുറപ്പെട്ട അണുബാധയെ തുടർന്ന് 12 ആനകൾ കൂടി ചരിഞ്ഞതായി റിപ്പോർട്ടുകൾ. ഇതോടെ കഴിഞ്ഞ ഒരു മാസക്കാലയളവിനുള്ളിൽ 34 ആനകൾ അണുബാധമൂലം ചരിഞ്ഞതായി വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ വനത്തിനുള്ളിൽ കൂടുതൽ ജഡങ്ങളുണ്ടാവാമെന്നാണ് അധികൃതരുടെ അനുമാനം. 

സിംബാബ്‌വെയുടെ വടക്കുപറഞ്ഞു പടിഞ്ഞാറൻ മേഖലയിലുള്ള ഹ്വൻജ് നാഷണൽ പാർക്കിനും വിക്ടോറിയ വെള്ളച്ചാട്ടത്തിനും ഇടയിലുള്ള പ്രദേശത്തു നിന്നുമാണ് ആനകളുടെ ജഡങ്ങൾ കണ്ടെത്തിയത്. വയറിന്റെ ഭാഗം തറയിൽ അമർന്ന നിലയിലായിരുന്നു ജഡങ്ങൾ. അത് അവയ്ക്ക് പെട്ടെന്നുള്ള മരണമാണ് സംഭവിച്ചിരിക്കുന്നത് എന്നതിന്റെ സൂചനയാണെന്ന് സിംബാബ്‌വെ പാർക്ക്സ് ആൻഡ് വൈൽഡ് ലൈഫ് മാനേജ്മെന്റ് അതോറിറ്റിയുടെ ഡയറക്ടറായ ഫൾടൻ ഉപന്യൂ മങ്വാന്യ പാർലമെന്റിൽ അറിയിച്ചു. ബാക്ടീരിയ ബാധിക്കുന്നതുമൂലമുണ്ടാകുന്ന ഹെമോഗ്രഫിക് സെപ്ടികെമിയ എന്ന രോഗമാണ് ആനകളുടെ മരണത്തിലേക്കു നയിച്ചിക്കുന്നതെന്ന് പരിശോധനാഫലങ്ങൾ ചൂണ്ടിക്കാട്ടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ചരിഞ്ഞ ആനകളുടെ കൊമ്പുകളോ മറ്റ് ശരീരഭാഗങ്ങളോ നഷ്ടപ്പെട്ടിരുന്നില്ല. അതിനാൽ മനുഷ്യർ വേട്ടയാടിയതാകാനുള്ള സാധ്യതയില്ലെന്നും വനപാലകർ പറയുന്നു. ഓഗസ്റ്റിനും നവംബറിനും ഇടയിൽ സിംബാബ്‌വെയിൽ ചൂട് കൂടുന്ന സമയമാണ്. ഈ സമയത്ത് വന്യമൃഗങ്ങളിൽ അസുഖങ്ങൾ  വേഗത്തിൽ പടർന്നു പിടിക്കാനുള്ള സാധ്യതയും ഏറെയാണ്. ഇതിനുപുറമേ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലം ഏതാനും വർഷങ്ങളായി കൊടും വരൾച്ചയാണ് ഇവിടെ അനുഭവപ്പെടുന്നത്. 

വന്യമൃഗങ്ങൾക്ക് വേണ്ടത്ര വെള്ളം ലഭിക്കാത്തതും ഭക്ഷിക്കാൻ ആവശ്യമായ സസ്യങ്ങൾ ഇല്ലാത്തതും അവയുടെ ആരോഗ്യം മോശമാകാനുള്ള മറ്റൊരു പ്രധാന കാരണമാണെന്ന് ഫൾടൻ ഉപന്യൂ പറഞ്ഞു. സിംബാബ്‌വെയിൽ ആകെ 84000 ത്തിനു മുകളിൽ ആനകൾ ഉണ്ടെന്നാണു കണക്ക്. എന്നാൽ 45000 നും 50000 നും ഇടയിൽ വരെ എണ്ണത്തിനെ ഉൾക്കൊള്ളാനുള്ള ശേഷിയെ സിംബാബ്‌വെയുടെ ആവാസവ്യവസ്ഥയ്ക്കുള്ളൂ.

English Summary: Suspected Bacterial Infection Has Killed 12 More Elephants in Zimbabwe, Death Toll Climbs to 34

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com