ADVERTISEMENT

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള അന്തിമ വിജ്ഞാപനം വൈകിക്കരുതെന്നും ഡിസംബർ 31നു മുൻപു നടപടിയില്ലെങ്കിൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ അഡ്വൈസറുടെ (പരിസ്ഥിതി ലോല മേഖല) ശമ്പളം തടയണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) ഉത്തരവ്. ഗോവ ഫൗണ്ടേഷന്റെ ഹർജിയിലാണ് ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

വികസനത്തിന്റെ പേരിൽ കൂടുതൽ പ്രദേശങ്ങളെ പരിസ്ഥിതി ലോല (ഇഎസ്എ) ഗണത്തിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ ഇത് അംഗീകരിക്കാനാകില്ല. കഴിഞ്ഞ 8 വർഷമായി പരിഗണനയിലുള്ള വിഷയത്തിൽ അന്തിമ തീരുമാനം വേണം – എൻജിടി വ്യക്തമാക്കി.

കരടു വിജ്‍ഞാപനത്തിന് കഴിഞ്ഞ മാർച്ച് 31നകം അന്തിമരൂപം നൽകുമെന്നു പരിസ്ഥിതി മന്ത്രാലയം എൻജിടിയെ അറിയിച്ചിരുന്നു. അതനുസരിച്ച്, കരടു വിജ്‍ഞാപനം ഏപ്രിൽ 1 മുതൽ അന്തിമ വിജ്ഞാപനമായി മാറുമെന്ന് കഴിഞ്ഞ നവംബർ 22ലെ ഉത്തരവിൽ എൻജിടി വ്യക്തമാക്കി. എന്നാൽ, കസ്തൂരിരംഗൻ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ 2018 ഒക്ടോബർ 3നു പുറപ്പെടുവിച്ച നാലാമത്തെ കരടു വി‍‍‌ജ്ഞാപനത്തിന്റെ കാലാവധി 180 ദിവസം കൂടി നീട്ടി കഴിഞ്ഞ മാർച്ച് 30നു മന്ത്രാലയം ഉത്തരവിറക്കി.

കോവിഡ് പ്രശ്നമുള്ളതിനാൽ, മാർച്ച് 25 മുതൽ മേയ് 31 വരെ ഒഴിവാക്കിയാകും സമയപരിധി തീരുമാനിക്കുകയെന്ന് കഴിഞ്ഞ 22നു മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, ലോക്ഡൗൺ കാലയളവ് ഒഴിവാക്കിയാലും സംസ്ഥാനങ്ങൾ മാറ്റം ആവശ്യപ്പെടുന്നുവെന്ന കാരണത്താൽ തീരുമാനം വൈകിക്കാനാകില്ലെന്ന് എൻജിടി വ്യക്തമാക്കി. നടപടിയെടുത്ത് റിപ്പോർട്ട് നൽകണമെന്നും കേസ് അടുത്ത ഫെബ്രുവരി 11നു വീണ്ടും പരിഗണിക്കുമെന്നും ഉത്തരവിലുണ്ട്.

മാർച്ച് 19നു മന്ത്രാലയം നൽകിയ സത്യവാങ്മൂലവും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. അതിലെ പ്രധാന കാര്യങ്ങൾ:

∙ നിയന്ത്രണങ്ങൾ ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയവയെ ബാധിക്കുമെന്നു സംസ്ഥാനങ്ങൾക്ക് ആശങ്കയുണ്ട്.

∙ ജനസംഖ്യ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയുടെ കാര്യത്തിൽ ഗാഡ്ഗിൽ സമിതി റിപ്പോർട്ട് മുതലേ സംസ്ഥാനങ്ങൾ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. 

∙ ഇഎസ്എയിൽ സംസ്ഥാനങ്ങൾ ചില പ്രദേശങ്ങൾ ഒഴിവാക്കി, ചിലതു കൂട്ടിച്ചേർത്തു.

∙ നിർദേശിക്കപ്പെട്ട 9993.7 ചതുരശ്ര കിലോമീറ്റർ ഇഎസ്എയിൽ നിന്ന് കേരളം 1337.24 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കി. ബാക്കി 8656.46 ചതുരശ്ര കിലോമീറ്റർ. 

∙ കരടു വിജ്ഞാപനം പൂർണമായി പിൻവലിക്കണമെന്നാണു കർണാടകയുടെ നിലപാട്.

English Summary: NGT: Finalise eco-sensitive zones in Western Ghats by December 31

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com