വളഞ്ഞ കൊക്ക്, പല്ലുകളേയില്ല, ശരീരത്തിൽ തൂവലുകൾ; കണ്ടെത്തിയത് വിചിത്ര ദിനോസറിനെ

 Unique Species of Dinosaurs with Parrot-Like Beak and Just Two Fingers
SHARE

ആറു വർഷത്തെ പഠന ഗവേഷണങ്ങൾക്കു ശേഷം ഗവേഷകർ കണ്ടെത്തിയ ഓക്സോകോ അവർസൻ എന്ന ദിനോസറിന്റെ പ്രത്യേകതകളാണ് ഇവയൊക്കെ. മംഗോളിയയിലെ ഗോബി മരുഭൂമിയിൽ നിന്നാണ് ഇവയുടെ ശേഷിപ്പുകൾ കണ്ടെടുത്തത്. ഏഷ്യയിൽ കാണപ്പെട്ടിരുന്ന ഓവി റാപ്റ്റർ എന്ന വിഭാഗത്തിൽ പെട്ടതാണ് ഓക്സോകോ അവർസൻ. പക്ഷികൾ പരിണാമത്തിലൂടെ രൂപപ്പെട്ടത് ഇത്തരം ദിനോസറുകളിൽ നിന്നാണെന്നാണു ശാസ്ത്രജ്​ഞരുടെ അഭിപ്രായം‌. മംഗോളിയൻ നാടോടിക്കഥകളിലുള്ള മൂന്നു തലകളുള്ള ഒരു കഴുകന്റെ പേരാണ് ഇവയ്ക്ക് നൽകിയിരിക്കുന്നത്. ഇവയുടെ മുൻ കൈകളിൽ രണ്ടു വിരലുകൾ മാത്രമാണ് ഉള്ളത്.

നേരത്തെ കണ്ടെത്തിയിട്ടുള്ള എല്ലാ ദിനോസർ വിഭാഗങ്ങൾക്കും കൈയിൽ മൂന്നു വിരലുകൾ ഉണ്ടായിരുന്നു. ഇതാദ്യമായാണ് രണ്ടുവിരലുള്ള ദിനോസറുകളെ കണ്ടെത്തിയത്. ദിനോസറുകളുടെ പരിണാമത്തിന്റെ തെളിവാണിതു നൽകുന്നതെന്നു ശാസ്ത്രജ്ഞർ പറഞ്ഞു. ആദ്യകാലത്ത് ഈ ദിനോസറുകൾക്ക് കൈയിൽ മൂന്നു വിരലുകൾ തന്നെയാണ് ഉണ്ടായിരുന്നത്.എന്നാൽ പിന്നീടിവ കൂട്ടമായി പല മേഖലകളിലേക്കും കുടിയേറി താമസിക്കാൻ തുടങ്ങി.

ഗോബി പോലെയുള്ള മരുഭൂമി മേഖലകളിലേക്കു മാറി താമസിച്ചതോടെ ഇവയ് അധികം വിരലുകളുടെ ആവശ്യമില്ലാതെയായി. തുടർന്നാണ് ഒരു വിരൽ നഷ്ടപ്പെട്ടത്. പത്തു ലക്ഷത്തോളം വർഷങ്ങൾ സമയമെടുത്താണത്രേ ഈ പരിണാമം സംഭവിച്ചത്. ഏഴുകോടി വർഷങ്ങൾക്ക് മുൻപാണ് ഓക്സോകോ അവർസൻ ഭൂമുഖത്തു ജീവിച്ചിരുന്നെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.തത്തമ്മയുടെ ചെറിയ ലക്ഷണമൊക്കെയുണ്ടെങ്കിലും ആറരയടി വരെ നീളമുണ്ടായിരുന്നത്രേ ഈ സുന്ദരൻ ദിനോസറുകൾക്ക്. സംഘമായാണിവ കറങ്ങി നടന്നിരുന്നതെന്ന് യുകെയിലെ എ‍‍ഡിൻബർഗ് സർവകലാ ഗവേഷകൻ ഗ്രിഗറി ഫൺസ്റ്റൺ പറയുന്നു.ഇവർ അക്കാലത്തു ഭൂമിയിൽ ധാരാളമായി ഉണ്ടായിരുന്നു

പക്ഷികളുമായി അടുത്ത സാമ്യമുള്ള ദിനോസറുകളെ ഇതാദ്യമായല്ല കണ്ടെത്തുന്നത്. 2014ൽ കോഴിയോടു സാമ്യമുള്ള ഒരു ദിനോസറിനെ യുഎസിൽ നിന്നു കണ്ടെത്തിയിരുനു.അൻസു വൈലേയ് എന്നാണ് ശാസ്ത്രജ്ഞര്‍ ഇതിനു പേരു നൽകിയത്. മറ്റുള്ള ദിനോസറുകളുടെ മുട്ട കട്ടുകൊണ്ട് ഓടുന്നതിൽ വിരുതൻമാരായിരുന്നു ഇവർ.

കോടിക്കണക്കിനു വർഷങ്ങൾക്കു മുന്‍പ് ജുറാസിക് യുഗത്തിലാണു ദിനോസറുകൾ വിഹരിച്ചിരുന്നത്.ഉരഗജീവികൾ എന്ന വർഗത്തിൽ പെടുന്നവരായിരുന്നു ഇവർ.ജുറാസിക് യുഗം പൊതുവേ ഉരഗവർഗങ്ങൾ മേധാവിത്വം പുലർത്തിയിരുന്ന കാലമാണ്. എന്നാൽ ആറരക്കോടി വർഷങ്ങൾക്കു മുൻപുണ്ടായ ഏതോ ഒരു വലിയ ദുരന്തത്തിൽ ദിനോസറുകള്‍ പൂർണമായും ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായി. ഒരു വമ്പൻ ഛിന്നഗ്രഹം ഭൂമിയിൽ വന്നിടിച്ചതാണ് ഇതിനു വഴിവച്ചതെന്ന് ശക്തമായ വാദമുണ്ട്. 

ഒരു വലിയ മലയുടെ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയിൽ ഇടിച്ചിറങ്ങിയതോടെ അന്തരീക്ഷം മുഴുവൻ മലിനമായത്രേ.അതോടെ ദിനോസറുകൾക്കും അവസാനമായി. ദിനോസറുകൾ നശിച്ചതിനെക്കുറിച്ച് മറ്റൊരു സിദ്ധാന്തവും ചർച്ച ചെയ്യപ്പെടാറുണ്ട്.ഇത് നമ്മുടെ രാജ്യവുമായി ബന്ധപ്പെട്ടാണ്.‌ഇന്ത്യയിലെ ഡെക്കാൻ മേഖലയിൽ പണ്ട് വളരെ സജീവമായ അഗ്നിപർവതങ്ങൾ ഉണ്ടായിരുന്നത്രേ. ഇതിൽ നിന്നുള്ള വലിയ തോതിലുള്ള ലാവാ വിസ്ഫോടനവും അതുമൂലം സംഭവിച്ച കാലാവസ്ഥാ വ്യതിയാനവും ആകാം ദിനോസറുകളുടെ നാശത്തിന് ഇടയാക്കിയത്.

English Summary: Researchers Discover New, Unique Species of Dinosaurs with Parrot-Like Beak and Just Two Fingers

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA