ADVERTISEMENT

തെക്കന്‍ യുഎസിലെ വനങ്ങളില്‍ ‘സഞ്ചരിക്കുന്ന വിഗ്’ എന്നറിയപ്പെടുന്ന ഒരു തരം പുഴുക്കളുണ്ട്. പ്യൂപ്പയായും, പിന്നീട് ശലഭമായും മാറുന്നതിനു മുന്‍പുള്ള ഒരു ജീവിതാവസ്ഥയിലാണ് ശരീരം മുഴുവന്‍ രോമങ്ങളുള്ള ഈ പുഴുക്കള്‍. തലമുടി പോലെ നീണ്ടു കിടക്കുന്ന രോമങ്ങളുള്ള ഇവയ്ക്ക് അതുകൊണ്ട് തന്നെ മറ്റൊരു വിളിപ്പേരു കൂടിയുണ്ട്. പസ്സ് കാറ്റര്‍പില്ലര്‍ അഥവാ പൂച്ചപ്പുഴുക്കള്‍. ശരീരം മുഴുവന്‍ നീണ്ട രോമങ്ങളുള്ള പൂച്ചയെ ആണ് ഈ പുഴുവിനെ കണ്ടാല്‍ ഓര്‍മ വരിക. ഷട്പദമായി രൂപം മാറിയാലും ഇവയുടെ ശരീരത്തിലെ ഈ രോമങ്ങളുടെ ധാരാളിത്തത്തില്‍ കുറവൊന്നും ഉണ്ടാകാറില്ല.

ഏതായാലും അനുകൂല കാലാവസ്ഥയാകണം ഇപ്പോള്‍ വെര്‍ജീനിയ മേഖലയാകെ ഈ പുഴുക്കളുടെ അതിപ്രസരമാണ്. വെറുതെ പുഴുക്കളാണെങ്കില്‍ ഇവയെ കാര്യമായി ഭയപ്പെടേണ്ടതില്ല. പക്ഷേ ശരീരം മുഴുവന്‍ രോമവുമായി നടക്കുന്ന ഈ പുഴുക്കളെ യഥാര്‍ത്ഥത്തില്‍ ഭയപ്പെടണം. കാരണം ഈ രോമങ്ങള്‍ക്കിടയിലായി വിഷം ഒളിപ്പിച്ചു വച്ചിരിക്കുന്ന നേര്‍ത്ത കൊമ്പുകള്‍ കൂടിയുണ്ട്. അതുകൊണ്ട് തന്നെ അമേരിക്കന്‍ മേഖലയിലെ ഏറ്റവും കുപ്രസിദ്ധിയാര്‍ജച്ച പുഴുക്കള്‍ കൂടിയാണ് പസ്സ് കാറ്റര്‍ പില്ലറുകള്‍.

Attack Of The

മുന്‍പില്ലാത്ത വിധമാണ് വെര്‍ജീനിയ മേഖലയില്‍ ഈ പുഴുക്കള്‍ കാണപ്പെടുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഈ പുഴുക്കളുടെ അധിനിവേശം തന്നെയാണ് മേഖലയില്‍ ഉണ്ടായിരിക്കുന്നത്. ഏതാണ്ട് ഒരിഞ്ച് വരെ വലുപ്പം വരുന്ന ഈ പുഴുക്കളുടെ ശരീരത്തിലെ രോമങ്ങള്‍ പല നിറങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്. വെള്ള, തവിട്ട്, കറുപ്പ്, ചാരം എന്നീ നിറങ്ങളിലാണ് ഇവയുടെ ശരീരത്തില്‍ രോമങ്ങള്‍ ഉള്ളത്. ലാര്‍വയില്‍ നിന്ന് പ്യൂപ്പയിലേക്കുള്ള മാറ്റത്തിനിടയിലാണ് ഈ ജീവികള്‍ രോമങ്ങളുള്ള ചൊറിയന്‍ പുഴുക്കളായി രൂപം മാറിയിരിക്കുന്നത്. മനുഷ്യര്‍ ഇവയെ സ്പര്‍ശിച്ചാല്‍ അത് തൊലിപ്പുറത്തെ ശക്തമായ ചൊറിച്ചിലിനും, മറ്റ് പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇവയുടെ രോമത്തിനിടയിലുള്ള കൊമ്പുകളിലെ വിഷാംശമാണ് ഇതിനു കാരണം.

മുകളില്‍ സൂചിപ്പിച്ചത് പോലെ വെര്‍ജീനിയയില്‍ പൊതുവെ കാണപ്പെടുന്ന ജീവികളല്ല ഈ പുഴുക്കള്‍. യുഎസിലെ തന്നെ തെക്കന്‍ സംസ്ഥാനങ്ങളായ ഫ്ലോറിഡ, മിസൂറി. ടെക്സാസ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവ സാധാരണയായി കണ്ടുവരുന്നത്. പക്ഷേ ഇക്കുറി കാലാവസ്ഥാ മാറ്റമാണോ, മറ്റെന്തെങ്കിലും കാരണമാണോ ഈ പുഴുക്കളെ വെര്‍ജീനിയയിലേക്കെത്തിച്ചതെന്ന് വ്യക്തമല്ലെന്ന് വെര്‍ജീനിയ വന്യജീവി വകുപ്പ് പറയുന്നു. കൊറോണ വൈറസിനെയെന്ന പോലെ ഈ പുഴുക്കളെയും സാമൂഹിക അകലം കൊണ്ട് നേരിടാനും വന്യജീവി വകുപ്പ് ആഹ്വാനം ചെയ്തിട്ടുണ്ട്. 

പൂച്ചപ്പുഴുക്കളെ കണ്ടാല്‍ അവയെ ഒരു തരത്തിലും തൊടാനോ, മറ്റെന്തെങ്കിലും ചെയ്യാനോ ശ്രമിക്കരുതെന്നാണ് വെർജീനിയ വന്യജീവി വകുപ്പ് അഭ്യര്‍ത്ഥിക്കുന്നത്. പുഴുക്കളെ തിന്നുന്ന പക്ഷികള്‍ ഉള്‍പ്പടെയുള്ള പ്രകൃതിയിലെ തന്നെ സ്വാഭാവിക ശത്രുക്കൾ ഇവയ്ക്കുണ്ട്. അത്തരം വേട്ടക്കാര്‍ വൈകാതെ പുഴുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് എത്തിക്കോളുമെന്നും, അവയുടെ എണ്ണം നിയന്ത്രിക്കപ്പെടുമെന്നും വന്യജീവി വകുപ്പ് വിശദീകരക്കുന്നു. കൂടാതെ ഒട്ടനേകം ചെറു കീടങ്ങളും ഇവയെ ഭക്ഷണമാക്കുന്നുണ്ടെന്നും ഇവര്‍ വിശദീകരിക്കുന്നു. വെര്‍ജീനിയയിലെ എട്ടോളം ജില്ലകളിലാണ് പുഴുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

വിഷത്തിന്‍റെ വീര്യം

സാധാരണ ചൊറിയന്‍ പുഴുക്കളുടെ വിഷത്തിന്‍റെ വീര്യവുമായി ഈ പൂച്ചപ്പുഴുക്കളുടെ വിഷത്തെ താരതമ്യപ്പെടുത്താന്‍ കഴിയില്ല. ആരോഗ്യപ്രശ്നങ്ങള്‍  ഉള്ളവരാണെങ്കില്‍ ഈ പൂച്ചപ്പുഴുവിന്‍റെ വിഷമേറ്റ ശേഷം ചികിത്സിക്കാതിരുന്നാല്‍ മരണം വരെ സംഭവിച്ചേക്കാം. എത്രത്തോളം അളവില്‍ ഇവയുടെ വിഷം ശരീരത്തിലേറ്റു എന്നതിന് അനുസരിച്ചായിരിക്കും ലക്ഷണങ്ങള്‍ പ്രകടമാകുക. നേരിയ വിഷമാണെങ്കില്‍ ഇവയുടെ വിഷമേറ്റ ഭാഗത്ത് ശക്തിയായ ചൊറിച്ചില്‍ അനുഭവപ്പെടും. അതേസമയം വലിയ തോതില്‍ വിഷം ശരീരത്തിലേക്കെത്തിയാല്‍ പനിയും, ഛര്‍ദ്ദിയും, ശരീരം മുഴുവന്‍ നീരു വയ്ക്കുന്നത് പോലെയുള്ള അവസ്ഥയുമുണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളിലും കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ വിഷമേറ്റ വ്യക്തിക്ക് മരണം വരെ സംഭവിക്കാം. 

English Summary: Attack Of The "Walking Toupees" As Venomous Puss Caterpillars Invade Virginia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com