ADVERTISEMENT

ഭൂമിയില്‍ ഇന്ന് നിലനില്‍ക്കുന്ന ജീവിവര്‍ഗങ്ങളില്‍ അത്യപൂര്‍വമായ വംശങ്ങളില്‍ ഒന്നാണ് ജാവയിലെ കുഞ്ഞന്‍ കാണ്ടാമൃഗങ്ങള്‍. അതീവ വംശനാശഭീഷണി നേരിടുന്ന ഈ കാണ്ടാമൃഗങ്ങളുടെ വിഭാഗത്തിന്‍റെ നിലനില്‍പ്പിന് പുതിയ പ്രതീക്ഷ നല്‍കുന്നതാണ് രണ്ട് കുട്ടികളുടെ ജനനം. ഒരു ആണ്‍ കാണ്ടാമൃഗക്കുട്ടിയെയും ഒരു പെണ്‍ കാണ്ടാമൃഗക്കുട്ടിയേയുമാണ് വനപാലകര്‍ ഇന്തോനീഷ്യന്‍ വനങ്ങളില്‍ പുതിയതായി കണ്ടെത്തിയത്. എപ്പോഴാണ് ജനിച്ചതെന്ന് വ്യക്തമല്ലെങ്കില്‍ കൂടി ഇതാദ്യമായാണ് ഇവയുടെ സാന്നിധ്യം സ്ഥിതീകരിക്കപ്പെടുന്നതെന്ന് വനപാലകര്‍ പറയുന്നു.

ഹെലന്‍ എന്നും, റൂഥര്‍ എന്നുമാണ് പെണ്‍ ആണ്‍ കാണ്ടാമൃഗങ്ങള്‍ക്ക് ഇപ്പോള്‍ പേര് നല്‍കിയിരിക്കുന്നത്. രണ്ടും വ്യത്യസ്ത അമ്മമാര്‍ക്ക് ജനിച്ചവരാണ്. തങ്ങളുടെ അമ്മമാര്‍ക്കൊപ്പം വനമേഖലയില്‍ വിഹരിക്കുന്നതിനിടെയാണ് വനം വകുപ്പിന്‍റെ ക്യാമറയ്ക്കു മുന്നില്‍ ഇവര്‍ പ്രത്യക്ഷപ്പെട്ടത്. ഉജുങ്ങ് കുലോന്‍ ദേശീയ പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളില്‍ നൂറോളം എണ്ണത്തില്‍ ഈ കാണ്ടാമൃഗ കുട്ടികളുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മാര്‍ച്ച് മുതലാണ് ഇവയെ അമ്മമാര്‍ക്കൊപ്പം കാണാന്‍ തുടങ്ങിയത്.

ജാവന്‍ ദ്വീപുകളുടെ പടിഞ്ഞാറെ അറ്റത്തായുള്ള ബാന്‍റണ്‍ പ്രവിശ്യയുടെ ഭാഗമാണ് ഉജുങ്ങ് കുലോന്‍ ദേശീയ പാര്‍ക്ക് .ജാവന്‍ കാണ്ടാമൃഗങ്ങളുടെ ശേഷിക്കുന്ന ഏക വിഹാര കേന്ദ്രവും, സ്വാഭാവിക വാസസ്ഥലവുമാണ് ഈ വന്യജീവി പാര്‍ക്ക്. ഏതാനും പതിറ്റാണ്ടുകളായി എണ്ണത്തില്‍ കുത്തനെ കുറവു വന്ന ശേഷം, ഈ രണ്ട് കുട്ടികളുടെ വരവോടെ ആകെ ജാവന്‍ കാണ്ടാമൃഗങ്ങള്‍ 74 എണ്ണമാണ് ഇപ്പോള്‍ വനത്തിലുള്ളത്. അയ്യായിരത്തിലേറെ ഹെക്ടറില്‍ വ്യാപിച്ച് കിടക്കുന്ന ഉജുങ്ങ് കുലോന്‍ ദേശീയ പാര്‍ക്ക് ഇപ്പോള്‍ ജാവന്‍ കാണ്ടാമൃഗങ്ങള്‍ക്ക് സുരക്ഷിത താവളമായാണ് കണക്കാക്കുന്നത്. 

മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍

അതേസമയം വംശനാശഭീഷണി നേരിടുന്ന ഈ ജീവികളെ  ഒരേ വനമേഖലയില്‍ തന്നെ പാര്‍പ്പിക്കുന്നത് ബുദ്ധിപരമല്ലെന്നാണ് ഗവേഷകരുടെ നിഗമനം. രോഗമോ പകര്‍ച്ച വ്യാധിയോ പൊട്ടിപ്പുറപ്പെട്ടാല്‍ അത് ഈ വംശത്തിലെ എല്ലാ ജീവികളിലേക്കും വേഗത്തില്‍ പടരാന്‍  സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജാവന്‍ കാണ്ടാമൃഗങ്ങളില്‍ ഒരു വിഭാഗത്തെ തൊട്ടടുത്തുള്ള മറ്റേതെങ്കിലും ദ്വീപിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതിയും വനം വകുപ്പിനുണ്ട്. കൂടാതെ സമീപത്തുള്ള സുമാത്ര ദ്വീപസമൂഹത്തില്‍ സ്ഥിതി ചെയ്യുന്ന സജീവ അഗ്നിപര്‍വതമായ ക്രാകതോവും ഈ ജീവവര്‍ഗത്തിന് ഭാവിയില്‍ ഭീഷണിയായേക്കാമെന്നും കണക്കു കൂട്ടലുകളുണ്ട്.

അയഞ്ഞ പടച്ചട്ട ധരിച്ച പോലെ തൂങ്ങി കിടക്കുന്ന കട്ടിയുള്ള തൊലിയാണ് ഇവയെ മറ്റ് കാണ്ടാമൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു പ്രധാന ഘടകം. ഉയരക്കുറവാണ് ഈ കാണ്ടാമൃഗങ്ങളുടെ മറ്റൊരു പ്രത്യേകത.  ഒരു കാലത്ത് തെക്ക് കിഴക്കനേഷ്യയില്‍ എല്ലായിടത്തും കണ്ടുവന്ന ഈ കണ്ടാമൃഗങ്ങള്‍ക്ക് വിനയായത് വേട്ടയാടല്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ രണ്ട് കുട്ടികളുടെ ജനനത്തെ ശുഭപ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഇന്തോനീഷ്യന്‍ പരിസ്ഥിതി വകുപ്പ് സെക്രട്ടറിയായ സറിയേ വിരാട്നോ പറയുന്നു. 

English Summary: Two Extremely Rare Javan Rhino Babies Have Been Seen in Indonesia, Offering New Hope

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com