ADVERTISEMENT

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഡെൻമാര്‍ക്കിൽ 10 ലക്ഷത്തോളം മിങ്കുകളെ കൊന്നൊടുക്കാൻ സർക്കാർ തീരുമാനം. കോവിഡ് ഇവയിലേക്കു പകരുന്നുണ്ടെന്ന പഠനഫലത്തെ തുടർന്നാണ് ഈ നീക്കം. മറ്റുള്ള മൃഗങ്ങളിലേക്കു പടരുന്നതിനേക്കാൾ വേഗത്തിൽ മിങ്കുകളിലേക്ക് വൈറസ് പകരുമെന്നു നേരത്തെ തന്നെ വെളിവാക്കപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ കാരണം കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

അമേരിക്കയിലും യൂറോപ്പിലും കാണപ്പെടുന്ന നീർനായ കുടുംബത്തിൽപെട്ട പ്രത്യേക തരം ജീവികളാണു മിങ്കുകൾ. നീണ്ടു മെലിഞ്ഞ, ചെറിയ കാലുകളുള്ള സുന്ദരൻമാരായ ജീവികൾ. 600 ഗ്രാം വരെയൊക്കെയാകും ഇവയുടെ പരമാവധി ഭാരം. നദീതിരങ്ങൾ, തടാകക്കരകൾ, ഈർപ്പമുള്ള പ്രദേശങ്ങൾ എന്നിവയാണ് ഇവയുടെ ആവാസ കേന്ദ്രങ്ങൾ.യൂറോപ്യൻ മിങ്ക്, അമേരിക്കൻ മിങ്ക് എന്നിങ്ങനെ രണ്ടു തരം മിങ്കുകളുണ്ട്.സീ മിങ്ക് എന്നു മൂന്നാമതൊരു വിഭാഗവും ഉണ്ടായിരുന്നു. വടക്കേ അമേരിക്കയിലെ അനധിക‍ൃത വ്യവസായികളുടെ തീവ്രമായ വേട്ടയാടലിൽ ഇവ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വംശനാശത്തിനിരയായി.

∙നിർഭാഗ്യവാൻമാർ

മിങ്കുകളുടെ രോമാവൃതമായ തുകലിനു വൻ ഡിമാൻഡാണ്. ഇതുവച്ചുള്ള ഷാളുകൾ, സ്യൂട്ടുകൾ തുടങ്ങിയവ വലിയ ആഢംബര ചിഹ്നമായാണു കണക്കാക്കുന്നത്.ഇതു കൂടാതെ വിവിധ സൗന്ദര്യവർധക വസ്തുക്കളിൽ ഉപയോഗിക്കുന്ന പ്രത്യേക തരം എണ്ണയും മിങ്കുകളുടെ ശരീരത്തു നിന്നു വേർതിരിച്ചെടുക്കാറുണ്ട്. ഇത്തരം ഉപയോഗങ്ങളുള്ളതിനാൽ വ്യാപകമായ തോതിൽ മിങ്കുകളെ ഫാമിൽ വളർത്തുന്നുണ്ട്.

 COVID-19 Has Caused Over 1 Million Mink to Be Killed Due to Culling at Fur Farms
ഡെൻമാർക്കിലെ ഒരു ഫാമിൽ വളർത്തുന്ന മിങ്ക്

ലോകത്തെ ജീവികളിൽ തന്നെ ഏറ്റവും നിർഭാഗ്യവാൻമാരായ കൂട്ടമാണ് മിങ്കുകൾ. ഫാമുകളിൽ ഇവ ജനിച്ചു കുറച്ചു കഴിഞ്ഞാൽ പ്രത്യേകതരം കമ്പിക്കൂടുകളിലേക്ക് ഇവയെ മാറ്റും. ബാറ്ററി കേജുകൾ എന്നറിയപ്പെടുന്ന ഈ കൂടുകളിൽ സഞ്ചാരസ്വാതന്ത്ര്യം വളരെ കുറവാണ്. പിന്നീട് തുകലിനായി കൊല്ലപ്പെടുന്നതു വരെ ഈ കൂടുകളിലാണ് ഇവ കഴിയുന്നത്. നേരാംവണ്ണം ഒന്നോടി നടക്കാൻ പോലും സാധിക്കാത്തതിനാൽ കടുത്ത മാനസിക പീഡനമാണ് ഇവ അനുഭവിക്കുന്നതെന്നു വിദഗ്ധർ പറയുന്നു.

മിങ്കുകളെ തുകലിനായി കൊല്ലുന്ന രീതിയും പരിസ്ഥിതി വാദികളുടെ കടുത്ത എതിർപ്പ് നേരിടുന്നതാണ്. ജീവനോടെ തന്നെ തൊലിയുരിച്ചെടുക്കുന്ന കാടൻ രീതി. തുകൽ പെട്ടെന്ന് ഊരിവരാനും പൊട്ടലുകളില്ലാതെയിരിക്കാനുമാണ് ഈ രീതി തുകൽ വ്യവസായികൾ പിന്തുടരുന്നത്. ഡെൻമാർക്കാണു ലോകത്ത് ഏറ്റവും കൂടുതൽ മിങ്ക് തുകൽ ഉത്പാദിപ്പിക്കുന്നത്. രണ്ടു കോടിക്കടുത്ത് മിങ്ക് തുകലുകളാണ് ഇവിടെ വർഷം തോറും നിർമിക്കുന്നതെന്നാണു കണക്ക്.

∙കുറയുന്ന എണ്ണം

സ്വന്തം ആവാസസ്ഥലം മറ്റാർക്കും വിട്ടുകൊടുക്കാത്ത ടെറിട്ടോറിയൽ ചിന്തയുള്ള ജീവികളാണു മിങ്കുകൾ. ആൺജീവികൾക്കും പെൺജീവികൾക്കും പ്രത്യേക ആവാസസ്ഥലമുണ്ട്. മറ്റൊരു ജീവി അങ്ങോട്ടേക്കു കടന്നാൽ ഇവ ആക്രമിക്കാൻ മടിക്കില്ല. അമേരിക്കൻ മിങ്കുകൾ ഇന്ന് യൂറോപ്പിൽ ധാരാളമായുണ്ട്. 1929ലാണ് ഇവ ഇവിടെയെത്തിയത്.തുടർന്ന് ഇവ വ്യാപിക്കാൻ തുടങ്ങി. ഇതോടെ യൂറോപ്പിലെ മിങ്കുകളുടെ എണ്ണം കുറഞ്ഞു.

പ്രത്യക്ഷത്തിൽ ഇരുവിഭാഗങ്ങളും തമ്മിൽ വ്യത്യാസമൊന്നുമില്ല. എന്നാൽ സൂക്ഷിച്ചു നോക്കിയിൽ യൂറോപ്യൻ മിങ്കുകളുടെ മൂക്കിൽ വെളുത്ത ഒരു പാടു കാണാം. മീനുകൾ, തവളകൾ, താറാവ്, മുയലുകൾ  തുടങ്ങിയ ഭക്ഷണമാണു മിങ്കുകൾ കഴിക്കുന്നത്. ജന്തുലോകത്ത് ഇവയെ വേട്ടയാടുന്ന ജീവികൾ കുറവാണ്. ഇവയുടെ പ്രധാനവേട്ടക്കാർ മനുഷ്യൻ തന്നെ.

English Summary: COVID-19 Has Caused Over 1 Million Mink to Be Killed Due to Culling at Fur Farms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com