ADVERTISEMENT

തരാന്തുല എന്നത് മധ്യമേഖലയിലും, തെക്കന്‍ മേഖലയിലുമായി വ്യാപിച്ചു കിടക്കുന്ന ചിലന്തി വര്‍ഗമാണ്. ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ ശൈത്യമേഖലയില്‍ അല്ലാത്ത മറ്റെല്ലാ പ്രദേശങ്ങളിലും ഈ ജീവികള്‍ കാണപ്പെടാറുണ്ട്. 148 ജനിതക വിഭാഗങ്ങളിലായ 1200 ല്‍ അധികം തരാന്തുല ചിലന്തി വര്‍ഗങ്ങളെ ഗവേഷകര്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. വൈവിധ്യത്തില്‍ മാത്രമല്ല വിഷത്തിന്‍റെ കാര്യത്തിലും തരാന്തുല ചിലന്തിവര്‍ഗം സമ്പന്നമാണ്. പ്രത്യേകിച്ചും ഓസ്ട്രേലിയയിലും, തെക്കന്‍ അമേരിക്കയിലും കാണപ്പെടുന്ന തരാന്തുല വിഭാഗങ്ങള്‍.

തരാന്തുല വിഭാഗങ്ങള്‍ പൊതുവെ കടും തവിട്ട് നിറത്തില്‍ കാണപ്പെടുന്നവയാണ്. എന്നാല്‍ ഇവയിലും വൈവിധ്യമുള്ള നിറം പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന വിഭാഗങ്ങളുണ്ട്. അതും നീല, ചുവപ്പ്, പര്‍പ്പിള്‍, പച്ച തുടങ്ങിയ നിറങ്ങളിലും, ഇവയെല്ലാം കൂടിച്ചേര്‍ന്നുള്ള നിറത്തിലും തരാന്തുല ചിലന്തികളെ കാണാനാകും. ഇങ്ങനെ വ്യത്യസ്തമാര്‍ന്ന നിറത്തിലുള്ള തരാന്തുലകള്‍ കൂടുതലായും കാണപ്പെടുന്നത് തെക്കന്‍ അമേരിക്കയിലാണ്. എന്തുകൊണ്ടാണ് തെക്കന്‍ അമേരിക്കയിലെ തരാന്തുല ചിലന്തികള്‍ക്ക് ഇത്രയധികം വര്‍ണ്ണവൈവിധ്യമുള്ളത് എന്നത് ഗവേഷകരിൽ കൗതുകമുണര്‍ത്തിയ ചോദ്യമായിരുന്നു. ഈ ചോദ്യത്തിനാണ് ഗവേഷകര്‍ ഇപ്പോള്‍ ഉത്തരം കണ്ടെത്തിയിരിക്കുന്നത്.

നിറം മാറുന്ന തരാന്തുലകള്‍

ആദ്യം സൂചിപ്പിച്ചത് പോലെ പൊതുവെ തവിട്ട് നിറത്തിലാണ് കാണപ്പെടുന്നതെങ്കിലും ഇവയില്‍ ചില വിഭാഗങ്ങള്‍ക്ക് പല തരത്തിലുള്ള നിറങ്ങള്‍ സ്വീകരിക്കാന്‍ കഴിയും. എന്നാല്‍ ഇവ സന്ധ്യാസമയത്തോ അല്ലെങ്കില്‍ സൂര്യനുദിക്കുന്നതിന് തൊട്ട് മുന്‍പോ ഉള്ള അരണ്ട വെളിച്ചത്തില്‍ മാത്രം പുറത്തിറങ്ങുന്ന ജീവികളാണ്. ഇക്കാരണം കൊണ്ട് തന്നെ മനുഷ്യര്‍ക്ക് തന്നെ സൂക്ഷിച്ച് നോക്കിയാലെ ഇവയിലെ ഈ നിറം മാറ്റം അറിയാന്‍ സാധിക്കൂ. മനുഷ്യര്‍ക്ക് മാത്രമല്ല, ഈ ചിലന്തികള്‍ക്ക് തന്നെ സ്വന്തം വര്‍ഗത്തിലെ മറ്റ് ജീവികളുടെ വര്‍ണ്ണവൈവിധ്യം കാണാന്‍ കഴിയുമെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞത് അടുത്തിടെയാണ്. 

ഇങ്ങനെ തരാന്തുലകള്‍ക്ക് തന്‍റെ വര്‍ഗത്തിന്‍റെ നിറം തിരിച്ചറിയാന്‍ സാധിക്കുമോ എന്നു പരിശോധനയ്ക്കിടയിലാണ് ഇവയുടെ ശരീരത്തിലെ ഈ വ്യത്യസ്ത നിറങ്ങളുടെ രഹസ്യവും ഗവേഷകര്‍ കണ്ടെത്തിയത്. പ്രത്യേകിച്ചും ഇവയുടെ ശരീരത്തില്‍ കാണപ്പെടുന്ന പച്ച, നീല എന്നീ നിറങ്ങള്‍ ഇവയുടെ ശരീരത്തില്‍ എങ്ങനെ കാണപ്പെടുന്നു എന്നാണ് ഗവേഷകര്‍ കണ്ടെത്തി വിശദീകരിച്ചത്. 

ഇരുട്ടത്തെ കാഴ്ച

മനുഷ്യരുള്‍പ്പടെയുള്ള പല ജീവികള്‍ക്കും രാത്രിയില്‍ വസ്തുക്കളുടെ നിറം കാര്യമായി തിരിച്ചറിയാന്‍ കഴിയാറില്ല. ഇങ്ങനെ രാത്രി നിറം തിരിച്ചറിയാന്‍ കഴിയുന്ന അപൂര്‍വം ജീവികളാണ് ഭൂമിയിലുള്ളത്. വാവലുകള്‍, മോത്തുകള്‍, ഗെക്കോ തുടങ്ങിയ ജീവികളാണ് രാത്രിയില്‍ നിറം തിരിച്ചറിയാന്‍ സാധിക്കുന്ന ജീവികള്‍. ഇവയെ പോലെ തന്നെ ചില വിഭാഗം തരാന്‍തുലകള്‍ക്കും അരണ്ട വെളിച്ചത്തില്‍ നിറങ്ങള്‍ തിരിച്ചറിയാന്‍ സാധിയ്ക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. അതേസമയം ഇവയ്ക്ക് ഈ കഴിവ് എങ്ങനെയാണ് ലഭിച്ചതെന്നോ, ഇവയ്ക്ക് എങ്ങനെയാണ് നിറങ്ങള്‍ കാണാന്‍ കഴിയുന്നത് എന്നോ വിശദീകരിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല.

എന്നാല്‍ തരാന്തുലകളില്‍ 36 വിഭാഗങ്ങള്‍ക്ക് അരണ്ട വെളിച്ചത്തില്‍ നിറം കാണാന്‍ സഹായിക്കുന്ന ഒരു തരം ഒപ്സിന്‍ ജീനുകള്‍ ഉണ്ടെന്നാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. ഈ ഒപ്സിൻ ജീനുകള്‍ മറ്റ് ജീവികളില്‍ ഒപ്സീന്‍ പ്രോട്ടീനുകള്‍ ഉൽപാദിപ്പിക്കാന്‍ സഹായിക്കും. ഇത്തരം പ്രോട്ടീനുകളാണ് രാത്രിയില്‍ നിറം തിരിച്ചറിയാന്‍ കഴിയുന്ന ജീവികളുടെ ഫൊട്ടോ റിസപ്റ്റര്‍ സെല്ലുകളില്‍ കണ്ടെത്തിയിട്ടുണ്ട്. തരാന്തുലകളിലും സമാനമായ രീതിയിലാകും ഒപ്സീന്‍ ജീനുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഗവേഷകര്‍ കരുതുന്നത്. എന്നാല്‍ ഇക്കാര്യം ഉറപ്പ് വരുത്തുന്നതിന് കൂടുതല്‍ പഠനം ആവശ്യമാണ്.

പകല്‍ സജീവമായ ചിലന്തവര്‍ഗങ്ങളിലെ ഫൊട്ടോറിസപ്റ്റര്‍ സെല്ലുകള്‍ക്ക് തുല്യമാണ് തരാന്തുലളിലെയും ഫോട്ടോ റിസപ്റ്റര്‍ സെല്ലുകള്‍. ഉദാഹരണത്തിന് പീകോക് ഡാന്‍സിങ് സ്പൈഡര്‍ എന്ന ചിലന്തിക്ക് പകല്‍ നിറങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന സെല്‍ ഘടനയാണ് ഉള്ളത്. ഇതിന് ഏറെക്കുറെ സമാനമാണ് അരണ്ടവെളിച്ചത്തില്‍ നിറം തിരിച്ചറിയാന്‍ കഴിയുന്ന തരാന്‍തുല വർഗങ്ങളിലുമുള്ളത്. അതുകൊണ്ട് തന്നെയാണ്  ഈ വിഭാഗങ്ങള്‍ക്ക് നിറങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നതും. 

സ്വയരക്ഷയ്ക്ക് സഹായിക്കുന്ന നിറങ്ങള്‍

തരാന്തുലകളിലെ ഈ നിറഭേദത്തിന്‍റെ കാരണം അന്വേഷിച്ചുള്ള ഗവേഷകരുടെ യാത്ര അവസാനിച്ചത് അവയുടെ സ്വയരക്ഷയ്ക്കായുള്ള ശ്രമങ്ങളിലാണ്. സാധാരണയായി ചിലന്തികള്‍, പ്രത്യേകിച്ച് തരാന്തുലകള്‍ രണ്ട് തരത്തിലാണ് ശത്രുക്കളെ അകറ്റി നിര്‍ത്തുന്നത്. മുന്‍ വശത്തെ കൊമ്പ് പോലുള്ള അവയവങ്ങള്‍ ഉരച്ച് ശബ്ദമുണ്ടാക്കുകയാണ് ആദ്യത്തെ മാര്‍ഗം. രണ്ടാമത്തേത് ശരീരത്തിലെ രോമങ്ങള്‍ ശത്രുവിനെതിരെ അമ്പ് പോലെ ഉപയോഗിച്ചാണ്. ഈ രണ്ട് പ്രതിരോധ മാര്‍ഗങ്ങള്‍ക്ക് ഒപ്പമാണ് ചില തരാന്തുലകള്‍ ശരീരത്തിന്‍റെ നിറം തന്നെ പ്രതിരോധമായി ഉപയോഗിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. 

ഈ നിറങ്ങളിലൂടെ തരാന്‍തുലകള്‍ക്ക് ശത്രുക്കളെ സ്വാധീനിക്കാനാകുമെന്ന് ഗവേഷകര്‍ കണ്ടെത്തി. അതേസമയം ഈ നിറങ്ങള്‍ ഉപയോഗിച്ച് തരാന്തുലകള്‍ ശത്രുക്കളെ തെറ്റിധരിപ്പിക്കുകയാണോ അതോ ഭയപ്പെടുത്തുകയാണോ എന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ട്. ഇതോടൊപ്പം തരാന്തുലകള്‍ക്ക് ഈ നിറങ്ങള്‍ കാണാനാകും എന്നത് ഒരു പക്ഷെ പ്രത്യുൽപാദനത്തിലും ഈ നിറങ്ങള്‍ വഹിക്കുന്ന പങ്കിനുള്ള സൂചനയായേക്കാം. ഇക്കാര്യത്തിലും സ്ഥിരീകരണത്തിനായി കൂടുതല്‍ പഠനം വേണ്ടിവരുമെന്നും ഗവേഷകര്‍ പറയുന്നു.

എല്ലാ തരാന്തുലകളിലും ഈ നിറത്തിന്‍റെ പ്രത്യേകതകളില്ല. അതുകൊണ്ട് തന്നെ തെക്കന്‍ അമേരിക്കയിലെ പ്രത്യേക ജീവിത സാഹചര്യങ്ങളില്‍ അതിജീവനത്തിന്‍റെ ഭാഗമായി പരിണമിച്ച് രൂപപ്പെട്ടതാകാം ഇവയിലെ നിറങ്ങള്‍ എന്ന് ഗവേഷകര്‍ കണക്കു കൂട്ടുന്നു. ഇവയില്‍ തന്നെ തരാന്തുലകളില്‍ നീല നിറം ആദ്യകാലം മുതല്‍ അവയുടെ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നും പരിണാമദിശയില്‍ നീലയുടെ സാന്നിധ്യം കുറയുകയാണ് ചെയ്തത് . ഇതോടൊപ്പം പച്ച നിറത്തിന്‍റെ സാന്നിധ്യം ക്രമേണ വർധിച്ചു വരികയാണുണ്ടായതെന്നുമാണ് ഇപ്പോഴെത്തെ സൂചനകളിലൂടെ ഗവേഷകര്‍ വിശദീകരിക്കുന്നത്.

English Summary: The Mystery of Tarantulas' Brilliant Colour Schemes May Finally Be Solved

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com